"പേര് മാറ്റിയത് ന്യൂമറോളജി പ്രകാരം, പ്രാദേശിക തിരഞ്ഞെടുപ്പിൽ മത്സരിച്ച ആളാണ് ഞാൻ, എനിക്ക് ജാതിയില്ല മതമില്ല"
അടുത്തിടെയാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാറിന്റെ പേരും ഉയർന്നുകേട്ടത്. എന്നാൽ കോൺഗ്രസ് വൃത്തങ്ങൾ അത് തള്ളിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ മീഡിയ വൺ ചാനലിനും മാധ്യമപ്രവർത്തകൻ നിഷാദ് റാവുത്തറിനും മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ അഖിൽ മാരാർ.

അഖിൽ മാരാരുടെ വാക്കുകൾ
ഞാനിപ്പോൾ ഈ വീഡിയോ ചെയ്യുന്നത് ഈ രാജ്യത്ത് നിരോധിക്കപ്പെട്ട മാധ്യമ സ്ഥാപനം, നിരോധിക്കപ്പെട്ട ശേഷം യൂട്യൂബിൽ മാത്രം ഒതുങ്ങിപോയ സ്ഥാപനത്തിലെ അവതാരകനായ നിഷാദ് റാവുത്തറിനുള്ള മറുപടിയാണ്. എനിക്ക് ഇതിപ്പോൾ പറയേണ്ടി വരുന്നത് എന്ത് കൊണ്ടാണെന്ന് വച്ചാൽ അദ്ദേഹം അടുത്തിടെ രമേശ് ചെന്നിത്തലയോട് ഒരു ചോദ്യം ചോദിക്കുന്നത് കണ്ടിരുന്നു. അദ്ദേഹം ചോദിക്കുന്നത് കൊല്ലത്ത് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതായി കേട്ടു സർപ്രൈസ് സ്ഥാനാർത്ഥി വരുന്നതായി കേട്ടു.
അവിടെ യൂട്യൂബർ അഖിൽ മാരാർ മത്സരിക്കുന്നതായി കേട്ടു എന്നാണ് ചോദിക്കുന്നത്. സ്വാഭാവികമായും ഏതൊരു രാഷ്ട്രീയ പ്രവർത്തകനോടും, അതിപ്പോൾ രമേശ് ചെന്നിത്തലയോട് വിഡി സതീശൻ മത്സരിക്കുന്നതിനെ കുറിച്ച് ചോദിച്ചാലും അത് പാർട്ടി ആലോചിച്ച് മാത്രമേ ചെയ്യൂ എന്നായിരുന്നു മറുപടി പറയുക. അത് പോലും മനസിലാക്കാൻ ബോധമില്ലാത്ത ഒരാളെ മാധ്യമ പ്രവർത്തകൻ എന്ന് വിളിക്കുന്നതിൽ അർത്ഥമുണ്ടോ?
ഒരു പാർട്ടി എങ്ങനെയാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതെന്നും എന്തൊക്കെ ചർച്ചകൾ നടത്തണമെന്നും ഘടകക്ഷികളുമായി കൂടിക്കാഴ്‌ച നടത്തണമെന്നും ശേഷം അതിൽ പാർട്ടിക്ക് വേണ്ടി അഹോരാത്രം കഷ്ട്ടപ്പെടുന്ന ആളുകൾക്ക് വിജയ സാധ്യത ഉണ്ടോയെന്ന് നോക്കുകയും ചെയ്യും. അല്ലെങ്കിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ ആളുകളെ പരിഗണിക്കുന്നത് തന്നെ ഏറ്റവും അവസാനമാണ്.
ഇതൊന്നും അറിയാത്തവരല്ല മാധ്യമ പ്രവർത്തകർ. പക്ഷേ, വ്യക്തി വിരോധവും മറ്റ് കാര്യങ്ങളും മനസിൽ സൂക്ഷിച്ചു കൊണ്ട് നടക്കുന്ന ശ്രീ നിഷാദ് റാവുത്തർ അങ്ങനെയല്ല. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് പദ്‌മ മേനോൻ എന്നാണ്. ഈ പദ്‌മ മേനോനുമായി നടക്കുന്ന നിഷാദ് റാവുത്തറിന്റെ മറ്റൊരു പ്രശ്‌നം എന്താണെന്ന് വച്ചാൽ ഞാൻ പറയാം.
മുൻപ് ഇതേ ആൾ അഖിൽ മാരാർ എന്ന് പറയുന്ന ചലച്ചിത്ര സംവിധായകൻ എന്ന് പറയുന്നുണ്ട്. ബിഗ് ബോസിനെ കുറിച്ചും പറയുന്നുണ്ട്. നിഷാദ് മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവിടെ നിഷാദ് പറഞ്ഞ ചില പൊട്ടത്തരങ്ങൾ ഉണ്ട്. അഖിൽ കോട്ടാത്തല എന്നായിരുന്നു ആദ്യം എന്റെ പേര് പറഞ്ഞത്. നിങ്ങൾക്ക് എന്റെ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് എടുത്താൽ കാണാം അഖിൽ മാരാർ എന്നത്.
പ്രാദേശിക തിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് എന്റെ പേര് അഖിൽ കോട്ടാത്തല എന്നായിരുന്നു.എന്റെ പേര് മാറ്റുന്നതിന്റെ കാരണം പല അഭിമുഖങ്ങളിലും വളരെ കൃത്യമായി ഞാൻ പറഞ്ഞിട്ടുണ്ട്. ന്യൂമറോളജി പ്രകാരമാണ് ഞാൻ എന്റെ പേര് അഖിൽ മാരാർ എന്നാക്കിയത്. നേട്ടങ്ങൾക്ക് നല്ലതാണ് എന്ന് അറിഞ്ഞു കൊണ്ടായിരുന്നു അത്. പേരിന് ഒരു ഗും ഉണ്ടാവട്ടെ എന്ന് കരുതിയാണ് അങ്ങനെ ഇട്ടത്.
നിഷാദിന്റെ ഉള്ളിൽ കിടക്കുന്ന വർഗീയത കൊണ്ടാണ് അങ്ങനെ തോന്നിയത്. നിങ്ങളുടെ ചാനൽ നിങ്ങളിൽ അടിച്ചേൽപ്പിക്കുന്ന കാര്യങ്ങളും ആയിരിക്കാം ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ഞാനുമായി ഇടപഴകിയിട്ടുള്ള ആളുകൾക്ക് എന്നെ കൃത്യമായി അറിയാം. ബിഗ് ബോസിൽ ഞാൻ ഉണ്ടായിരുന്നപ്പോൾ ഏറ്റവും ഇടപഴകിയത് ഷിജു അബ്‌ദുൾ റഷീദ് എന്ന മുസൽമാനുമായിട്ട് ആയിരുന്നു.
എന്റെ ഒരു വിഷയത്തിലും ജാതിയില്ല മതമില്ല. വിഷയം മാത്രമാണ് എന്നെ സംബന്ധിച്ച് പ്രധാന ഘടകം. എനിക്ക് മീഡിയ വണ്ണിൽ ഉള്ള ആളുകളോട് ആണ് ചോദിക്കാനുള്ളത്. ഞാൻ കൊട്ടാരക്കരയിൽ മത്സരിക്കാൻ പോവുന്നുവെന്ന് വാർത്ത കൊടുക്കാൻ എപ്പോഴെങ്കിലും ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടിരുന്നോ? എവിടെ നിന്നാണ് ഈ വാർത്ത നിങ്ങൾ കിട്ടിയത്? സ്വയം അപഹാസ്യരാവരുത് എന്നാണ് എനിക്ക് പറയാനുള്ളത്.












Click it and Unblock the Notifications