പിവി അന്‍വറിന് പിന്നാലെ സികെ ജാനുവും; മന്ത്രിമാരുടെ പ്രതികരണത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി
പിവി അന്‍വറിന് പിന്നാലെ സികെ ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ (ജെആര്‍എസ്) ബോര്‍ഡ്-കോര്‍പറേഷന്‍ പദവികള്‍ ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തെ സമീപിച്ചു. ഒരു അധ്യക്ഷ സ്ഥാനവും അഞ്ച് മെംബര്‍ പദവിയുമാണ് ജാനു ആവശ്യപ്പെട്ടിരിക്കുന്നത്. ജാനുവിന്റെ പാര്‍ട്ടിയും പിവി അന്‍വറും ഒരുമിച്ചാണ് യുഡിഎഫില്‍ അസോസിയേറ്റഡ് മെംബര്‍ ആയത്.
അന്‍വര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും ജാനു വിട്ടുനിന്നു. അധികാരത്തിലെത്തിയാല്‍ അര്‍ഹമായ പരിഗണന യുഡിഎഫ് നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. രണ്ടു തവണ ജാനു മുഖ്യമന്ത്രി വിഡി സതീശനെ കണ്ട് ഇക്കാര്യം ഓര്‍മിപ്പിച്ചു. ആദിവാസി മേഖലയുമായി ബന്ധപ്പെട്ട ബോര്‍ഡിന്റെ പ്രധാന പദവിയാണ് അവര്‍ താല്‍പ്പര്യപ്പെടുന്നത്. എംഎല്‍എമാരുള്ള പാര്‍ട്ടികള്‍ക്ക് പദവി നല്‍കിയ ശേഷമേ അസോസിയേറ്റഡ് അംഗങ്ങളുടെ ചര്‍ച്ച നടക്കൂ എന്നാണ് വിവരം.

അതേസമയം, ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ ഘടകകക്ഷി മന്ത്രിമാര്‍ പരസ്യമായി പ്രതികരിച്ചതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഷിബു ബേബിജോണും മോന്‍സ് ജോസഫുമാണ് അതൃപ്തി പരസ്യമാക്കിയത്. ഇരുവരെയും മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ചുവത്രെ. പാര്‍ട്ടി സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എന്ന നിലയിലാണ് സംസാരിച്ചത് എന്നാണ് ഷിബു ബേബി ജോണിന്റെ മറുപടി.
ഈ സാഹചര്യത്തില്‍ ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജനം വൈകില്ല. അതിവേഗം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അന്തിമ തീരുമാനം എടുക്കാനാണ് മുഖ്യമന്ത്രിയും ആലോചിക്കുന്നത്. സ്ഥാനമോഹികള്‍ കോണ്‍ഗ്രസിലും ഘടകകക്ഷികളിലും ഒരുപോലെ അതൃപ്തരാണ്. ചര്‍ച്ചകളില്‍ തങ്ങളെ അവഗണിക്കുന്നു എന്ന തോന്നല്‍ എ ഗ്രൂപ്പിനുണ്ട്. അവരെല്ലാം ലക്ഷ്യമിടുന്നതാകട്ടെ മുഖ്യമന്ത്രി വിഡി സതീശനെയുമാണ്.
കെടിഡിസി ചെയര്‍മാന്‍ പദവി വേണമെന്നാണ് പിവി അന്‍വര്‍ ആവശ്യപ്പെട്ടത്. സജി മഞ്ഞക്കടമ്പില്‍ ഉള്‍പ്പെടെ തനിക്കൊപ്പമുള്ള മൂന്നുപേര്‍ക്ക് പദവികള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ എന്നിവര്‍ക്ക് പിവി അന്‍വര്‍ കത്തുനല്‍കി. നോര്‍ക്ക ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ട് പാലാ എംഎല്‍എ മാണി സി കാപ്പന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. 15 പദവിയാണ് ആര്‍എസ്പി ആവശ്യപ്പെട്ടിരിക്കുന്നത്.
മുസ്‌ലിം ലീഗിനും ഫോര്‍വേഡ് ബ്ലോക്കിനും നേരത്തെ സ്ഥാനങ്ങള്‍ നല്‍കിയതില്‍ യുഡിഎഫില്‍ അതൃപ്തിയുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ആറുമാസം പൂര്‍ത്തിയായിട്ടും ഇടതുസര്‍ക്കാര്‍ നിയമിച്ചവര്‍ ഇപ്പോഴും ബോര്‍ഡ്, കോര്‍പറേഷന്‍ പദവികളില്‍ തുടരുകയാണ്. ഇതാണ് കോണ്‍ഗ്രസ് നേതാക്കളിലും യുഡിഎഫ് ഘടകകക്ഷികളിലും പ്രതിഷേധത്തിന് കാരണമായത്.





Click it and Unblock the Notifications
