മൃഗബലി; ആരോപണം നിഷേധിച്ച് മന്ത്രി കെ രാധാകൃഷ്‌ണൻ, അങ്ങനെ ഒന്നും നടന്നിട്ടില്ലെന്ന് വിശദീകരണം
തിരുവനന്തപുരം: കർണാടക ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാറിന്റെ മൃഗബലി ആരോപണത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ രംഗത്ത്. രാജരാജേശ്വരി ക്ഷേത്രത്തിൽ നടന്നുവെന്ന് ശിവകുമാർ ആരോപിച്ച മൃഗബലിയെ കുറിച്ച് അന്വേഷിച്ചുവെന്നാണ് ദേവസ്വം മന്ത്രി അറിയിച്ചത്.
അത്തരത്തിൽ ഒന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് രാധാകൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ വേറെ എവിടെയെങ്കിലും മൃഗബലി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും രാധാകൃഷ്‌ണൻ പറഞ്ഞു. ഇത് രണ്ടാം തവണയാണ് വിഷയത്തിൽ ദേവസ്വം മന്ത്രി പ്രതികരിച്ചത്.

എന്നാൽ മൃഗബലി പരാമർശത്തിൽ ഡികെ ശിവകുമാർ ഏറ്റവും ഒടുവിൽ നിലപാട് മാറ്റുകയാണ്. രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി നടന്നെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു ശിവകുമാർ പറയുന്നത്. സംഭവം വിവാദമായതോടെയാണ് ശിവകുമാറിന്റെ നിലപാട് മാറ്റം. താൻ പലതവണ വന്ന് തൊഴുത ക്ഷേത്രമാണ് ഇതെന്നും വാക്കുകൾ വളച്ചൊടിക്കരുതെന്നുമാണ് ശിവകുമാർ പറഞ്ഞത്.
രാജരാജേശ്വരി ക്ഷേത്രത്തിൽ മൃഗബലി നടന്നുവെന്ന് പറഞ്ഞിട്ടില്ലെന്നും അതിന് സമീപത്ത് എവിടെയോ ആണെന്നാണ് ഉദ്ദേശിച്ചതെന്നും ശിവകുമാർ പറയുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം മന്ത്രി കൂടിയായ കെ രാധാകൃഷ്‌ണൻ വിഷയം അന്വേഷിച്ചുവെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നത്.
തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ വച്ച് നടന്നുവെന്നല്ല പറഞ്ഞതെന്നും അവിടെ നിന്ന് 15 കിലോമീറ്ററോളം അകലെ സ്വകാര്യ സ്ഥലത്താണ് പൂജ നടന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. പൂജ നടന്ന പ്രദേശം കൃത്യമായി മനസിലാക്കാൻ വേണ്ടിയാണ് അടുത്തുള്ള ക്ഷേത്രത്തിന്റെ പേര് പറഞ്ഞതെന്നും എക്‌സ് പോസ്‌റ്റിലൂടെ ശിവകുമാർ വ്യക്തമാക്കി.
നേരത്തെ കർണാടക കോൺഗ്രസ് സർക്കാരിനും തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെ കേരളത്തിൽ ദുർമന്ത്രവാദവും മൃഗബലിയും നടന്നുവെന്നയാരുന്നു ഉപമുഖ്യമന്ത്രി കൂടിയായ ഡികെ ശിവകുമാറിന്റെ ആരോപണം. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ഇതിന് പിന്നാലെയാണ് ദേവസ്വം വകുപ്പ് ഉൾപ്പെടെ വിശദീകരണവുമായി രംഗത്ത് വരുന്നത്. എന്നാൽ ആരോപണം നിഷേധിച്ച് ക്ഷേത്ര ഭാരവാഹികളും ദേവസ്വവും രംഗത്തെത്തിയിരുന്നു. ഇവിടെ മൃഗബലി വഴിപാടുകൾ ഇല്ലെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. കൂടാതെ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗവും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications