ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത; പാറ തുരക്കൽ ഉടൻ തുടങ്ങും, കൂറ്റൻ യന്ത്രങ്ങൾ ഓരോന്നായി എത്തി തുടങ്ങി
കോഴിക്കോട്: വടക്കൻ കേരളം കാത്തിരിക്കുന്ന ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതയുടെ ജോലികൾ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്ക് അടുക്കുകയാണ് ഇപ്പോൾ. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ നിന്ന് വയനാട്ടിലെ മേപ്പാടി വരെ നീളുന്ന തുരങ്കപാതയുടെ പാറ തുറക്കൽ പ്രവൃത്തികൾ അടുത്ത ദിവസങ്ങളിൽ തന്നെ ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
നാല് ദിവസത്തിനകം പാറ തുറക്കൽ തുടങ്ങാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ആദ്യം കോഴിക്കോട് മറിപ്പുഴ -കുണ്ടന്‍തോട് ഭാഗത്ത് നിന്നായിരിക്കും പാറ തുരക്കല്‍ പ്രവൃത്തികൾ ആരംഭിക്കുക. ഇതിന് ശേഷമായിരിക്കും ഒരാഴ്ച്ച കഴിഞ്ഞ് വയനാട് മേപ്പാടി ഭാഗത്ത് നിന്നും പാറതുരക്കല്‍ തുടങ്ങുകയെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

നിലവിൽ പാറ തുറക്കൽ പ്രവൃത്തികൾ നടത്താനുള്ള പടുകൂറ്റന്‍ യന്ത്രങ്ങള്‍ ഓരോന്നായി ഇവിടേക്ക് എത്തുകയാണ്. അതിന് മുന്നോടിയായി തുരങ്കമുഖം നിരപ്പാക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. പാറ പൊട്ടിക്കുന്ന ക്രഷന്‍ യൂണിറ്റും തുരങ്കത്തില്‍ നിന്നുള്ള കല്ല് നിക്ഷേപിക്കാനുള്ള ഡംപിങ് യൂണിറ്റുമെല്ലാം ഒരുക്കി നിർത്തിയിരിക്കുകയാണ്. അടുത്തയാഴ്‌ച ആദ്യ ദിവസങ്ങളിൽ തന്നെ പാറ തുറക്കൽ പണി ആരംഭിച്ചേക്കും.
ഒരേ സമയം തന്നെ ഇരുവശത്തു നിന്നും വലതുവശത്തെ തുരങ്കം തുരന്നു പോകുന്നതാണ് അവലംബിക്കുന്ന നിർമ്മാണ രീതി. 12 മണിക്കൂർ ഷിഫ്റ്റിലാണ് പ്രവൃത്തി നടക്കുക. പാറ തുരക്കൽ ആരംഭിക്കുന്നതോടെ 24 മണിക്കൂറും പ്രവൃത്തി നടക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറും. ഇത് കണക്കിലെടുത്ത് തൊഴിലാളികൾക്ക് താമസിക്കാനുള്ള ഷെൽട്ടറുകൾ ഉൾപ്പെടെ തുരങ്കപ്പാതയ്ക്ക് അരികിലായി ലീസിന് എടുത്ത സ്ഥലത്ത് പൂർത്തിയായിട്ടുണ്ട്.
ആകെ 8.73 കിലോമീറ്റർ ദൈർഘ്യത്തിലാണ് ആനക്കാംപൊയിൽ മുതൽ മേപ്പാടി വരെ തുരങ്കപ്പാത നിർമ്മിക്കുന്നത്. അടുത്ത 4 വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്. വയനാട്ടിലെ കള്ളാടിയിൽ നിലവിൽ തുരങ്കമുഖം വരെയുള്ള കട്ട് ആൻഡ് കവർ പ്രവൃത്തിയും സമാന്തരമായി നടക്കുന്നുണ്ട്. പാറ തുറക്കുന്നതിന് ബൂമർ യന്ത്രം അടക്കമാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നത്.
ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത
2043.74 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത്. ഇതിന്റെ നിര്‍മ്മാണ ഏജന്‍സി കൊങ്കണ്‍ റെയില്‍വേയാണ്. ഭോപാല്‍ ആസ്ഥാനമായ ദിലീപ് ബില്‍ഡ് കോണിനാണ് നിര്‍മ്മാണ കരാര്‍ നൽകിയിരിക്കുന്നത്. 8.11 കിലോമീറ്റര്‍ വരുന്ന ഇരട്ട തുരങ്കങ്ങളിലൂടെ 4 വരി ഗതാഗതമാണ് ലക്ഷ്യം. കൂടാതെ പദ്ധതിയുടെ ഭാഗമായി കൊല്‍ക്കത്ത ആസ്ഥാനമായ റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനി ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ പാലവും അപ്രോച്ച് റോഡും നിർമ്മിക്കും.
ടണല്‍ വെന്റിലേഷന്‍, അഗ്‌നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്‌റ്റം, ടെലിഫോണ്‍ സിസ്‌റ്റം, ശബ്‌ദ സംവിധാനം, എസ്‌കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്‌റ്റം തുടങ്ങിയ സംവിധാനങ്ങൾ ഇവിടെ ഒരുക്കും. ഇരുവഴിഞ്ഞിപ്പുഴയില്‍ പാലങ്ങള്‍ക്കും കലുങ്കുകള്‍ക്കും പുറമേ അടിപ്പാതയും സര്‍വീസ് റോഡ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.












Click it and Unblock the Notifications