ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത; പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ചു, ജോലികൾ അതിവേഗം പുരോഗമിക്കുന്നു
കോഴിക്കോട്: വടക്കൻ കേരളം കാത്തിരിക്കുന്ന ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമ അനുമതി ലഭിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതിയാണ് ഏറെ പ്രതീക്ഷയോടെ ആളുകൾ നോക്കി കാണുന്ന പദ്ധതിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. വനനിയമം 1980 പ്രകാരം 17.263 ഹെക്‌ടർ വനഭൂമി പദ്ധതിക്കായി ഉപയോഗിക്കാൻ ഇതോടെ അനുമതിയായി. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണിത്.
കർശന ഉപാധികളോടെയാണ് പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി ലഭിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. തുല്യവിസ്‌തൃതിയിലുള്ള വനേതരഭൂമിയിൽ പകരം വനവത്കരണം നടത്തണം, ഇവിടെ രണ്ടുവർഷത്തിനകം ഹെക്‌ടറിന് കുറഞ്ഞത് 1000 വൃക്ഷത്തൈകൾ നട്ടുവളർത്തണം, മരംവെട്ടുന്നത് പരമാവധി കുറയ്ക്കുകയും വന്യജീവിസംരക്ഷണ നടപടികൾ കർശനമായി പാലിക്കുകയും വേണം എന്നിങ്ങനെയുള്ള നിബന്ധനകൾ മന്ത്രാലയം മുന്നോട്ട് വച്ചിട്ടുണ്ട്.

കൂടാതെ വനഭൂമിയിൽ ലേബർ ക്യാമ്പുകൾ സ്ഥാപിക്കരുതെന്നും നിർമ്മാണവസ്‌തുക്കൾ കൊണ്ടുപോകാൻ വനത്തിനുള്ളിൽ പുതിയപാത നിർമ്മിക്കരുതെന്നും നിബന്ധനയിൽ പറയുന്നു. പദ്ധതി നിർദേശത്തിലില്ലാത്ത ഒരാവശ്യത്തിനും വനഭൂമി ഉപയോഗിക്കരുതെന്നും ഉൾപ്പെടെ ആകെ 24 നിബന്ധനകളാണ് മന്ത്രാലയത്തിന്റെ ഉത്തരവിലുള്ളത്. ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ പദ്ധതി പ്രവൃത്തികൾ നിരീക്ഷിക്കണം.
പാരിസ്ഥിതികാനുമതി നൽകിയിരിക്കുന്ന ഉത്തരവിലെ എല്ലാ വ്യവസ്ഥയും കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ പദ്ധതി നടപ്പിലാക്കുമ്പോൾ കൂടുതൽ കരുതലോടെ ആയിരിക്കും സംസ്ഥാന സർക്കാർ നീങ്ങുക. വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങളും നിബന്ധനകളും പാലിച്ചു കൊണ്ടായിരിക്കും ഇവിടെ നിർമ്മാണ പ്രവർത്തനങ്ങളും മറ്റും നടക്കുകയെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തും.
അതേസമയം, രണ്ട് പ്രധാന ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. മാർച്ച് മൂന്നിന് മറിപ്പുഴ ഭാഗത്ത് തുരങ്കത്തിനായി പാറതുരക്കൽ പ്രവൃത്തി ആരംഭിക്കുമെന്നാണ് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും ഇതിന്റെ സ്വിച്ച് ഓൺ കർമം നിർവഹിക്കുക.
കിഫ്‌ബിയിൽ നിന്ന് ലഭ്യമാക്കുന്ന ഫണ്ടുപയോഗിച്ചാണ് നിർമ്മാണം. പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ്. നാലുവർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഭോപാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്ച്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്.
ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത
ആകെ 8.73 കിലോമീറ്റർ ദൈർഘ്യത്തിലാണ് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മുതൽ വയനാട്ടിലെ മേപ്പാടി വരെ തുരങ്കപ്പാത നിർമ്മിക്കുന്നത്. ഇരട്ട തുരങ്കങ്ങളിലൂടെ 4 വരി ഗതാഗതമാണ് ലക്ഷ്യം. ടണല്‍ വെന്റിലേഷന്‍, അഗ്‌നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്‌റ്റം, ടെലിഫോണ്‍ സിസ്‌റ്റം, ശബ്‌ദ സംവിധാനം, എസ്‌കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്‌റ്റം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കും.












Click it and Unblock the Notifications