കണ്ണൂരിൽ അങ്കം മുറുകും; ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സർവേ ഫലം, സുധാകരന്റെ മാർക്ക് ഇങ്ങനെ...
കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സർവേ ഫലങ്ങൾ ഓരോന്നായി പുറത്തുവരികയാണ്. ഇപ്പോഴിതാ കണ്ണൂർ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചിരിക്കുകയാണ് മനോരമ ന്യൂസ്-വിആർഎം മൂഡ് ഓഫ് ദി സ്‌റ്റേറ്റ് സർവേ ഫലം. ഇക്കുറി യുഡിഎഫിന് കാര്യങ്ങൾ എളുപ്പമാവില്ലെന്നാണ് സർവേ വ്യക്തമാക്കുന്നത്.
കഴിഞ്ഞ തവണ രാഹുൽ ഗാന്ധി ഫാക്‌ടറിൽ മലബാറിലെ മുഴുവൻ മണ്ഡലങ്ങളും യുഡിഎഫിനൊപ്പം പോയ കാഴ്‌ചയാണ് കണ്ടത്. എന്നാൽ ഇക്കുറി കഴിഞ്ഞ തവണ നേടിയതിനേക്കാൾ അഞ്ച് ശതമാനം വോട്ട് കുറവാണു യുഡിഎഫിന് ഉണ്ടാവുകയെന്ന് സർവേയിൽ പറയുന്നു. എങ്കിലും നേരിയ മുൻതൂക്കം ഇപ്പോഴും യുഡിഎഫിനുണ്ട് എന്നതാണ് കോൺഗ്രസിന് ആശ്വാസവാർത്ത.

2019ല്‍ യുഡിഎഫിന് 50.22 ശതമാനം വോട്ടാണ് ലഭിച്ചത്. അതിൽ നിന്ന് 5.01 ശതമാനം വോട്ടിന്റെ കുറവാണ് ഇക്കുറി സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 2.23 ശതമാനം വോട്ട് കൂടുമെന്നാണ് അനുമാനം. ബിജെപി വോട്ടിലും നേരിയ വര്‍ധനവുണ്ടാവുമെന്ന് സർവേ പ്രവചിക്കുന്നു, 0.56 ശതമാനം. മറ്റുകക്ഷികളുടെയും സ്വതന്ത്രരുടെയും വോട്ട് ഇരട്ടിയാകുമെന്നും സര്‍വേയിൽ വ്യക്തമാക്കുന്നു.
യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം കേവലം 1.73 ശതമാനം മാത്രമാണെന്നതാണ് കൗതുകകരം. ഇനിയും തീരുമാനിക്കാത്തവര്‍ എന്ന ഗണത്തില്‍പ്പെട്ടവര്‍ കൂടുതലും കഴിഞ്ഞതവണ ഇടതിന് വോട്ടുചെയ്‌തവരാണ്. ഇവര്‍ ഇക്കുറി യുഡിഎഫിനാണ് വോട്ടു ചെയ്യുന്നതെങ്കിൽ നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് മണ്ഡലം നിലനിർത്തുമെന്നാണ് വിലയിരുത്തൽ.
കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ മത്സരിച്ചാലും ഇല്ലെങ്കിലും കണ്ണൂർ സുധാകരന്റെ അഭിമാന പ്രശ്‌നമാണ്. പിണറായി വിജയനെതിരെയും, സർക്കാരിനെതിരെയും നിരന്തരം ആരോപണങ്ങൾ അഴിച്ചുവിടുന്ന കോൺഗ്രസ് അധ്യക്ഷന് സ്വന്തം മണ്ഡലം കാത്ത് രക്ഷിക്കാനായില്ലെങ്കിൽ പാർട്ടിയിൽ നിന്നും ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.
നിലവിലെ എംപിയായ സുധാകരന്റെ പ്രകടനവും അവിടുത്തെ തിരഞ്ഞെടുപ്പ് വിധിയിൽ നിർണായകമാവും എന്നിരിക്കെ അതും ജനങ്ങൾ വിലയിരുത്തി. സുധാകരന്റെ മണ്ഡലത്തിലെ പ്രകടനം ഏറ്റവും മികച്ചതെന്ന് അഭിപ്രായമുള്ളവര്‍ 5.59 ശതമാനം മാത്രമേയുള്ളു. എന്നാല്‍ മികച്ചതെന്ന് പറയുന്നവര്‍ 43.22 ശതമാനം പേരുണ്ട്.
ഇത് രണ്ടും ചേരുമ്പോള്‍ ആകെ 48.81 ശതമാനം പേര്‍ എപിയുടെ പ്രകടനത്തില്‍ തൃപ്‌തരാണ്. എംപിയുടെ പ്രവര്‍ത്തനം മോശമെന്ന് കരുതുന്നവര്‍ 25.13 ശതമാനമാണ്. തീരെ മോശമെന്ന് അഭിപ്രായപ്പെട്ടത് 2.66 ശതമാനം പേരും. 23.4 ശതമാനം പേര്‍ കെ സുധാകരന് ശരാശരി മാര്‍ക്ക് മാത്രമാണ് നല്‍കിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പികെ ശ്രീമതിയെ 94,559 വോട്ടിന് തകർത്താണ് കെ സുധാകരന്‍ ലോക്‌സഭയിലേക്ക് എത്തിയത്. കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് കാലങ്ങളായി കണ്ണൂരില്‍ നടക്കാറുള്ളത്. എന്നാൽ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വോട്ട് കൂടിയിട്ടുണ്ട്. 2014, 2019 തിരഞ്ഞെടുപ്പുകളില്‍ എസ്‌ഡിപിഐയും മണ്ഡലത്തിൽ സാന്നിധ്യമറിയിച്ചു.












Click it and Unblock the Notifications