അര്‍ജുനായുള്ള രക്ഷാദൗത്യം: ഗൗരവമുള്ള വിഷയമെന്ന് കര്‍ണാടക ഹൈക്കോടതി, സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ്
ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാ ദൗത്യത്തില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി. രക്ഷാദൗത്യം ഗൗരവമുള്ള വിഷയമാണെന്ന് കര്‍ണാടക ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അര്‍ജുനായുള്ള തിരച്ചില്‍ എട്ടാം ദിവസവും തുടരുന്നു.
പ്രതികൂല കാലാവസ്ഥ തിരച്ചിലിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഗംഗാവലി പുഴയില്‍ സിഗ്നല്‍ ലഭിച്ച ഭാഗത്ത് മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. തീരത്തോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് കൂടിക്കിടക്കുന്ന മണ്‍കൂനകള്‍ ഒഴുക്കി കളയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബോറിങ് യന്ത്രം ഉപയോഗിച്ച് ആഴത്തില്‍ തുരുന്നുള്ള പരിശോധനയും പുരോഗമിക്കുകയാണ്.

അതേസമയം ഇതുവരെയുള്ള രക്ഷാദൗത്യത്തിന്റെ വിവരങ്ങള്‍ കര്‍ണാടക ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. രണ്ട് മലയാളി അഭിഭാഷകരാണ് സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഹര്‍ജി പരിഗണിച്ചത്.
ഇന്നലെ സുപ്രീം കോടതിയെ സമീപിച്ച അഭിഭാഷകരോട് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഇന്ന് ഹൈക്കോടതിയിലേക്ക് എത്തിയത്. കോടതി ഇടപെടല്‍ തിരച്ചിലിന് ഊര്‍ജം പകരുമെന്നാണ് പ്രതീക്ഷ. പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ച് കൊണ്ടിരിക്കുന്നത്.
ദുരന്തസ്ഥലത്തെ രക്ഷാദൗത്യം തുടരുമെന്ന് സൈന്യം അറിയിച്ചു. ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തല്‍ക്കാലം കരയിലേക്ക് കയറിയത്. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് വെള്ളത്തില്‍ ഇറങ്ങാന്‍ സാധിക്കുന്നില്ല. ഗംഗാവലി പുഴയില്‍ സിഗ്നല്‍ കിട്ടിയ സ്ഥലത്ത് അതിശക്തമായ അടിയൊഴുക്കാണ് ഉള്ളത്.
അതേസമയം ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്തകള്‍ കാര്‍വാര്‍ എസ്പി നാരായണ തള്ളി. സ്‌ഫോടനം ഉണ്ടായിട്ടില്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും എസ്പി അഭ്യര്‍ത്ഥിച്ചു. ഒഴുകിപ്പോയ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചിട്ടില്ല. മൃതദേഹങ്ങളില്‍പൊള്ളലേറ്റ പാടുകളില്ലെന്നും നാരായണ പറഞ്ഞു.
അതേസമയം അര്‍ജുന്റെ ലോറി അപകട സ്ഥലത്തേക്ക് പോകുന്ന വീഡിയോ ദൃശ്യങ്ങള്‍ കര്‍ണാടക പോലീസിന് ലഭിച്ചു. അര്‍ജുന്‍ സഞ്ചരിച്ച ലോറി അപകട സ്ഥലത്തേക്ക് എത്തിയോ എന്ന് ഉറപ്പിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചത്. അര്‍ജുന്റെ ലോറി പിറ്റേ ദിവസം എഞ്ചിന്‍ സ്റ്റാര്‍ട്ട് ആയതായി ജിപിഎസില്‍ കണ്ടെത്തിയിട്ടില്ലെന്നും അത്തരം പ്രചാരണത്തില്‍ വാസ്തവമില്ലെന്നും ലോറി ഉടമ മനാഫ് പറഞ്ഞു.
പരിശോധനാ സ്ഥലത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഉള്ളത്. മലയാളി തിരച്ചില്‍ സംഘത്തെ കടത്തിവിടാതെ പോലീസ് തടഞ്ഞു. പ്രവേശന അനുമതി അര്‍ജുന്റെ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് ഉള്ളത്.


Click it and Unblock the Notifications