'മുഖ്യമന്ത്രി അര്‍ജന്റീന എംബസിയില്‍ നേരിട്ട് പോയി', കേരളത്തിൽ പന്ത് തട്ടുമോ മെസി? നടപടി ഉടൻ
തിരുവനന്തപുരം കേരളത്തില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അര്‍ജന്റീന. നേരത്തെ കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ മത്സരത്തിനായി ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇതിനാണ് മറുപടി ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് അര്‍ജന്റീനയുടെ ടീം മാനേജര്‍മാര്‍ അറിയിച്ചതായി കായിക മന്ത്രി പറഞ്ഞു.
അര്‍ജന്റീനയുടെ കത്ത് അടുത്തയാഴ്ച്ച ലഭിച്ചാല്‍ ഉടന്‍ കേരളം തുടര്‍ നടപടികള്‍ ആരംഭിക്കുമെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി ആലോചിച്ചാണ് മത്സര കാര്യത്തില്‍ കേരളം മുന്നോട്ട് പോകുന്നത്. അര്‍ജന്റീനയുടെ മത്സരം സംഘടിപ്പിക്കുന്നതില്‍ ഫണ്ട് സ്വരൂപിക്കുന്നതിന് പ്രയാസമുണ്ടാവില്ലെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു.

ലോകോത്തര ടീമുകള്‍ ഒക്കെ കേരളത്തില്‍ പന്തുതട്ടണമെന്നാണ് ആഗ്രഹിക്കുന്നത്. ഫുട്‌ബോളിന്റെ പ്രോത്സാഹിപ്പിക്കുക എന്നത് കായിക വകുപ്പിന്റെ ലക്ഷ്യമാണ്. വൈകാതെ മത്സരങ്ങള്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാന്‍ ആഗ്രഹിച്ചിരുന്നു.
ഫിഫ ലോകകപ്പില്‍ ലഭിച്ച വമ്പന്‍ ആരാധക പിന്തുണയ്ക്ക് നന്ദി പ്രകടനമായിട്ടാണ് ഇന്ത്യയില്‍ പന്ത് തട്ടാന്‍ അര്‍ജന്റീന ആഗ്രഹിച്ചത്. എന്നാല്‍ അര്‍ജന്റീന ആവശ്യപ്പെട്ട തുക നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ക്ഷണം നിരസിക്കുകയായിരുന്നു. 32 കോടി രൂപയാണ് മത്സരം കളിക്കാന്‍ അര്‍ജന്റീന ആവശ്യപ്പെട്ടതെന്നും ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.
ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. കേരളത്തില്‍ അര്‍ജന്റീനയുടെ ഒരു കളിയെന്നത് നമ്മുടെ സ്വപ്‌നമാണ്. മുഖ്യമന്ത്രി അര്‍ജന്റീന എംബസിയില്‍ നേരിട്ട് പോയി. കേരളത്തിലെ ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് അര്‍ജന്റീന നന്ദി അറിയിച്ചത് കൊണ്ടാണ് മുഖ്യമന്ത്രി അവിടെ എത്തി ആശംസകള്‍ അറിയിച്ചത്. മുഖ്യമന്ത്രി അര്‍ജന്റീന ടീം കേരളത്തിലേക്ക് വരണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു.
കേരളത്തില്‍ ഫുട്‌ബോള്‍ നടത്തുകയാണെങ്കില്‍ സഹായിക്കാമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പറയുന്നുണ്ട്. കേരളത്തിന് ഒരു മടിയും അക്കാര്യത്തില്‍ ഇല്ല. അര്‍ജന്റീന താല്‍പര്യ പത്രം തന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. മത്സരം നടത്താവുന്ന സ്റ്റേഡിയങ്ങള്‍ കേരളത്തിലുണ്ടെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു.
അര്‍ജന്റീനയ്ക്ക് ജൂണ്‍ പന്ത്രണ്ടിനും ഇരുപതിനും ഇടയില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കുള്ള സ്ലോട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യക്ക് പുറമേ ബംഗ്ലാദേശും മത്സരം നടത്താനില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഓസ്‌ട്രേലിയക്കെതിരെയും, ഇന്തോനേഷ്യക്കെതിരെ അര്‍ജന്റീന സൗഹൃദ മത്സരങ്ങള്‍ കളിച്ചത്. അര്‍ജന്റീനയുടെ ഓഫര്‍ തള്ളിയത് ഇന്ത്യക്ക് ലഭിച്ച വലിയൊരു അവസരത്തെ ഇല്ലാതാക്കുന്നതാണെന്ന് ഫുട്‌ബോള്‍ ആരാധകര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തില്‍ കളിക്കാനായി മന്ത്രി ടീമിനെ ക്ഷണിച്ചത്.


Click it and Unblock the Notifications