അങ്ങനെ അമിത് ഷായും വാമന ജയന്തി ആശംസിച്ചു... മുടന്തന്‍ ന്യായം പറഞ്ഞ് കുമ്മനം
ദില്ലി/തിരുവനന്തപുരം: ശരിക്കും വാമന ജയന്തിയാണ് ഓണമായി ആഘോഷിക്കേണ്ടത് എന്ന് ആദ്യം പറഞ്ഞത് ഹിന്ദു ഐക്യ വേദി നേതാവ് കെപി ശശികല ആയിരുന്നു. അതിന് മുമ്പ് സംഘപരിവാര്‍ മാസികയായ കേസരിയിലും ഇത്‌പോലെ ഒരു ലേഖനം വന്നിരുന്നു. അതിനെതിരെ അതി ശക്തമായ എതിര്‍പ്പാണ് കേരള സമൂഹത്തില്‍ ഉണ്ടായത്.
ഇപ്പോഴിതാ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വാമന ജയന്തി ആശംസയുമായി രംഗത്തിറങ്ങിയിരിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അമിത് ഷാ എല്ലാവര്‍ക്കും വാമന ജയന്തി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ് വാമനന്‍. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വാമന ജയന്തി ആശംസകള്‍ - എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. മഹാബലിയെ വാമനന്‍ ചവിട്ടിത്താഴ്ത്തുന്നതിന്റെ ചിത്രവും ഉണ്ട്.
എന്തായാലും സംഗതി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. എന്നാല്‍ അമിത് ഷായെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. മലയാളി വിരുദ്ധമല്ല അമിത് ഷായുടെ വാമന ജയന്തി ആശംസ എന്നാണ് കുമ്മനം പറയുന്നത്.
കേരളത്തില്‍ വാമന ക്ഷേത്രങ്ങളുണ്ട് എന്നതാണ് കുമ്മനം പറയുന്ന ന്യായം. ഓണം വാമന ജയന്തിയാണെന്ന നിലപാട് തന്നെയാണോ കുമ്മനം രാജശേഖരനും എന്ന് സംശയിക്കാവുന്നതാണ് അദ്ദേഹത്തിന്റെ വിശദീകരണം. എല്ലാ രാഷ്ട്രീയ സംഘടനകളുടേയും ദേശീയ നേതൃത്വം ഓണം ആശംസിക്കാറില്ലെന്ന മറ്റൊരു ന്യായവും കുമ്മനം ഉയര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications