മാത്യു കുഴൽനാടന് തിരിച്ചടി; റിസോർട്ടിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാൻ കളക്‌ടർ അനുമതി നൽകി
ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ കളക്‌ടറുടെ ഇടപെടൽ. ചിന്നക്കനാൽ സൂര്യനെല്ലിയിലെ റിസോർട്ടിനോട് ചേർന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. ഇത് സംബന്ധിച്ച നടപടികൾക്ക് കളക്‌ടർ അനുമതി നൽകി. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പൻചോല ഭൂരേഖാ തഹസിൽദാർ ഇടുക്കി കളക്‌ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിച്ചഭൂമി ഏറ്റെടുക്കാൻ കലക്‌ടർ അനുമതി നൽകിയിരിക്കുന്നത്.
ഇതിന് മുന്നോടിയായി വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് തേടും. എംഎൽഎ സർക്കാർ ഭൂമി കയ്യേറിയെന്ന വിജിലൻസ് കണ്ടെത്തൽ നേരത്തെ റവന്യൂ വകുപ്പ് ശരിവച്ചിരുന്നു. മാത്യു കുഴൽനാടന്റെ റിസോർട്ട് സര്‍ക്കാര്‍ ഭൂമി കൈയേറി എന്ന വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍ ശരിവെച്ച് റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്‌ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഭൂമിയെറ്റെടുക്കുന്നതിന്റെ പ്രാഥമിക നടപടിയായാണ് വില്ലേജ് ഓഫീസറോട് സര്‍വേ റിപ്പോര്‍ട്ട് തേടാൻ തീരുമാനിച്ചത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ റിസോര്‍ട്ട് ഉള്‍പ്പെടെ ഒരേക്കര്‍ 20 സെന്റ് ഭൂമിയാണ് ആധാരത്തിലുള്ളത്. എന്നാല്‍ ഇതോടൊപ്പം 50 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയേറിയതായി വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വില്ലേജ് അധികൃതര്‍ സ്ഥലം അളന്നപ്പോൾ സര്‍ക്കാര്‍ ഭൂമി കണ്ടെത്തുകയായിരുന്നു.
50 സെന്റ് പുറമ്പോക്ക് കയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്നും ഭൂമി റജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമായിരുന്നു വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കെട്ടിടത്തിന് 18 ലക്ഷം രൂപ മൂല്യമുണ്ട്. സര്‍ക്കാരിന് കിട്ടേണ്ട നികുതി നഷ്‌ടമായെന്നും, 50 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയേറി സംരക്ഷണഭിത്തി നിര്‍മിച്ചുവെന്നും മാത്യു കുഴൽനാടന്റെ റിസോർട്ടിനെതിരായ റിപ്പോർട്ടിൽ പറയുന്നു.
ഭൂമി വാങ്ങിയതിൽ നികുതി വെട്ടിപ്പും, സാമ്പത്തിക ക്രമക്കേടും ആരോപിച്ച് നേരത്തെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ നൽകിയ പരാതിയെ തുടർന്നാണ് മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മിച്ച ഭൂമി കണ്ടെത്തിയത്.
ഇതിന് പിന്നാലെ സ്ഥലത്ത് റവന്യൂ വകുപ്പും പരിശോധന നടത്തുകയായിരുന്നു. ഇതിൽ വിജിലൻസിന്റെ കണ്ടെത്തലുകൾ ശരിവച്ചിരുന്നു. റിസോർട്ടിൽ അധികമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്റെ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം തഹസിൽദാർ ജില്ലാ കളക്‌ടർക്ക് റിപ്പോർട്ട് നൽകിയത്, ഇതിലാണ് ഇപ്പോൾ കളക്‌ടറുടെ നടപടി ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications