അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, 2 ദിവസത്തിനിടെ പൊലിഞ്ഞത് 3 ജീവനുകൾ
തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്‌ടമായി. വാഴച്ചാൽ ശാസ്‌താം പൂവം ഉന്നതിയിലെ സതീശൻ, അംബിക എന്നിവരാണ് ഏറ്റവും ഒടുവിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു ഇവർ അടങ്ങുന്ന കുടുംബം. അതിനിടയിലാണ് ദാരുണമായ സംഭവം.
അതിരപ്പിള്ളി പിക്‌നിക് സ്പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. ഇന്നലെയാണ് ഇവര്‍ക്ക് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. രണ്ടുമൂന്നു കുടുംബങ്ങളാണ് ഇവിടെ ആകെ ഉണ്ടായിരുന്നത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടി. എന്നാൽ അംബികയ്ക്കും സതീശനും രക്ഷപെടാൻ കഴിഞ്ഞില്ല.

അപ്രതീക്ഷിതമായി മുന്നിലകപ്പെട്ട സതീഷിനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം, ഇവർക്ക് ഓടി രക്ഷപ്പെടാനുള്ള സാഹചര്യം ഇല്ലാതെ വരികയായിരുന്നു. പുഴയിൽ നിന്നാണ് അംബികയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെയുള്ള മറ്റ് പ്രദേശവാസികളെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
സതീശനെയാണ് ആദ്യം ആന ആക്രമിച്ചത്. ഇതോടെ ശേഷിക്കുന്നവർ വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. നാലംഗ സംഘമാണ് വിറക് ശേഖരിക്കാനായി കാട്ടിലേക്ക് പോയത്. അതിനിടെ അതിരപ്പിള്ളി കാട്ടാന ആക്രമണത്തിൽ വനംമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ആശ്വാസ സഹായം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പ്രദേശത്ത് മൂന്നു ജീവനുകളാണ് പൊലിഞ്ഞു വീണത്. ഞായറാഴ്‌ച രാത്രി ആനയുടെ ആക്രമണത്തിൽ അതിരപ്പിള്ളിയിൽ ഒരു ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപം വഞ്ചിക്കടവിൽ ആയിരുന്ന സംഭവം നടന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും രണ്ട് പേരുടെ ജീവനെടുത്ത ആക്രമണം ഉണ്ടാവുന്നത്.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്‌തമായ അതിരപ്പിള്ളി വെള്ളച്ചാട്ടം ഉൾപ്പെടുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടം. ആ പ്രദേശത്താണ് തുടർച്ചയായി കാട്ടാന ആക്രമണങ്ങൾ ഉണ്ടാവുന്നതും ജനങ്ങൾക്ക് ജീവൻ നഷ്‍ടമാവുന്നതും. മേഖലയിൽ നാളുകളായി കാട്ടാനക്കൂട്ടങ്ങൾ തമ്പടിച്ചിരിക്കുകയാണ്. അവയാണ് ആക്രമണം അഴിച്ചുവിടുന്നത്. അടിക്കടി ഉണ്ടാവുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സഞ്ചാരികളും ഇവിടേക്ക് വരാൻ മടിച്ചുനിൽക്കുകയാണ്.












Click it and Unblock the Notifications