അര്‍ണബിന് ജാമ്യം ലഭിച്ചു, എന്തുകൊണ്ട് സിദ്ദീഖ് കാപ്പന് കിട്ടിയില്ല, ചോദ്യങ്ങളുമായി കുടുംബം!!
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ നീതിപീഠത്തോടും രാജ്യത്തോടും ചോദ്യങ്ങളുമായി കാപ്പന്റെ കുടുംബം രംഗത്തെത്തി. അര്‍ണാബ് ഗോസ്വാമിക്ക് ജാമ്യം കിട്ടിയിട്ടും എന്തുകൊണ്ട് തന്റെ ഭര്‍ത്താവിന് ലഭിച്ചില്ലെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന പറയുന്നു. തന്റെ ഭര്‍ത്താവിന് നീതി ലഭിച്ചിട്ടില്ലെന്ന് ചിന്തിക്കാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ് താന്‍. അറസ്റ്റിന് ശേഷവും കോടതിയും ജയിലധികൃതരും അദ്ദേഹത്തെ കാണാനായി ഞങ്ങളെ അനുവദിച്ചില്ലെന്നും റൈഹാന പറഞ്ഞു.

നേരത്തെ ഹത്‌റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. ഉത്തര്‍പ്രദേശില്‍ ജാമ്യാപേക്ഷ നല്‍കാനുള്ള സാഹചര്യമില്ലെന്നും, സുപ്രീം കോടതി തന്നെ ഈ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കുടുംബത്തെ കാണാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയന്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം തന്റെ ഭര്‍ത്താവിനെ കുറിച്ച് ഒന്നും അറിയാന്‍ സാധിക്കുന്നില്ലെന്ന് റൈഹാന പറയുന്നു. ഞങ്ങള്‍ പല തലത്തില്‍ കോടതിയെയും സര്‍ക്കാരിനെയും സമീപിച്ചിട്ടുണ്ടെങ്കിലും നീതി ഇപ്പോഴും അകലെയാണെന്നും അവര്‍ പഞ്ഞു.
ഞങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേയെന്ന ചോദ്യമാണ് റൈഹാന ഉന്നയിക്കുന്നത്. ഹത്‌റസ് സംഭവത്തില്‍ മതപരമായ ശത്രുത വളര്‍ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാപ്പനും ക്യാംപസ് ഫ്രണ്ട് അംഗങ്ങളും യുപിയിലെത്തിയതെന്ന് പോലീസ് നേരത്തെ ആരോപിച്ചിരുന്നു. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ നേരത്തെ ചുമത്തിയിരുന്നു. അതേസമയം നിയമസംവിധാനങ്ങളും കോടതിയും ഞങ്ങളെ ഉപേക്ഷിച്ച പോലെയാണ് തോന്നുന്നത്. അര്‍ണബ് ഗോസ്വാമിയുടെ കേസ് ഇത്ര വേഗത്തിലെങ്ങനെ നടപ്പായി. ഇവിടെ തുല്യനീതി നടപ്പാക്കപ്പെടുന്നില്ല. ചിലര്‍ക്ക് മാത്രമാണ് നീതി ലഭിക്കുന്നതെന്നും റൈഹാന പറഞ്ഞു.
Recommended Video
നേരത്തെ കപില്‍ സിബല്‍ കാപ്പന്റെ അറസ്റ്റിനെ കുറിച്ച് പറഞ്ഞിരുന്നു. കെയുഡബ്ല്യുജെയുടെ ഡല്‍ഹി ഘടകത്തിന്റെ സെക്രട്ടറിയാണ് കാപ്പന്‍. ഹത്‌റാസില്‍ പോകാന്‍ ടാക്‌സി വാടകയ്‌ക്കെടുക്കുന്നതില്‍ അദ്ദേഹത്തിന് പണമില്ലായിരുന്നു. അവിടെ പോകുന്നവരുണ്ടെങ്കില്‍ പറയണമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അറസ്റ്റിലായ മൂന്ന് പേരേടൊപ്പം പോയത് അങ്ങനെയാണ്. ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്. സിദ്ദിഖിന്റെ അമ്മയെ ഇക്കാര്യങ്ങളൊന്നും അറിയിച്ചിട്ടില്ല. ദില്ലിയിലാണെന്ന് മാത്രമാണ് പറഞ്ഞത്. അവര്‍ക്ക് അല്‍ഷിമേഴ്‌സിന്റെ അസുഖമുള്ളത് ഈ അവസരത്തില്‍ നല്ലതായി തോന്നുന്നുവന്നും റൈഹാന പറഞ്ഞു.












Click it and Unblock the Notifications