"എന്റെ യോഗ്യത ചർച്ച ചെയ്‌തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"
തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുകയാണ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. ഏപ്രിൽ ഒൻപതിന് നടക്കുന്ന വോട്ടെടുപ്പിൽ എൻഡിഎയുടെ ഭാഗമായുള്ള ട്വന്റി-20യുടെ സ്ഥാനാർത്ഥി ആയാണ് അഖിൽ മത്സര രംഗത്ത് ഇറങ്ങുന്നത്. ഇപ്പോഴിതാ ഇത് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ് എന്നാണ് അഖിൽ മാരാർ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ടാഴ്‌ചയോളം മാത്രം ബാക്കി നിൽക്കെ അഖിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം അഖിൽ മാരാർ പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ വിമർശിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അതിന് പിന്നാലെ അഖിൽ മാരാർക്ക് പിഷാരടിയും മറുപടി നൽകി. അതിന്റെ കാരണമെന്തെന്ന് പറയുകയാണ് അഖിൽ മാരാർ ഇപ്പോൾ. തൃക്കാക്കരയിലെ എംഎൽഎ ഉമ തോമസിനെയും അഖിൽ ഏറ്റവും പുതിയ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വിമർശിച്ചു.

അഖിൽ മാരാരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്:
പ്രിയമുള്ളവരേ ഇന്ന് നോമിനേഷൻ സമർപ്പിക്കുകയാണ്.
ഒരു ഗോഡ് ഫാദർ ഇല്ലാതെ ഒറ്റയ്ക്ക് സഞ്ചരിച്ച ആരെയും ചതിക്കാത്ത ഒരഹങ്കാരി പയ്യന്റെ യാത്ര... എന്റെ ചിന്തകളും മറ്റുള്ളവരുടെ ഈഗോയും അതിനേക്കാൾ ഉപരി ചവുട്ടി താഴ്ത്താൻ ഉള്ള സമൂഹത്തിന്റെ വ്യഗ്രതയും ഒക്കെ കാരണം എതിർപ്പുകൾ മാത്രമായിരുന്നു നാളിത് വരെയുള്ള കൈമുതൽ..
ഇന്നും നിങ്ങളിൽ പലരും എതിർക്കുന്നത് നിങ്ങളുടെ രാഷ്ട്രീയത്തെ ഞാൻ എതിർക്കുന്നത് കൊണ്ടാണ്..
അഭിപ്രായം ഉള്ളവന് മാത്രമെ എതിർപ്പ് ഉണ്ടാവു.. സ്വന്തം നേട്ടത്തിന് വേണ്ടി മറ്റുള്ളവരുടെ വേദന കാണാതെ പോകുന്നവന് അഭിപ്രായം ഉണ്ടാവില്ല അത് കൊണ്ട് തന്നെ എതിർപ്പും ഉണ്ടാവില്ല..
തൃക്കാക്കരയിൽ നിലവിലെ എംഎൽഎയെ കുറിച്ച് മോശം പറയാൻ അല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.. രമേശ് പിഷാരടിയുടെ കാര്യം ഞാൻ പറഞ്ഞത് നിരവധി ഓൺലൈൻ മാധ്യമങ്ങളും, എംഎ നിഷാദിനെ പോലെ സിനിമ രംഗത്ത് ഒന്നുമാകാതെ പോയ വിവരമില്ലാത്ത സുഡാപ്പി അടിമയും ഒക്കെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത ചർച്ച ചെയ്‌തത് കൊണ്ട് മാത്രം ചില യഥാർഥ്യങ്ങൾ അവരെ ഓർമിപ്പിച്ചു എന്ന് മാത്രം..
ശാരീരിക ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ ഒരു വർഷമായി സജീവമായി നിൽക്കാനോ ജനങ്ങൾക്കിടയിൽ ഓടി എത്താനോ ഉമ ചേച്ചിക്ക് കഴിയുന്നില്ല.. പിടി തോമസ് സാറിനോടുള്ള സ്നേഹമായിരുന്നു ഉമ ചേച്ചിക്ക് ലഭിച്ച വോട്ടുകൾ എന്നാൽ ഇന്ന് തൃക്കാക്കരയിലെ ജനങ്ങൾ അവരുടെ എംഎൽഎയ്ക്ക് നൽകുന്ന മാർക്കാണ് വോട്ടുകൾ ആയി മാറേണ്ടത്...
അത്ര വലിയ പ്രാസംഗികയോ, വാഗ്മിയോ ഒന്നും അല്ലാത്തത് കൊണ്ട് ഉമ ചേച്ചിയുടെ ശക്തമായ ഇടപെടൽ നിയമ സഭയിലോ പുറത്തോ ഞാൻ കണ്ടിട്ടില്ല...കോൺഗ്രസ്സ് സത്യത്തിൽ ഉമ തോമസിന് റസ്‌റ്റ് അനുവദിക്കുക ആയിരുന്നു വേണ്ടിയിരുന്നത്.. തൃക്കാക്കരയിൽ ജനങ്ങൾക്ക് വേണ്ടത് നന്മയുള്ള ഒരു സാധു സ്ത്രീയെ ആണെങ്കിൽ എനിക്ക് വോട്ട് നൽകാൻ പോലും ഞാൻ പറയില്ല.
മറിച്ചു അവർക്ക് വേണ്ടത് അവരുടെ പ്രശ്‌നങ്ങൾ കേൾക്കാനും അതിന് പിന്നാലെ പോയി അത് നടത്തി കൊണ്ട് വരാനും ശേഷിയുള്ള ഒരാളെ ആണെങ്കിൽ മാറി ചിന്തിക്കാം.. നിങ്ങളുടെ കാതായും, കണ്ണായും, നാവായും, മനസായും തൃക്കാക്കരയിൽ ഞാൻ ഉണ്ടാവും.. പ്രാർത്ഥനകൾ ഉണ്ടാവണം.. അനുഗ്രഹിക്കണം..












Click it and Unblock the Notifications