അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും?
കൊച്ചി: പുതിയ കൊച്ചി ബൈപ്പാസ് അഥവാ അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്, അരൂർ വരെ നീട്ടാൻ പദ്ധതിയിട്ട് ദേശീയപാത അതോറിറ്റി. കൊച്ചി നഗരവുമായി ഇഴ ചേർന്ന് കിടക്കുന്ന മധ്യ കേരളത്തിലെ ഗതാഗത മേഖലയ്ക്ക് കുതിപ്പേകുന്ന പദ്ധതിയാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഇതോടെ പദ്ധതിയുടെ നിലവിലുള്ള 44.7 കിലോമീറ്റർ നീളം ഏകദേശം 50 കിലോമീറ്ററായി വർധിപ്പിക്കും.
കൊച്ചി നഗരത്തിന് അടുത്തുള്ള പ്രധാന മേഖലയായ അങ്കമാലിയെ നിർമ്മാണത്തിലിരിക്കുന്ന അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന അതിവേഗ പാതയായിരിക്കും ഇത്. പതിവായി ഗതാഗതക്കുരുക്കുള്ള ഇടപ്പള്ളി-അങ്കമാലി, ഇടപ്പള്ളി-അരൂർ പാത ഭാഗങ്ങളെ ഒഴിവാക്കിക്കൊണ്ട് ഈ പുതിയ ബൈപ്പാസ് വടക്കൻ കേരളത്തിൽ നിന്നും തൃശൂരിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമേകും.

ഫെബ്രുവരി 26-ന് റോഡ് ഗതാഗത, ഹൈവേ സഹമന്ത്രി അജയ് താംത ബെന്നി ബെഹനാൻ എംപിക്ക് നൽകിയ ഔദ്യോഗിക മറുപടിയിൽ, അങ്കമാലി-അരൂർ പാതയുടെ വിശദമായ പദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കുന്നതിനുള്ള ടെൻഡർ ഇതിനോടകം നൽകിയതായാണ് അറിയിച്ചിരിക്കുന്നത്. ലോക്‌സഭയിൽ മന്ത്രി നിതിൻ ഗഡ്‌കരിയും സമാനമായ സ്ഥിരീകരണം നടത്തിയിരുന്നു.
പദ്ധതി നിലവിൽ പ്രീ-അലൈൻമെന്റ് അനുമതി ഘട്ടത്തിലാണെന്നും, ഇതിന്റെ അന്തിമ നടപ്പാക്കൽ 'പിഎം ഗതിശക്തി' ദേശീയ മാസ്‌റ്റർ പ്ലാനുമായി ഏകോപിപ്പിച്ചായിരിക്കുമെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ കേന്ദ്ര സഹമന്ത്രിയും ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മേഖലയിലെ യാത്രക്കാർക്ക് വലിയ പ്രതീക്ഷയാണ് കൈ വരുന്നത്.
കുണ്ടന്നൂരിന്റെ തെക്കുവശത്തുള്ളതും കെട്ടിടങ്ങളാൽ തിങ്ങിനിറഞ്ഞതുമായ നെട്ടൂരിൽ ബൈപ്പാസ് അവസാനിപ്പിക്കുന്നതിനു പകരം അരൂർ വരെ നീട്ടുന്നതിലൂടെ, ട്രാഫിക് കൊച്ചി നഗരത്തിലേക്ക് എത്താതിരിക്കാനാണ് ദേശീയപാത അതോറിറ്റി നിലവിൽ ലക്ഷ്യമിടുന്നത്. നിരവധി റോഡുകളും ചുറ്റുമുള്ള നിർമ്മാണങ്ങളും കാരണം കുണ്ടന്നൂർ നിലവിൽ കടുത്ത ഗതാഗതക്കുരുക്കാണ് നേരിടുന്നതെന്ന് അഭിപ്രായമുയരുനുണ്ട്.
വാഹനങ്ങൾ തിരക്കേറിയ കുണ്ടന്നൂർ-അരൂർ പാത ഉപയോഗിക്കാൻ നിർബന്ധിതരാകുമെന്നാണ് ബദൽ പദ്ധതികൾ തേടാനുള്ള കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്. മാത്രമല്ല അലൈൻമെന്റ് പുനഃപരിശോധിച്ച് ബൈപ്പാസ് അരൂർ വരെ നീട്ടാനുള്ള സാധ്യതകൾ എൻഎച്ച്എഐ ഇപ്പോൾ പരിശോധിക്കുകയാണ്. പുതിയ പാലത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ അധികം വൈകാതെ തീരുമാനമാവും.
പുതിയ പാലം വരുമോ?
എറണാകുളത്തിന്റെ കിഴക്കൻ ഭാഗങ്ങളെ അരൂർ ഭാഗവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിന് വേമ്പനാട് കായലിനു കുറുകെ ഒരു പുതിയ പാലം നിർമ്മിക്കുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. നിലവിൽ ചോറ്റാനിക്കര-പുതിയകാവ്-കുമ്പളം വഴിയോ ഉദയംപേരൂർ-ചേപ്പനം-പനങ്ങാട് വഴിയോ ഉള്ള സാധ്യതകളാണ് പരിഗണനയിലുള്ളത്.
കൂടാതെ കുമ്പളത്ത് ബൈപ്പാസ് അവസാനിപ്പിച്ച് നിലവിലുള്ള കുമ്പളം-അരൂർ പാലം ഉപയോഗിക്കുക എന്നൊരു സാധ്യതയും പരിഗണിക്കുന്നുണ്ട്. ഈ തീരുമാനം ഡിപിആർ വന്ന ശേഷമേ അറിയാൻ കഴിയൂ. അതേസമയം, പാത നേരത്തെ ആറുവരി ആയി നിർമ്മിക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും പുതിയ ട്രാഫിക് സർവേയുടെ അടിസ്ഥാനത്തിൽ എട്ട് വരിയാക്കുമെന്നാണ് വിവരം.
കൊച്ചിയുടെ ചിരകാല സ്വപ്‌നം
അങ്കമാലി-കുണ്ടന്നൂർ പാത കൊച്ചി നഗരത്തിലൂടെ കടന്നുപോവുന്നില്ലെങ്കിലും നഗരവാസികൾ ഏറെ ആഗ്രഹിക്കുന്ന പദ്ധതി കൂടിയാണിത്. അതിന്റെ കാരണം നിലവിൽ വടക്കൻ കേരളത്തിൽ നിന്ന് തിരുവനന്തപുരം വരെ പോവുന്നവർ ആയാലും തിരിച്ചയാലും വലിയ ട്രാഫിക് ബ്ലോക്കിനെ നേരിടേണ്ടി വരുന്നു. ഇനി എലവേറ്റഡ് ഹൈവേ വഴി നഗരത്തിൽ ഇറങ്ങാതെ ദീർഘദൂര യാത്രക്കാർക്ക് പോവാൻ കഴിയും. പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണം എന്നാണ് ആവശ്യം.
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്
മധ്യകേരളവും കൊച്ചി നഗരവും ഒരുപോലെ കാത്തിരിക്കുന്ന, ഏകദേശം 6000 കോടിയോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന വമ്പൻ പദ്ധതിയാണ് അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്. അങ്കമാലിക്ക് അടുത്തുള്ള കരയാംപറമ്പ് മുതൽ കുണ്ടന്നൂരിന് അടുത്തുള്ള നെട്ടൂർ വരെയാണ് 44.7 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഗ്രീൻഫീൽഡ് ഹൈവേ. അവിടെയാണ് അരൂർ വരെ നീട്ടാനുള്ള ആലോചന. നടന്നാൽ ഇത് കൂടുതൽ യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്ന് ഉറപ്പ്.












Click it and Unblock the Notifications