ആറന്മുള വിമാനത്താവള പദ്ധതി; വീണ്ടും ചർച്ചകളിൽ, സ്വകാര്യ ഡ്രോൺ സർവേ നടന്നു, എതിർപ്പ് ശക്തമാവുന്നു
പത്തനംതിട്ട: ജനകീയ പ്രതിഷേധത്തെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും ചർച്ചകളിൽ നിറയുന്നു. ഒരു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്നിരുന്ന ആറന്മുള അന്താരാഷ്ട്ര വിമാനത്താവള പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങൾ പത്തനംതിട്ടയിൽ വീണ്ടും സജീവമാവുകയാണ്.
പമ്പാനദിക്ക് സമീപമുള്ള അതേ തണ്ണീർത്തട സ്ഥലത്ത് തന്നെയാണ് പദ്ധതിക്ക് വേണ്ടിയുള്ള പുതിയ നീക്കം. നേരത്തെ നിർദ്ദേശത്തെ എതിർത്ത പരിസ്ഥിതി പ്രവർത്തകരിലും പ്രദേശവാസികളിലും വീണ്ടും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പുനരുജ്ജീവിപ്പിച്ച പദ്ധതിയുടെ ഭാഗമായി കഴിഞ്ഞയാഴ്‌ച സ്ഥലത്ത് ഒരു സ്വകാര്യ ഡ്രോൺ സർവേ നടത്തിയിരുന്നു.

പ്രദേശത്തെ 400 ഏക്കർ ഭൂമിയുടെ ഉടമയായ കെജെ എബ്രഹാം കലമണ്ണിലാണ് ഇതിന് നേതൃത്വം നൽകിയത്. പദ്ധതിക്ക് യുഡിഎഫ് സർക്കാർ പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിനിടെ, ഒരു പതിറ്റാണ്ട് മുമ്പ് പദ്ധതിക്കെതിരെയുള്ള പൊതു പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ബിജെപി നേതാവ് കൂടിയായ കുമ്മനം രാജശേഖരൻ, പുതിയ നീക്കത്തിന് പിന്നിലെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്‌തു രംഗത്ത് വരികയും ചെയ്‌തിട്ടുണ്ട്.
അതേസമയം, പൈതൃകഗ്രാമമായ ആറന്മുളയിലെ വിശാലമായ 1500ലധികം ഏക്കർ വയൽമേഖലയും മലനിരകളും ഇടിച്ചുനിരത്തി വിമാനത്താവളം പദ്ധതി കൊണ്ടുവരാൻ 2004ലാണ് ശ്രമം തുടങ്ങിയത്. 2011ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നതോടെ വിമാനത്താവളം നിർമാണത്തിന് മുന്നോടിയായി ആറന്മുള, കിടങ്ങന്നൂർ, മല്ലപ്പുഴശേരി വില്ലേജുകളെ വ്യവസായ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന നടപടിക്കെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നതോടെ 2014 മെയ് 28ന് ദേശീയ ഹരിത ട്രൈബ്യൂണൽ പദ്ധതി റദ്ദാക്കി ഉത്തരവിറക്കുകയായിരുന്നു. പാരിസ്ഥിതിക ആഘാത പഠനം നടത്തിയ ഏജൻസിക്ക് മതിയായ യോഗ്യതയില്ലെന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഇത് സുപ്രീം കോടതിയും ശരിവച്ചതോടെയാണ് പദ്ധതി ഉപേക്ഷിച്ച മട്ടിലായത്.
അബിൻ വർക്കിയും ആന്റോ ആന്റണി എംപിയും ഒപ്പമുണ്ടെന്നാണ് ഭൂവുടമ പറയുന്നത്. പുതിയ സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് വിമാനത്താവള പദ്ധതി വീണ്ടും തുറന്ന ചർച്ചയിലേക്ക് വരുന്നത്. കഴിഞ്ഞ മാസം അബിൻ വർക്കിയും പദ്ധതിയെ കുറിച്ച് പരാമർശം നടത്തിയെന്നത് ശ്രദ്ധേയമാണ്. ആർക്കും ബുദ്ധിമുട്ടില്ലാതെ വരികയാണെങ്കിൽ ആറന്മുള വിമാനത്താവള പദ്ധതി നല്ലതാണെന്നായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം.
അതേസമയം, ഇപ്പോഴത്തെ നടപടികൾ ദുരൂഹമാണെന്നും ഇതിന് പിന്നില്‍ ഭൂമി കച്ചവട താല്‍പര്യങ്ങളാണെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയായ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. ആറന്മുള വിമാനത്താവള പദ്ധതിയെ ബിജെപി എതിർക്കും. മേൽപറഞ്ഞ ഭൂമിയിൽ ഒരു കാരണവശാലും വിമാനത്താവളത്തിന് അനുമതി ലഭിക്കില്ലെന്നും കുമ്മനം രാജശേഖരൻ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications