കീഴാറ്റൂര്‍ സമരത്തിന് പിന്തുണയുമായി എഐവൈഎഫ്; നേതാക്കള്‍ സമരഭൂമിയിലേക്ക്, സിപിഎമ്മിന് തിരിച്ചടി
കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന വയല്‍ക്കിളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എഐവൈഎഫ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച ചെയ്ത ശേഷമാണ് പാര്‍ട്ടിയുടെ യുവജന വിഭാഗം പിന്തുണ പ്രഖ്യാപിച്ചത്. എഐവൈഎഫ് നേതാക്കള്‍ ബുധനാഴ്ച കീഴാറ്റൂര്‍ സമരഭൂമിയിലെത്തും. സമരത്തിനെതിരെ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പരസ്യമായി രംഗത്തുള്ള പശ്ചാത്തലത്തിലാണ് സിപിഐ യുവജന വിഭാഗം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
എഐവൈഎഫ് സംസ്ഥാന നേതൃയോഗത്തിലാണ് കീഴാറ്റൂര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സംഘടനാ നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. നേരത്തെ കീഴാറ്റൂര്‍ സമരത്തിന് അനുകൂല സമീപനമാണ് സിപിഐ സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ പാര്‍ട്ടിയുടെ യുവജനവിഭാഗം പ്രത്യക്ഷ പിന്തുണ നല്‍കാനും തീരുമാനിച്ചിരിക്കുന്നു.

സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് എഐവൈഎഫിന്റെ നിലപാട്. സമരക്കാര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി സുധാകരനും രംഗത്തുവന്നിരുന്നു. സഭയില്‍ ഇരവരും സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത് സമരക്കാര്‍ക്കെതിരായിട്ടാണ്. സിപിഐയുടെയും പ്രതിപക്ഷത്തിന്റെയും പിന്തുണ ഈ വേളയില്‍ മുഖ്യമന്ത്രി സഭയില്‍ തേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിരുദ്ധ നിലപാടുമായി എഐവൈഎഫ് രംഗത്തുവരുന്നത്.
എഐവൈഎഫിന്റെ നിലപാട് വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകും. കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപാസിനെതിരെയാണ് പ്രദേശവാസികള്‍ സമരം ചെയ്യുന്നത്. എന്നാല്‍ സമരക്കാര്‍ പുറത്തുനിന്ന് വന്നവരാണെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു. സമരത്തില്‍ പങ്കെടുത്ത 11 പ്രവര്‍ത്തകരെ സിപിഎം നേരത്തെ പുറത്താക്കിയത് വിവാദമായിരുന്നു. സമരം അംഗീകരിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലും നടന്ന സമരവുമായി കീഴാറ്റൂരിലെ സമരത്തെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
വയല്‍കഴുകന്‍മാരാണ് സമരം ചെയ്യുന്നതെന്നാണ് ജി സുധാകരന്‍ കുറ്റപ്പെടുത്തിയത്. സമരം ചെയ്യുന്നത് പുറത്തുനിന്ന് വന്നവരാണ്. പാടത്തിന്റെ അരികത്ത് പോലും പോകാത്തവരാണ് സമരം നടത്തുന്നത്. അലൈമെന്റ് മാറ്റില്ലെന്ന് ദേശീയ പാത അതോറിറ്റി കഴിഞ്ഞദിവസവും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications