അര്‍ജുനായുള്ള തിരച്ചില്‍; റഡാര്‍ സിഗ്നല്‍ ലഭിച്ചിടത്ത് സോണാര്‍ സിഗ്നല്‍, തിരച്ചില്‍ ബുധനാഴ്ച്ച
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക്. തിരച്ചിലിന്റെ എട്ടാം ദിവസം നിര്‍ണായക സൂചന ലഭിച്ചിരിക്കുകയാണ്. ഗംഗാവാലി പുഴയില്‍ നിന്ന് സോണാര്‍ സിഗ്നലും ലഭിച്ചിരിക്കുകയാണ്. റഡാര്‍ സിഗ്നല്‍ ലഭിച്ച അതേ ഇടത്ത് നിന്നാണ് സോണാര്‍ സിഗ്നലും ലഭിച്ചിരിക്കുന്നത്.
നാളെ കൂടുതല്‍ മികവുറ്റ സാങ്കേതികവിദ്യ അടക്കം ഉപയോഗിച്ചാണ് തിരച്ചില്‍ ഊര്‍ജിതമാക്കുക. നിലവില്‍ ശക്തമായ അടിയൊഴുക്കാണ് ഈ പ്രദേശത്തുള്ളത്. അതിനാല്‍ ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. രണ്ട് സിഗ്നലുകളും ഒരു വലിയ വസ്തുവിന്റെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്.

വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണ് സോണാര്‍. തിരച്ചില്‍ പ്രധാനമായും ഇതിനെ കേന്ദ്രീകരിച്ചായിരിക്കുമെന്നും നാവിക സേന അറിയിച്ചിട്ടുണ്ട്.
രണ്ട് സാധ്യതകളാണ് ഈ സിഗ്നലിനെ തുടര്‍ന്ന് സംഭവിക്കാന്‍ ഇടയാക്കുകയെന്നാണ് വിലയിരുത്തല്‍. ഒന്നുകില്‍ മെറ്റല്‍ ടവര്‍ മറിഞ്ഞു പുഴയില്‍ വീണതാവാന്‍ സാധ്യതയുണ്ട്. അതല്ലെങ്കില്‍ അര്‍ജുന്റെ ലോറിയായിരിക്കാം. ഐബോഡ് എന്ന ഉപകരം ഉപയോഗിച്ച് നാളെ ഈ പ്രദേശത്താകെ പരിശോധന നടത്താനാണ് നാവികസേന തീരുമാനിച്ചിരിക്കുന്നത്.
അതേസമയം മണ്ണിടിച്ചിലിന് പിന്നാലെ ഷിരൂരിലെ കാഴ്ച്ചകള്‍ ഞെട്ടിപ്പിക്കുന്നതാണ്. മണ്ണിടിഞ്ഞതിന് പിന്നാലെ നദിയുടെ മറുകരയിലുള്ളവര്‍ ഭയന്നോടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മണ്ണിടിച്ചില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത് ഉളുവരെ ഗ്രാമത്തിലാണ്. ഇവിടെ നിരവധി വീടുകളാണ് തകര്‍ന്നത്.
ആ ഭാഗത്തുണ്ടായിരുന്ന ജനങ്ങളാണ് ഓടി രക്ഷപ്പെടുന്നത്. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്തിന്റെ താഴേ ഭാഗത്തായി റെയില്‍വേ പാലമുണ്ട്. ആ പാലത്തിന് സമീപത്തുണ്ടായിരുന്നവരാണ് പുഴയില്‍ പെട്ടെന്ന് വെള്ളം ഉയരുന്നതായി കണ്ടത്. മണ്ണിടിഞ്ഞ് പുഴയിലേക്ക് വീണത്. ഇതോടെ പുഴ ഗതി മാറിയൊഴുകുന്ന സാഹചര്യം വരെയുണ്ടായി.
ഗംഗാവലി നദിയുടെ മറുകര പ്രദേശം മാടങ്കേരി ഉള്‍വരെ എന്ന സ്ഥലമാണ്. മത്സ്യത്തൊഴിലാളികളും ഗോത്ര വിഭാഗക്കാരുമാണ് കൂടുതലായും ഇവിടെ താമസിക്കുന്നത്. ഈ സമയത്ത് ഉഗ്ര ശബ്ദത്തിലുള്ള സ്‌ഫോടനവും ഇവിടെ ഉണ്ടായിരുന്നു.
ഇവിടത്തെ വീടുകളെല്ലാം തകര്‍ന്നിട്ടുണ്ട്. പാത്രങ്ങള്‍ അടക്കം ചതഞ്ഞ നിലയിലാണ്. ഒന്‍പത് പേരെ ഈ ഗ്രാമത്തില്‍ നിന്ന് കാണാതായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഏഴ് പേര്‍ ആശുപത്രിയിലാണ്. കുന്ന് ഇടിഞ്ഞ് ഗംഗാവലി നദിയിലേക്ക് വീണപ്പോള്‍ സുനാമി പോലെ വെള്ളം മുകളിലേക്ക് ഇരച്ചുകയറിയിരുന്നു.












Click it and Unblock the Notifications