അമൃത് ഭാരത് പദ്ധതി; കേരളത്തിലെ അഞ്ച് റെയിൽവേ സ്‌റ്റേഷനുകൾ കൂടി അടുത്തമാസം തുറന്നുകൊടുക്കും
കോഴിക്കോട്: അമൃത് ഭാരത് റെയിൽവേ സ്‌റ്റേഷൻ നവീകരണ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ അഞ്ച് പ്രധാന റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. നവീകരിച്ച പരപ്പനങ്ങാടി, തിരൂർ, തലശ്ശേരി, ഫറോക്ക്, നിലമ്പൂർ റോഡ് സ്‌റ്റേഷൻ കെട്ടിടങ്ങളാണ് ഔദ്യോഗികമായി തുറക്കുന്നത്. പുതിയ കവാടങ്ങളും ഉയരംകൂട്ടി നിർമ്മിച്ച വീതിയുള്ള പ്ലാറ്റ്‌ഫോമുകളും ലിഫ്റ്റ്, എസ്‌കലേറ്റർ സൗകര്യങ്ങളുമായാണ് സ്‌റ്റേഷനുകൾ ഉദ്‌ഘാടനത്തിന് ഒരുങ്ങുന്നത്.
ഈ മാസം തന്നെ ഈ സ്‌റ്റേഷനുകൾ യാത്രക്കാർക്കായി ഔദ്യോഗികമായി തുറന്നുകൊടുക്കും. യാത്രക്കാരുടെ സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ നിരവധി സ്‌റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങളും യാത്രാനുഭവവും മെച്ചപ്പെടുത്തുന്ന വിപുലമായ വികസന പ്രവർത്തനങ്ങളാണ് നടന്നത്.

എന്നാൽ ഫറോക്ക് ഉൾപ്പെടെ പല സ്‌റ്റേഷനുകൾക്കും ഉദ്‌ഘാടനം സംബന്ധിച്ച് യാതൊരു അറിയിപ്പുകളും ലഭിച്ചിട്ടില്ല. 16 സ്‌റ്റേഷനുകളാണ് 435 കോടി ബജറ്റ് വരുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. ഇതിൽ വടകര, മാഹി, ഷൊർണൂർ ജംഗ്‌ഷൻ, കുറ്റിപ്പുറം, പൊള്ളാച്ചി ജംഗ്‌ഷൻ എന്നീ സ്‌റ്റേഷനുകളിലെ കെട്ടിടങ്ങൾ കഴിഞ്ഞമാസങ്ങളിൽ തുറന്നുകൊടുത്തിരുന്നു.
ഇത് കൂടാതെ മംഗളൂരു ജംഗ്‌ഷൻ, കാസർഗോഡ്, പയ്യന്നൂർ, ഒറ്റപ്പാലം, അങ്ങാടിപ്പുറം സ്‌റ്റേഷനുകൾ നവീകരണം പൂർത്തിയാക്കിയുള്ള അവസാനവട്ട മിനുക്കുപണികളിലാണ്. അവയുടെ ഉദ്‌ഘാടനം ജോലികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും നടക്കുക. ഉദ്‌ഘാടനം കാത്തിരിക്കുന്ന ഫറോക്ക് സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിൽ അംഗപരിമിതർക്കുള്ള ടാക് ടൈൽ പാകുന്നതുൾപ്പെടെയുള്ള ജോലികളാണ് ഇനി ശേഷിക്കുന്നത്.
ഈ സ്‌റ്റേഷനുകളിൽ എല്ലാം തന്നെ ശീതികരിച്ചതും അല്ലാത്തതുമായ വിശ്രമമുറികൾ, വിഐപി ലോഞ്ചുകൾ, റിട്ടയറിങ് റൂമുകൾ, ആറുമീറ്റർ വീതിയുള്ള നടപ്പാലം, മികച്ച ഇരിപ്പിടങ്ങൾ, പ്ലാറ്റ്‌ഫോമിൽ മഴനനയാതിരിക്കാനുള്ള കൂടുതൽ ഉറപ്പുള്ള ഷെൽട്ടറുകൾ, ട്രെയിനുകൾ വരുന്നതും പോകുന്നതും ഉൾപ്പെടെയുള്ള സ്‌റ്റേഷനുകളെ സംബന്ധിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന ഡിസ്പ്ലേ ബോർഡുകൾ, വാട്ടർബൂത്തുകൾ എന്നിവയെല്ലാം സജ്ജമാക്കുന്നുണ്ട്.
അതേസമയം, അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം നൂറുകണക്കിന് റെയിൽവേ സ്‌റ്റേഷനുകളാണ് ഘട്ടംഘട്ടമായി നവീകരിക്കുന്നത്. ഓരോ സ്‌റ്റേഷന്റെയും പ്രാദേശിക പൈതൃകവും സാംസ്‌കാരിക സവിശേഷതകളും ഉൾക്കൊള്ളുന്ന രൂപകൽപ്പനയ്ക്ക് പദ്ധതിയിൽ പ്രാധാന്യം നൽകിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. വടകര അടക്കമുള്ള സ്‌റ്റേഷനുകളിൽ ചുമർ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.














Click it and Unblock the Notifications