'കേരളത്തിലെ എല്ലാ കെഎസ്ആർടിസി ബസുകളും എസിയാക്കും, പുതിയ യാത്രാ സംസ്‌കാരം വരും'; കെബി ഗണേഷ് കുമാർ
പാലക്കാട്: കെഎസ്ആർടിസിയിൽ കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി ആകർഷിക്കാനുള്ള പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ഗണേഷ് കുമാർ പറഞ്ഞു. പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
കെഎസ്ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നൽകി യാത്രക്കാരെ എത്തിക്കാനാണ് ഗതാഗതവകുപ്പ് ഒരുങ്ങുന്നത്. പുതിയ ട്രാവൽ കൾച്ചർ രൂപീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ബസുകളും എസി ആക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ടൂറിസം മേഖലയ്ക്ക് ഉണർവ് പകരുന്ന കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്നും മന്ത്രി പറയുന്നു.

ടൂറിസം വികസനത്തിന്റെ ഭാഗമായി പാലക്കാട് നിന്ന് മൂന്നാർ കുമളി സർവീസ് ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. പാലക്കാട് നിന്നും ബാംഗ്ലൂർ-മൈസൂർ ബസുകൾ ഉടൻ ഓടിത്തുടങ്ങും. പുതുതായി ആരംഭിക്കുന്ന മൂന്ന് കെഎസ്ആർടിസി സൂപ്പർഫാസ്‌റ്റ് പ്രീമിയം സർവീസുകളിൽ ഒന്ന് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുമെന്നാണ് മന്ത്രി പറഞ്ഞത്.
പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് കോഴിക്കോട് സൂപ്പർഫാസ്‌റ്റ് പ്രീമിയം ബസ് സർവീസ് ആരംഭിക്കും പുതിയ 35 എസി, സെമി സ്ലീപ്പർ ബസുകൾ പുറത്തിറക്കാനാണ് തീരുമാനം. അതിൽനിന്ന് ഒരു വണ്ടി മൈസൂരിലേക്കും ഒരു വണ്ടി ചെന്നൈയിലേക്കും സർവീസ് നടത്തുമെന്നും ഗതാഗതമന്ത്രി പറയുന്നു. പാലക്കാട് നിന്ന് പഴനിയിലേക്ക് കൂടുതൽ ലാഭകരമായ സർവീസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
സ്ത്രീകളും കുട്ടികളും ബസിൽ കയറാതെ കെഎസ്ആർടിസി രക്ഷപ്പെടില്ലെന്നാണ് മന്ത്രി പറയുന്നത്. ഇതിനായി മികച്ച സൗകര്യങ്ങൾ ശുചിത്വം, ഭക്ഷണം എന്നിവ പ്രധാനമാണ്. ഹൈക്കോടതി നിർദ്ദേശമനുസരിച്ച് എല്ലാ വാഹനങ്ങളിലും ക്യാമറകൾ ഘടിപ്പിക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോ എന്നറിയാനുള്ള ആധുനിക ക്യാമറകളും പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
പതിവായി മദ്യപാന പരിശോധന ആരംഭിച്ചതിന് ശേഷം അപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ സാധിച്ചു. ബസുകൾ കഴുകി വൃത്തിയാക്കുന്നത് പരിശോധിക്കാൻ സ്ഥിരം സംവിധാനം ഒരുക്കാനാണ് തീരുമാനം. അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ തന്നെ ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകാനുള്ള നടപടി ആരംഭിക്കുമെന്നും വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ പാലക്കാട്ടെ ചടങ്ങിനിടെ മന്ത്രി ഗണേഷ് കുമാറിനെതിരെ പ്രതിഷേധവും അരങ്ങേറിയിരുന്നു. കെഎസ്ആർടിസിയുടെ പരിപാടിക്കിടെ മുൻ ജീവനക്കാരൻ ഒറ്റയ്ക്കാണ് പ്രതിഷേധം നടത്തിയത്. വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി. ഉദ്യോഗസ്ഥരെ തടഞ്ഞും ഓഫീസ് വളഞ്ഞുമുള്ള സമര രീതികൾ ഒഴിവാക്കണമെന്നും ഗണേഷ് കുമാർ ചടങ്ങിൽ ആവശ്യപ്പെട്ടു.












Click it and Unblock the Notifications