'ആരോപണത്തിന് പിന്നിൽ അജണ്ട, ഗൂഢാലോചനയുണ്ട്'; നടിയ്ക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി സിദ്ദിഖ്
കൊച്ചി: തനിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി സിദ്ദിഖ്. നടിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച സിദ്ദിഖ് വിഷയത്തിൽ മറ്റെന്തോ അജണ്ട ഉണ്ടെന്നും പരാതിയിൽ സിദ്ദിഖ് ചൂണ്ടിക്കാണിക്കുന്നു. വ്യത്യസ്‌ത സമയങ്ങളിൽ ഇവർ വ്യത്യസ്‌ത ആരോപണങ്ങൾ ഉന്നയിക്കുന്നതായും സിദ്ദിഖ് നൽകിയ പരാതിയിൽ പറയുന്നുണ്ട്.
നടിയുടെ ആരോപണത്തെ തുടർന്നാണ് സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചത്. ഇതിന് പിന്നാലെയാണ് സിദ്ദിഖിന്റെ പരാതി. ഇതിനെ സാധൂകരിക്കാൻ സിദ്ദിഖ് ചില കാര്യങ്ങളും പരാതിയിൽ പറയുന്നുണ്ട്. അമ്മയ്ക്ക് എതിരെ ചില പരാതികൾ ഉയർന്നപ്പോൾ താനും കെപിഎസ്‌സി ലളിതയും ചേർന്ന് ഒരു വാർത്താസമ്മേളനം നടത്തിയെന്ന് സിദ്ദിഖ് പറയുന്നു.

ഈ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് യുവനടി ആദ്യമായി പോസ്‌റ്റ് പങ്കുവച്ചത്. അതിൽ പറഞ്ഞിരുന്നത് താൻ മോശമായി സംസാരിച്ചു എന്നതാണ്. പിന്നീട് പലപ്പോഴായി സോഷ്യൽ മീഡിയ വഴിയും മറ്റ് മാധ്യമങ്ങൾ വഴിയും പല ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും വ്യത്യസ്‌തമായ തരത്തിലുള്ള കാര്യങ്ങളായിരുന്നു ഇവർ പറഞ്ഞിരുന്നതെന്ന് നടൻ പറയുന്നു.
ചില സമയങ്ങളിൽ താൻ മോശമായി സംസാരിച്ചു എന്നാണെങ്കിൽ പിന്നീട് താൻ ബലാത്സംഗം ചെയ്‌തു എന്നാണ് പറഞ്ഞത്. ഒരു ഘട്ടത്തിൽ പോക്സോ കേസ് വരുന്നതിനായി പ്രായപൂർത്തി ആവുന്നതിന് മുൻപാണ് താൻ ബലാത്സംഗം ചെയ്‌തതെന്ന് ഈ കുട്ടി ആരോപിക്കുകയുണ്ടായി. ഇങ്ങനെ വ്യത്യസ്‌ത ആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രത്യേക അജണ്ടയുള്ളത് കൊണ്ടാണെന്ന് സിദ്ദിഖ് പരാതിയിൽ ചൂണ്ടികാണിക്കുന്നു.
കൂടാതെ മറ്റ് ചില കാര്യങ്ങളും സിദ്ദിഖ് പരാതിയിൽ കുറിച്ചിട്ടുണ്ട്. ചൈനയിൽ മെഡിസിൻ പഠിക്കാൻ പോയ രേവതി സമ്പത്ത് സഹപാഠിയുടെ നഗ്ന ഫോട്ടോ എടുത്തതിന് അവിടെ നിന്ന് പുറത്താക്കപ്പെട്ടുവെന്നും ലോണെടുത്ത് തിരിച്ചടച്ചില്ലെന്നും ആരോപണം ഉന്നയിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ അന്വേഷണം നടത്തണമെന്നാണ് സിദ്ദിഖ് പരാതിയിൽ പറയുന്നത്.
അതേസമയം, ചെറിയ പ്രായത്തിൽ സിദ്ദിഖിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നുവെന്നാണ് നടി രേവതി സമ്പത്ത് ആരോപിച്ചത്. പ്ലസ് ടൂ കഴിഞ്ഞ സമയത്താണ് മോശം അനുഭവം ഉണ്ടാകുന്നത്. ഫേസ്ബുക്കിൽ മെസേജ് അയക്കുകയായിരുന്നു. ആ അക്കൗണ്ട് വഴി പലർക്കും ഇയാൾ മെസേജ് അയച്ചിട്ടുണ്ട്. സിദ്ദിഖിന്റെ സുഖമറിയാതെ എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷം തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിലേക്ക് വരാന്‍ പറയുകയായിരുന്നുവെന്നും അവിടെ വച്ചാണ് മോശം പെരുമാറ്റം ഉണ്ടായതെന്നുമാണ് നടി ആരോപിച്ചത്.












Click it and Unblock the Notifications