ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാത; വലതുവശത്തെ തുരങ്കത്തിൽ 75 മീറ്റർ വരെ തുരന്നു..!
കോഴിക്കോട്: മലബാറിന്റെ ഗതാഗതരംഗത്ത് വലിയ മാറ്റം സൃഷ്‌ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിയുടെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. കോഴിക്കോട് ജില്ലയെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ബദൽ പാതയായാണ് ഈ പദ്ധതി യാഥാർഥ്യമാകുന്നത്. നിലവിൽ ആദ്യം നിർമ്മാണം ആരംഭിച്ച വലതുവശത്തെ തുരങ്കത്തിൽ ഏകദേശം 75 മീറ്റർ വരെ തുരന്നു പൂർത്തിയായിട്ടുണ്ട്.
പിന്നീട് ആരംഭിച്ച ഇടതുവശത്തെ തുരങ്കത്തിന്റെ നിർമ്മാണം പ്രാരംഭ ഘട്ടത്തിലാണെങ്കിലും ഉടൻ തന്നെ അതിന്റെയും വേഗം വർധിപ്പിക്കുമെന്ന് കരാർ കമ്പനിയുടെ പ്രതിനിധികൾ അറിയിച്ചു. തുരങ്കത്തിന്റെ ദൂരം 100 മീറ്റർ പിന്നിടുന്നതോടെ നിലവിൽ ഉപയോഗിക്കുന്ന നിർമ്മാണരീതിയിൽ മാറ്റം വരുത്തി കൂടുതൽ വേഗത്തിൽ ഖനനം നടത്താനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പ്രവേശന ഭാഗം കോൺക്രീറ്റ് ഉപയോഗിച്ച് ശക്തിപ്പെടുത്തിയ ശേഷമാണ് പാറകളിൽ ഡ്രില്ലിങ് നടത്തി സ്ഫോടനത്തിലൂടെ തുരങ്കം മുന്നോട്ട് കൊണ്ടുപോകുന്നത്. നിലവിൽ മൂന്ന് ഷിഫ്റ്റുകളിലായാണ് നിർമ്മാണം നടക്കുന്നത്. വലതുവശത്തെ തുരങ്കം കൂടുതൽ മുന്നിലെത്തിയ ശേഷം രണ്ടാമത്തെ തുരങ്കത്തിന്റെ നിർമ്മാണവും സമാന്തരമായി ശക്തമാക്കും.
തുരങ്കത്തിൽ നിന്ന് പുറത്തെടുക്കുന്ന പാറകൾ സമീപത്ത് സ്ഥാപിച്ച ക്രഷർ യൂണിറ്റിൽ ചെറുകല്ലുകളാക്കി നിർമ്മാണത്തിനുതന്നെ ഉപയോഗിക്കുന്നുണ്ട്. നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിനായി കരാർ കമ്പനി ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ വെറും ഏഴ് മാസത്തിനുള്ളിൽ കോൺക്രീറ്റ് പാലവും നിർമിച്ചു. ഇതോടെ കനത്ത മഴയിലും സാമഗ്രികളുടെ ഗതാഗതം തടസപ്പെടാതെ നിർമ്മാണം തുടരാൻ സാധിക്കും.
കഴിഞ്ഞ വർഷം സെപ്റ്റംബർ 30-നാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്. തുടർന്ന് മാർച്ച് 6-ന് ആദ്യ സ്ഫോടനം നടത്തി തുരങ്ക ഖനനത്തിന് ഔദ്യോഗിക തുടക്കമായി. ദേശീയപാതാ വികസന പദ്ധതികൾക്കൊപ്പമുള്ള കേരളത്തിലെ ഏറ്റവും സാങ്കേതിക മികവുള്ള റോഡ് പദ്ധതികളിലൊന്നായാണ് ഈ ഇരട്ടത്തുരങ്കം വിലയിരുത്തപ്പെടുന്നത്.
പതിറ്റാണ്ടുകളായി കോഴിക്കോട്-വയനാട് മേഖലയിലെ ജനങ്ങൾ ആവശ്യപ്പെട്ടിരുന്ന പദ്ധതിയാണിത്. നിലവിൽ താമരശ്ശേരി ചുരം മാത്രമാണ് വയനാട്ടിലേക്കുള്ള പ്രധാന റോഡ് മാർഗം. മണ്ണിടിച്ചിൽ, ഗതാഗതക്കുരുക്ക്, വാഹനാപകടങ്ങൾ, കനത്ത മഴക്കാലത്തെ യാത്രാ തടസ്സങ്ങൾ എന്നിവ വർഷങ്ങളായി വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് ചുരത്തിന് ബദലായി ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത എന്ന ആശയം രൂപംകൊണ്ടത്.
വിവിധ ഘട്ടങ്ങളിലെ പഠനങ്ങൾക്കും സാങ്കേതിക അനുമതികൾക്കും ശേഷം പദ്ധതിക്ക് സർക്കാർ അംഗീകാരം ലഭിക്കുകയായിരുന്നു. ഏകദേശം 8.17 കിലോമീറ്റർ നീളമുള്ള ഇരട്ടത്തുരങ്കമാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ഓരോ ദിശയിലേക്കും പ്രത്യേകം തുരങ്കങ്ങളാണ് നിർമ്മിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി നിശ്ചിത ഇടവേളകളിൽ രണ്ട് തുരങ്കങ്ങളെയും ബന്ധിപ്പിക്കുന്ന ക്രോസ് പാസേജുകൾ ഇതിലുണ്ടാകും.
കൂടാതെ അത്യാധുനിക വെന്റിലേഷൻ സംവിധാനം, അഗ്നിശമന സംവിധാനങ്ങൾ, സിസിടിവി നിരീക്ഷണം, അടിയന്തര രക്ഷാപ്രവർത്തന സൗകര്യങ്ങൾ, ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമാകും. പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 2,134 കോടി രൂപയാണ്. കിഫ്‌ബി ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തുരങ്കത്തോടൊപ്പം ആധുനിക അപ്രോച്ച് റോഡുകൾ, പാലങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവയും നിർമിക്കും.
പദ്ധതി പൂർത്തിയായാൽ കോഴിക്കോട് നഗരത്തിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയും. താമരശ്ശേരി ചുരത്തിലെ ഗതാഗതഭാരം കുറയുന്നതിനൊപ്പം അപകടസാധ്യതയും കുറയും. വിനോദസഞ്ചാരം, കാർഷിക ഉൽപ്പന്നങ്ങളുടെ ഗതാഗതം, ചരക്കുനീക്കം, വ്യാപാരം, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലേക്കുള്ള യാത്ര എന്നിവയ്ക്ക് വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാത്രമല്ല പ്രകൃതി ദുരന്തങ്ങളോ മണ്ണിടിച്ചിലുകളോ മൂലം ചുരം അടച്ചിടേണ്ടി വരുന്ന സാഹചര്യങ്ങളിലും വയനാടുമായുള്ള റോഡ് ബന്ധം നിലനിർത്താൻ ഈ തുരങ്കപാത നിർണായകമാകും. ഇതിനൊപ്പം മലബാറിന്റെ സാമ്പത്തിക വികസനത്തിന് പുതിയ വഴിത്തിരിവാകുന്ന അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നായും ഇത് മാറുമെന്നാണ് കരുതുന്നത്.














Click it and Unblock the Notifications