അനിത പറയുന്നു... ഞങ്ങള്‍ മുന്നില്‍ തന്നെ
എറണാകുളത്തെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഒരു സെലിബ്രിറ്റി കൂടിയാണ്. ലോകം മുഴുവന്‍ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തക, എഴുത്തുകാരി.
എന്നാല്‍ വിശ്വപൗരയുടെ ജാഡകളൊന്നും ഇല്ലാതെ എറണാകുളത്തെ വോട്ടര്‍മാരെ സമീപിക്കുന്നതിന്റെ തിരക്കിലായിരുന്നു അവര്‍. മുഖ്യ കക്ഷികളെല്ലാം പണക്കൊഴുപ്പിന്റെ പ്രചാരണവേല നടത്തുമ്പോള്‍, ലളിതമായ ഇടപെടലുകളാണ് അനിത പ്രതാപും സംഘവും നടത്തുന്നത്.
തിരക്കിട്ട പ്രചാരണ ഷെഡ്യൂളിനിടയില്‍ ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിലാണ് നേരിട്ട് കാണാന്‍ അവസരം ലഭിച്ചത്. ഇംഗ്ലീഷ് കലര്‍ന്ന മലയാളം, ഇടക്ക് നല്ല കോട്ടയം പ്രയോഗങ്ങള്‍... മികച്ച പ്രകടനം കാഴ്ചവക്കാമെന്ന പ്രതീക്ഷ. വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം. മുഖത്ത് പുഞ്ചിരി.
ആം ആദ്മി പാര്‍ട്ടിയുടെ സാധ്യതകളും ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളും വണ്‍ഇന്ത്യയുമായി അനിത പ്രതാപ് പങ്കുവച്ചു. ആം ആദ്മിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ തമസ്‌കരിക്കുകയാണെന്ന ശക്തമായ ആരോപണവും അനിത ഉന്നയിച്ചു.

എങ്ങനെയുണ്ട് പ്രചാരണം?
ഞങ്ങള്‍ക്കാണെങ്കില്‍ അങ്ങനെ പൈസയില്ല. സംഘടനാ ശേഷിയില്ല. കോണ്‍ഗ്രസിനൊക്കെ ഇഷ്ടം പോലെ പണമുണ്ട്. 65 വര്‍ഷമായി രാജ്യം ഭരിക്കുന്നതല്ലേ. അത്രയേറെ പ്രവര്‍ത്തകരും ഉണ്ട്. പക്ഷേ ജനങ്ങളുടെ പിന്തുണ. അപ്രതീക്ഷിതമായ പൊതുജന പിന്തുണയാണ് ഞങ്ങള്‍ക്ക് കിട്ടുന്നത്. ജനം നിരാശരാണ്. എവിടെ ചെന്നാലും ആളുകള്‍ക്ക് എന്തൊരു പരാതിയാണെന്നറിയാമോ...അഴിമതി, പീഡനം, അസൗകര്യങ്ങള്‍, അവജ്ഞ, പൊതു ജനം പൊറുതിമുട്ടിയിരിക്കുകയാണ്.

പ്രചാരണാനുഭവം
ചെല്ലാനം . 200 കുടുംബങ്ങളുണ്ട് അവിടെ. കഷ്ടപ്പാടാണ്. റോഡില്ല. കുടിവെള്ളം ആലപ്പുഴയില്‍ നിന്ന് വഞ്ചിയിലാണ് കൊണ്ടുവരുന്നത്. ഒരു കുടം വെള്ളത്തിന്റെ വില 35 രൂപയാണ്. ഇത്രകാലമായിട്ടും ആരും അവരെ തിരിഞ്ഞുനോക്കിയിട്ടില്ല. പക്ഷേ ഞങ്ങള്‍ അവിടയെത്തി. കെവി തോമസിനേയോ ക്രിസ്റ്റി ഫെര്‍ണാണ്ടസിനേയോ അവര്‍ അവിടെ കയറ്റിയിട്ടില്ല. ഇത്തവണ വോട്ട് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലായിരുന്നു അവര്‍. എന്നാല്‍ അവര്‍ ഞങ്ങളെ അംഗീകരിച്ചു. അവരുടെ വോട്ട് ഇത്തവണ ആം ആദ്മി പാര്‍ട്ടിക്ക് തന്നെ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്.

ആം ആദ്മിയുടെ സാധ്യത എത്ര?
എല്‍ഡിഎഫ് അല്ലെങ്കില്‍ യുഡിഎഫ് എന്നത് മാത്രമേ ഇത്രനാളും കേരളത്തിലെ ജനങ്ങള്‍ക്ക് സാധ്യതയായി മുന്നിലുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അവര്‍ക്ക് പുതിയ ഒരു ഓപ്ഷന്‍ ആയി ആം ആദ്മി പാര്‍ട്ടിയുണ്ട്. ദില്ലിയിലെ കുറച്ച് നാളത്തെ ഭരണം പാര്‍ട്ടിക്ക് സാധാരണക്കാര്‍ക്കിടയില്‍ നല്ല അഭിപ്രായമാണ് ഉണ്ടാക്കിയത്.

പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍?
മാധ്യമങ്ങള്‍ വഴി ആം ആദ്മി പാര്‍ട്ടിക്കെതിരെ വലിയ പ്രചാരണമാണ് നടക്കുന്നത്. അത് കരുതിക്കൂട്ടിയുള്ളതാണ്. യഥാര്‍ത്ഥത്തില്‍ ബിജെപിയാണ് ഇത്തരമൊരു പദ്ധതിക്ക് പിന്നിലുള്ളത്. കോണ്‍ഗ്രസ് ആകെ തകര്‍ന്ന് കഴിഞ്ഞു. ബിജെപി വിചാരിച്ചിരിക്കുന്നത് മോദി ഇപ്പോള്‍ അധികാരത്തില്‍ വരും എന്നാണ്. അവര്‍ക്ക് ഇപ്പോള്‍ ആകെയുള്ള ഭീഷണി അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയുമാണ്. അതുകൊണ്ട് കെജ്രിവാളിനെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടിയാണ് മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത്.

കെജ്രിവാള്‍ എങ്ങനെ?
അരവിന്ദ് കെജ്രിവാളിന്റെ ചങ്കൂറ്റം. വെറും 49 ദിവസം കൊണ്ട് ആരും കാണിക്കാത്ത ചങ്കൂറ്റമാണ് ദില്ലിയില്‍ അരവിന്ദ് കെജ്രിവാള്‍ കാണിച്ചത്. വെളളത്തിന്റെ പ്രശ്‌നം പരിഹരിച്ചു, വൈദ്യുതി പ്രശ്‌നത്തിലെ ഇടപെടല്‍, മുകേഷ് അംബാനിക്കെതിരെ എഫ്‌ഐആര്‍... ആര്‍ക്കും പ്രവചിക്കാനാകാത്ത സ്ട്രാറ്റെജികളാണ് കെജ്രിവാള്‍ എടുത്തിട്ടുള്ളത്. വരാണസിയില്‍ പോയി മോദിക്കെതിരെ മത്സരിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ?

കേരളത്തില്‍ എങ്ങനെയുണ്ട് പ്രതികരണം?
കേരളത്തില്‍ ആദ്യം മൂന്ന് സീറ്റുകളില്‍ മാത്രം മത്സരിക്കാനായിരുന്നു ധാരണ. പക്ഷേ ദില്ലിയില്‍ കെജ്രിവാള്‍ സര്‍ക്കാര്‍ രാജിവച്ചതിന് ശേഷം ഭയങ്കര ജനപിന്തുണയായിരുന്നു. ജനങ്ങളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പിന്നെ അഞ്ച് സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. ഒടുവില്‍ അത് 15 സീറ്റ് വരെ എത്തി.

കോണ്‍ഗ്രസ്സും ബിജെപിയും ?
ഇന്ത്യയില്‍ ഒരു കലാപം പോലും സ്വാഭാവികമായി ഉണ്ടായിട്ടില്ല. ഒന്നുകില്‍ കോണ്‍ഗ്രസ്സോ അല്ലെങ്കില്‍ ബിജെപിയോ ഉണ്ടാക്കിയതാണ് എല്ലാം. 35 വര്‍ഷമായി ഞാന്‍ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ അന്വേഷണങ്ങളും ഒടുവില്‍ എത്തി നില്‍ക്കുന്നത് ഇത്തരം ഗൂഢാലോചനകളിലാണ്.

വിജയ പ്രതീക്ഷ?
ആളുകള്‍ കാണിക്കുന്ന അടുപ്പവും പ്രതികരണങ്ങളും വോട്ടായി വീഴുകയാണെങ്കില്‍ എറണാകുളത്ത് മികച്ച വിജയം നേടാനാകും. പക്ഷേ ഞങ്ങള്‍ പുതിയ പാര്‍ട്ടിയാണ്. കോണ്‍ഗ്രസ്സും സിപിഎമ്മും ഒന്നും ചെയ്യുന്നതുപോലെ ആളുകളെ വച്ച് തിരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ടര്‍മാരെ പിടിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.

സംഘടനാപ്രശ്‌നങ്ങള്‍ വല്ലതും
സംഘടനക്കുള്ളില്‍ പ്രശ്‌നങ്ങളില്ല. പക്ഷേ പുതിയ പാര്‍ട്ടിയായതുകൊണ്ട് സംഘടനാപരമായി പല ദൗര്‍ബല്യങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് കിട്ടാവുന്ന വോട്ടുകള്‍ മുഴുവനും പോളിങ് ബൂത്തില്‍ എത്തിക്കോളണം എന്ന് ഉറപ്പില്ല.

വിജയം ഉറപ്പിച്ചോ?
കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമം പ്രചാരണം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിരുന്നു. ആളുകളുടെ പിന്തുണ കണ്ടപ്പോള്‍, നിങ്ങള്‍ കെവി തോമസിനെ തോല്‍പിച്ചു കഴിഞ്ഞോ എന്നാണ് അവര്‍ ചോദിച്ചത്.

യുഡിഎഫ് ഇവിടെ ശക്തമല്ലേ?
കോണ്‍ഗ്രസിനും സിപിഎമ്മിനും കുറേ ഉറച്ച വോട്ടുകളുണ്ട്. എന്തൊക്കെ സംഭവിച്ചാലും അവര്‍ ആ പാര്‍ട്ടികള്‍ക്കേ വോട്ട് ചെയ്യൂ. അതൊരു പ്രശ്‌നം തന്നെയാണ്. പലരും ബിസിനസ് താത്പര്യങ്ങള്‍ വച്ചാണ് ഈ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുന്നത്.

സാമുദായിക സ്വാധീനം പ്രശ്‌നമല്ലേ
സാമുദായിക സ്വാധീനം കുറേയൊക്കെ പ്രശ്‌നമാണ്. പക്ഷേ ഞങ്ങള്‍ ഒരു മതമേധാവിയേയോ ജാതി സംഘടനയേയോ വോട്ടിന് വേണ്ടി സമീപിച്ചിട്ടില്ല. പക്ഷേ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് ഇതുവരെ തീരുമാനിക്കാത്ത ഒരു വലിയ വിഭാഗത്തിന്റെ പിന്തുണ ഞങ്ങള്‍ക്കുണ്ട്. വോട്ട് ചെയ്യേണ്ടത് ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ ആയിട്ടല്ല, പൗരനായിട്ടാണ് വോട്ട് ചെയ്യേണ്ടത്.












Click it and Unblock the Notifications