പോലീസിന്റെ 'ഐറ്റങ്ങള്‍' നാല് ദിവസം ജയിലില്‍... കസ്റ്റഡിയില്‍ നേരിട്ട ക്രൂരത പറഞ്ഞ് വീണ നായര്‍
തിരുവനന്തപുരം: ദത്തെടുക്കല്‍ വിവാദത്തില്‍ മന്ത്രി വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് വളപ്പില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍ നേരിട്ടത് മോശം പെരുമാറ്റം. മുറിവ് പറ്റിയ പ്രവര്‍ത്തകയെ ആശുപത്രിയിലെത്തിക്കാന്‍ പോലീസിനോട് പലതവണ ആവശ്യപ്പെട്ടിട്ടും കേട്ട ഭാവം നടിച്ചില്ല. ടി സിദ്ദിഖ് എംഎല്‍എയും കെഎസ്‌യു നേതാക്കളുമെത്തി പ്രതിഷേധിച്ച ശേഷമാണ് പോലീസ് അല്‍പ്പമെങ്കിലും ഗൗരവത്തിലെടുത്തതെന്ന് അഡ്വ. വീണ നായര്‍ പറയുന്നു.
പഠിച്ച നിയമങ്ങള്‍ പുസ്തകത്താളുകളില്‍ ഒതുങ്ങും എന്ന തിരിച്ചറിവാണ് ഈ ദിവസങ്ങളിലുണ്ടായതെന്നും വീണ പറയുന്നു. തന്നെ കാണാന്‍ വന്ന ഭര്‍ത്താവിനോട് പോലീസ് മോശമായി പെരുമാറി. കന്റോണ്‍മെന്റ് സിഐ ഐറ്റങ്ങള്‍ എന്നാണ് കസ്റ്റഡിയിലുള്ള വനിതാ പ്രവര്‍ത്തകരെ വിശേഷിപ്പിച്ചത്. നാല് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ ദിവസം ഇവര്‍ പുറത്തിറങ്ങി. സ്ത്രീ സുരക്ഷയും മറ്റും പറയുന്ന സര്‍ക്കാരിന് കീഴിലാണിതെല്ലാം നടന്നതെന്നും വീണ നായര്‍ ചൂണ്ടിക്കാട്ടുന്നു. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

ഈ മുറിവുകള്‍ക്ക് നാല് ദിവസം പഴക്കമുണ്ട്. അങ്ങിനെയെങ്കില്‍ നാല് ദിവസം മുന്‍പ് ഇതിലും രൂക്ഷമായിരിക്കുമല്ലോ?
ഒരു പെണ്‍കുട്ടിക്ക് ഈ മുറിവുകളുമായി നിങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും.
അപ്പോള്‍ തന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുമല്ലേ.
എന്നാല്‍ ഇത്ര പോലും മനുഷത്വം ഇല്ലാത്തവരുണ്ട്. രാഷ്ട്രീയ തിമിരം ബാധിച്ച ചില പോലീസുകാര്‍.
ഒക്ടോബര്‍ 26 നു നിയമസഭ മാര്‍ച്ചിനെ തുടര്‍ന്ന് ഏകദേശം 1.30 മണിയായപ്പോള്‍ ഞങ്ങള്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. പരിപാടിക്കിടെ വീണതിനെ തുടര്‍ന്നാണ് എനിക്കു ഈ മുറിവുകള്‍ ഉണ്ടായത്. തുടര്‍ന്ന് ഈ മുറിഞ്ഞ കയ്യോടെ എന്നെ പോലീസ് തൂക്കിയെടുക്കുകയും
ഒരു പോലീസുകാരി ചേച്ചി എന്റെ ശരീരത്തില്‍ വീഴുകയും ചെയ്തതിനെ തുടര്‍ന്ന് കടുത്ത ശരീര വേദനയും ഉണ്ടായി.

പോലീസ് സ്റ്റേഷനില്‍ എത്തിയ ഉടനെ ഞങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകണം എന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ചു. മുറിവ് സെപ്റ്റിക്ക് ആകാന്‍ സാധ്യതയുണ്ട് എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം എന്ന് കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ വീണ്ടും വീണ്ടും അഭ്യര്‍ത്ഥിച്ചു കൊണ്ടിരിന്നു. എന്നാല്‍ രാഷ്ട്രീയ തിമിരം ബാധിച്ച ഇവര്‍ക്ക് എന്ത് മുനുഷ്യത്വം.അതിനിടെ അഖിലയ്ക്കും എനിക്കും തലകറക്കം ഉണ്ടായി. ഒരു ഗ്ലാസ് വെള്ളം പോലും തരാന്‍ അവര്‍ കൂട്ടാക്കിയില്ല. നിയമ പഠനത്തിന്റെ ഭാഗമായി പഠിച്ച മനുഷ്യാവകാശ നിയമങ്ങളും,ഭരണഘടനാ വ്യവസ്ഥകളും, സി ആര്‍ പി സി, ഡി കെ ബസു കേസുമെല്ലാം വെറും പുസ്തക താളുകളില്‍ ഒതുങ്ങുന്നതാണ് എന്ന തിരിച്ചറിവാണ് ഈ ദിവസങ്ങളില്‍ ഉണ്ടായത്.

ഞങ്ങളെ കാണാന്‍ വന്ന ടി സിദ്ദിഖ് എം എല്‍ എ പോലീസുകാരോട് എത്രയും പെട്ടന്ന് ഞങ്ങളെ ആശുപത്രിയില്‍ എത്തിക്കണം എന്ന് പറഞ്ഞ് പ്രതിഷേധിച്ചു. തുടര്‍ന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉള്‍പ്പെടെയുള്ള അനുജന്മാര്‍ ഞങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു.
തുടര്‍ന്ന് ഞങ്ങളെ രണ്ട് പേരെയും ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ സുസ്രൂക്ഷ നല്‍കി. മുറിവ് സെപ്റ്റിക്ക് ആകാന്‍ സാധ്യതയുള്ളതിനാല്‍ ടി ടി ഇന്‍ജെക്ഷന്‍ നല്‍കി. ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞു എന്നെ കാണാന്‍ വന്ന ഭര്‍ത്താവിനോട് പോലീസ് അപമാര്യദയായി പെരുമാറി. മുറിവേറ്റ എന്നോട് സംസാരിച്ച ഭര്‍ത്താവിനോട് പുറത്തു തട്ടി മാറി നില്‍ക്കാന്‍ പറഞ്ഞു. എന്റെ ഭാര്യയാണ് എനിക്കൊന്നു സംസാരിക്കണം എന്ന് പറഞ്ഞപ്പോള്‍ 'പോലീസ് കസ്റ്റടിയിലുള്ള പ്രതിയാണ് അങ്ങിനെ സംസാരിക്കാനൊന്നും സാധിക്കില്ല എന്ന് പോലീസുകാരന്‍ ഗൗരവ സ്വരത്തില്‍ പറഞ്ഞു'. അതുക്കൊണ്ട് ആരായാലും മാറി നില്‍ക്കണം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം മാറി നിന്നു. തുടര്‍ന്ന് എന്നെ ഡ്രസ്സ് ചെയ്യാന്‍ കൊണ്ടുപോയി.

അപ്പോള്‍ കയറിവന്ന കാന്റോന്‍മെന്റ് സി. ഐ ഉറച്ച സ്വരത്തില്‍ അതിലധികം പുച്ഛത്തോടെ എന്റെ ഭര്‍ത്താവിന്റെ മുന്‍പില്‍ വച്ച് അടുത്ത് നിന്ന കീഴുദ്യോഗസ്ഥനോട് ചോദിച്ചു ' ഇപ്പോള്‍ കൊണ്ടുവന്ന 'ഐറ്റങ്ങള്‍' എവിടെപ്പോയി?'. അപ്പോള്‍ ആ പോലീസുകാരന്‍ പറഞ്ഞു ' ഒരാളെ ഡ്രസ്സ് ചെയ്യാന്‍ കൊണ്ടുപോയി, മറ്റയാള്‍ അവിടെ ഡ്രിപ് ഇട്ടു കിടപ്പുണ്ട് '. ഇത് എന്നോട് ഭര്‍ത്താവ് പറയുന്നതിനിടക്ക് എന്നെ വനിതാ പോലീസുകാര്‍ പിടിച്ചു കൊണ്ടുപോയി.
സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്‍-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

അങ്ങിനെ പോലീസിന്റെ ' ഐറ്റങ്ങള്‍' നാല് ദിവസം ജയിലില്‍ കിടന്നു.. ഇന്ന് പുറത്തു വന്നു..
വനിതാ മുന്നേറ്റവും സ്ത്രീ ശാക്തീകരണവും നാഴികക്ക് നാല്പതു വട്ടം പറയുന്ന ഈ സര്‍ക്കാരിന്റെ കീഴിലുള്ള അഭ്യന്തര വകുപ്പ് എന്ത് സ്ത്രീ സുരക്ഷാ സന്ദേശമാണ് നല്‍കുന്നത് .
ഐറ്റം വിളി നടത്തിയ പോലീസുകാരന്റെ മകളും അമ്മയും ഭാര്യയും അയാളെ തിരുത്തട്ടെ ....
എനിക്ക് ഏറ്റവും രസമായി തോന്നിയ കാര്യം 'നിയമസഭയ്ക്ക് അകത്ത് എല്ലാം തല്ലിപൊളിച്ചവര്‍ ഒരു ദിവസം പോലും അഴിക്കുള്ളില്‍ കിടന്നില്ല.. എന്നാല്‍ പുറത്ത് പ്രകടനം നടത്തിയ ഏഴ് വനിതകള്‍(രണ്ട് മുലയൂട്ടൂന്ന അമ്മമാര്‍ )നാല് ദിവസം അഴിക്കുള്ളില്‍ '
സ്ത്രി സുരക്ഷയും സ്ത്രീ ശാക്തീകരണവും നീണാള്‍ വാഴട്ടെ..












Click it and Unblock the Notifications