Alappuzha Result: ആലപ്പുഴയെ വിറപ്പിച്ച് ശോഭ, എങ്കിലും തിരിച്ചുപിടിച്ച് കെസി; ചിത്രത്തിലേ ഇല്ലാതെ ആരിഫ്
ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ ആദ്യ മണിക്കൂറുകളിൽ ട്രെൻഡ് അനുസരിച്ച് ആലപ്പുഴ മണ്ഡലത്തിൽ കെസി വേണുഗോപാൽ മുന്നിൽ. നേരത്തെ ശോഭ സുരേന്ദ്രൻ മുന്നിൽ എത്തിയിരുന്നെങ്കിലും അതിനെ മറികടന്നാണ് കെസി വേണുഗോപാൽ ഇപ്പോൾ ലീഡ് നേടിയിരിക്കുന്നത്. വോട്ടെണ്ണൽ തുടങ്ങി ഒന്നര മണിക്കൂർ പിന്നിടുമ്പോൾ കെസി ആയിരത്തിൽ അധികം വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്.
നേരത്തെ പോസ്‌റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതൽ ശോഭ സുരേന്ദ്രനും കെസി വേണുഗോപാലും ലീഡ് നില മാറിമാറി വന്നിരുന്നു. തുടക്കത്തിൽ ശോഭ സുരേന്ദ്രൻ നേരിയ വോട്ടുകൾക്ക് മുന്നിൽ എത്തിയെങ്കിലും അധികം വൈകാതെ കെസി ലീഡ് തിരികെ പിടിക്കുകയായിരുന്നു.

എന്നാൽ മണ്ഡലത്തിൽ വോട്ടെണ്ണൽ ആരംഭിച്ചതിന് ശേഷം ഇതുവരെ സിറ്റിങ് എംപിയായ എഎം ആരിഫിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ആദ്യഘട്ടത്തിൽ ശോഭ സുരേന്ദ്രന്റെ പേര് ഉയർന്നു കേട്ടെങ്കിലും ലീഡ് നിലയിൽ ആരിഫിന് ഇതുവരെ കയറി വരാൻ കഴിഞ്ഞില്ല എന്നതാണ് പ്രധാന കാര്യം.
കഴിഞ്ഞ തവണ രാഹുൽ ഗാന്ധി തരംഗത്തിൽ കേരളത്തിലെ മറ്റെല്ലാ മണ്ഡലങ്ങളും കൈവിട്ടപ്പോഴും സിപിഎമ്മിനെ വിടാതെ ചേർത്ത് നിർത്തിയ ആലപ്പുഴയിൽ ഇത്തവണ കാറ്റ് മാറി വീശുമോ എന്നാണ് ആദ്യ ഫല സൂചനകൾ നൽകുന്ന മുന്നറിയിപ്പ്. ഇനിയും വോട്ടുകൾ എണ്ണാൻ ഏറെ ഉണ്ടെന്നതിനാൽ അന്തിമ ഫലം വരുന്നത് കാത്തിരിക്കാനാണ് എൽഡിഎഫ് ക്യാമ്പിന്റെ തീരുമാനം.
അതേസമയം, നിലവിൽ കഴിഞ്ഞ തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായി ഒറ്റ സീറ്റിൽ മാത്രമാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. ഇത്തവണ ആലത്തൂരിൽ മാത്രമാണ് എൽഡിഎഫിന് വിജയ പ്രതീക്ഷ. ആലപ്പുഴയിൽ ആരിഫിന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ ഇതുവരെ കഴിയാത്ത സാഹചര്യത്തിൽ പാർട്ടി കേന്ദ്രങ്ങൾ എല്ലാം കടുത്ത നിരാശയിലാണ്.
കെസി വേണുഗോപാൽ ഈ ട്രെൻഡ് തുടരുകയാണെങ്കിൽ വീണ്ടും ആലപ്പുഴ മണ്ഡലത്തിൽ നിന്നുള്ള എംപിയായി തീരുമെന്നാണ് സൂചന. ഇക്കുറി കേരളത്തിൽ മത്സരിച്ച രണ്ട് പ്രധാന ദേശീയ നേതാക്കളിൽ ഒരാളായിരുന്നു കെസി വേണുഗോപാൽ. മറ്റൊന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടെയും ജയം പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ അഭിമാന പോരാട്ടമായിരുന്നു. നിലവിലെ സാഹചര്യത്തിൽ ആ സ്വപ്‌നം പൂവണിയാനാണ് സാധ്യത.












Click it and Unblock the Notifications