എഐ ക്യാമറ: നിയമത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇളവുണ്ടോ? ഗതാഗത കമ്മീഷണറുടെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ നാളെ മുതല്‍ ഗതാഗത ലംഘനം കണ്ടുപിടിക്കാന്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ ആശങ്കകള്‍ നിരവധി. ഇത് യാത്രക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. ഇതിനെല്ലാം ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
ക്യാമറ വരുന്നത് കൊണ്ട് ആശങ്ക വേണ്ടെന്നും, ഗതാഗത ലംഘനം നടത്താതിരുന്നാല്‍ മതിയെന്നുമായിരുന്നു കമ്മീഷണറുടെ മറുപടി. അപ്രതീക്ഷിതമായൊരു ചോദ്യവും അദ്ദേഹം നേരിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഈ നിയമത്തിലും പിഴയിലും ഇളവുണ്ടോ എന്നായിരുന്നു ചോദ്യം. അതില്‍ അദ്ദേഹം വിശദമായ മറുപടിയും നല്‍കി.

എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് പരിഗണന
വിഐപികള്‍ക്ക് പ്രത്യേക പരിഗണനയൊന്നും നല്‍കുന്നില്ല. പക്ഷേ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് ഇളവ് ഉണ്ടായിരിക്കുമെന്ന് ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി. മുകളില്‍ ബീക്കണ്‍ ലൈറ്റ് വെച്ച് പോകുന്ന വാഹനങ്ങളെയാണ് എമര്‍ജന്‍സി വാഹനങ്ങളായി കാണുന്നത്. പ്രത്യേകമായിട്ടുള്ള ആവശ്യങ്ങള്‍ ഉള്ളവരാണ് ഈ വിഭാഗം. അവര്‍ക്ക് ഈ നിയമം ബാധകമല്ല.
ആംബുലന്‍സുകള്‍, പോലീസ് വാഹനങ്ങള്‍ എന്നിവയെല്ലാം അതില്‍ വരും. വളരെ വേഗത്തില്‍, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പോകേണ്ട വാഹനങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരില്ല. മന്തിമാരും, മുഖ്യമന്ത്രിയുമെല്ലാം ഇതില്‍ വരും. എന്നാല്‍ ഇവരെല്ലാം സ്വകാര്യമായി പോകുന്ന ഒരു വാഹനത്തിന് യാതൊരു ഇളവും ഉണ്ടായിരിക്കുന്നതല്ലെന്നും ശ്രീജിത്ത് പറഞ്ഞു.
ലെയിന്‍ ട്രാഫിക്കില്‍ നിയമം ഉടനെ വരുമോ
ലെയിന്‍ ട്രാഫിക് ലംഘനങ്ങള്‍ തല്‍ക്കാലം എഐ ക്യാമറയില്‍ ഉള്‍പ്പെടുത്തുന്നില്ല. ഇത് കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. പക്ഷേ നാളെ മുതല്‍ അത് നടപ്പിലാക്കുന്നില്ല. അതിന് കുറച്ച് കൂടി അവബോധം നല്‍കിയ ശേഷമേ നടപ്പിലാക്കി തുടങ്ങൂ എന്നും ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി.
ലെയിന്‍ ട്രാഫിക് ലംഘനങ്ങള്‍ ഏത് നിമിഷവും ഇതില്‍ ഉള്‍പ്പെടുത്താം എന്ന് യാത്രക്കാര്‍ മനസ്സിലാക്കണം. അതുകൊണ്ട് കൃത്യമായി പാലിച്ച് തന്നെ വാഹമോടിക്കണമെന്നും ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത് വ്യക്തമാക്കി.
Food: പിസ്സ മുതല്‍ പാസ്ത വരെ, കഴിച്ചിട്ടുണ്ടോ ഇറ്റാലിയന്‍, ഇതാ വായില്‍ വെള്ളമൂറിക്കുന്ന ഐറ്റങ്ങള്‍
നിലവിലെ ഉള്‍പ്പെടുത്തിയത് ഇക്കാര്യങ്ങള്‍
ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നത്, ഒരു ഇരു ചക്രവാഹനത്തില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുന്നത്, ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നത്, റെഡ് ലൈറ്റ് മറികടന്ന് പോകുന്നത്, സീറ്റ് ബെല്‍റ്റിടാതെ വാഹനമോടിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്ന് ഗതാഗത കമ്മീഷണര്‍ പറയുന്നു.
വൈകാതെ ആവറേജ് സ്പീഡിംഗ് ഫൈന്‍ എന്നൊരു സോഫ്റ്റ് വെയര്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എട്ട് ക്യാമറകളാണ് നിലവില്‍ അമിത വേഗം കണ്ടെത്താനായി സജ്ജീകരിച്ചിരിക്കുന്നതെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.
ക്യാമറ അറിയാനുള്ള ആപ്പ്
ഇപ്പോള്‍ ക്യാമറകള്‍ എവിടെയൊക്കെ ഉണ്ടെന്ന് അറിയാനുള്ള ആപ്പുകള്‍ ഉണ്ട്. അതിലേക്ക് നോക്കി വണ്ടിയോടിക്കുമ്പോള്‍ അപകടം സംഭവിക്കാം. ഇവര്‍ ക്യാമറയ്ക്ക് മുന്നിലൂടെ സാധാരണ വേഗത്തില്‍ പോവുകയും, പിന്നീട് അതിവേഗത്തില്‍ പോവുകയാണ് ചെയ്യാറുള്ളത്.
ഒരു ക്യാമറയില്‍ നിന്ന് അടുത്ത ക്യാമറയില്‍ എത്തുമ്പോഴുള്ള സമയം എഐ ക്യാമറയില്‍ കണ്ടെത്താനാവും. അതിനേക്കാള്‍ വേഗത്തില്‍ എത്തിയാല്‍ പിഴ ഈടാക്കും. അത് തല്‍ക്കാലം നാളെ മുതലുണ്ടാവില്ല. വൈകാതെ വരുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.












Click it and Unblock the Notifications