അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; കോൺക്രീറ്റിങ് പൂർത്തിയാക്കി, ടാറിങ് ഇനി ശേഷിക്കുന്നത് 4 കിലോമീറ്റർ
കൊച്ചി: യാത്രക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയിലെ പൂർത്തിയാകാതെ കിടന്നിരുന്ന ഭാഗത്തെ മേൽത്തട്ടിലെ കോൺക്രീറ്റിങ് കഴിഞ്ഞു. അരൂർ ശ്രീനാരായണപുരത്തിന് സമീപം ദേശീയപാതയിലെ ഭാഗത്താണ് അവസാനഘട്ട കോൺക്രീറ്റിങ് കൂടി ഇപ്പോൾ പൂർത്തിയായത്. ഇതോടെ 12.75 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഉയരപ്പാതയുടെ മുഴുവൻ ഭാഗത്തെയും മേൽത്തട്ട് കോൺക്രീറ്റിങ് പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
110 കെവി വൈദ്യുതി ലൈനുകൾ ഉയർത്തി സ്ഥാപിക്കുന്ന പ്രവൃത്തി വൈകിയതാണ് ഈ ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുന്നതിനും തുടർന്ന് കോൺക്രീറ്റിങ് നടത്തുന്നതിനും തടസമായി നിന്നിരുന്നത്. അരൂർ മുതൽ തുറവൂർ വരെ 354 തൂണുകളിലായി നിർമ്മിക്കുന്ന ഉയരപ്പാതയുടെ ആദ്യ റേഞ്ചിലെ മേൽത്തട്ട് കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ ഇതോടെ പൂർത്തിയായിരിക്കുകയാണ്.

കോൺക്രീറ്റിങ് പൂർത്തിയായതോടെ ടാറിങ് ജോലികളും വേഗത്തിലായി. ഏകദേശം 9.5 കിലോമീറ്ററിൽ ടാറിങ് പൂർത്തിയായി. ഇനി ഏകദേശം നാല് കിലോമീറ്റർ ഭാഗത്താണ് ടാറിങ് ഉൾപ്പെടെയുള്ള ജോലികൾ ബാക്കിയുള്ളത്. ഉയരപ്പാതയുടെ കിഴക്കുഭാഗത്ത് പില്ലർ 39 മുതൽ 192 വരെയും പടിഞ്ഞാറുഭാഗത്ത് പില്ലർ 57 മുതൽ 149 വരെയും ടാറിങ് പൂർത്തീകരിച്ചു. ആകെ ടാറിങ് ജോലികളുടെ 80 ശതമാനത്തിലേറെയും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
പില്ലർ 25, 26, 27 ഭാഗങ്ങളിലെ കോൺക്രീറ്റിങ് പൂർത്തിയായതിന് പിന്നാലെ ഇവിടെയും ടാറിങ് വേഗത്തിൽ നടത്തും. തുടർന്ന് ക്രഷ് ബാരിയർ സ്ഥാപിക്കുന്നതടക്കമുള്ള ജോലികൾ പൂർത്തിയാക്കണം. മേൽപാലത്തിലെ ജോയിന്റുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം ലൈറ്റുകളും സൂചനാ ബോർഡുകളും സ്ഥാപിക്കും. ഇതോടൊപ്പം സർവീസ് റോഡുകളുടെ ഇരുവശങ്ങളിലുമുള്ള കാന നിർമ്മാണവും പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികളും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്.
ഡിസംബർ മാസത്തിനുള്ളിൽ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ കാന നിർമ്മാണവുമായി ബന്ധപ്പെട്ട് ഒന്നിലേറെ സിവിൽ കേസുകൾ നിലവിലുള്ളത് തടസമായി തുടരുകയാണ്. പാതയോരത്തെ ഏതാനും കയ്യേറ്റങ്ങൾ ഒഴിപ്പിച്ചാൽ മാത്രമേ കാന നിർമ്മാണം പൂർണമായി പൂർത്തിയാക്കാൻ സാധിക്കൂ എന്നതാണ് നിലവിലെ സ്ഥിതി.
ഇതിനുപുറമെ തുറവൂർ ജംഗ്‌ഷനിൽ നിന്ന് തെക്കോട്ടുള്ള ഉയരപ്പാതയുടെ കൂട്ടിച്ചേർക്കൽ ജോലികളും അരൂർ പള്ളി ബൈപാസ് കവലയിൽ നിന്ന് കുമ്പളം-അരൂർ ഇരട്ടപ്പാലങ്ങളിലേക്കുള്ള റോഡുകളുടെ നിർമ്മാണവും ഇനി പൂർത്തിയാക്കേണ്ടതുണ്ട്. ഇവ കൂടി പൂർത്തിയാകുന്നതോടെ അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ പദ്ധതിയുടെ അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കും അവസാനമാവും.
അരൂർ-തുറവൂർ റോഡിൽ പലപ്പോഴും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യമാണ് മുൻപ് ഉണ്ടായിരുന്നത്. കുഴികളും വെള്ളക്കെട്ടും ഇടുങ്ങിയ ഭാഗങ്ങളും ഗതാഗതത്തെ കാര്യമായി സ്വാധീനിച്ചിരുന്നു. പിന്നീട് കൊച്ചി-ആലപ്പുഴ യാത്രക്കാർക്ക് സമയനഷ്‍ടം പതിവായി മാറി. ഇതോടെയാണ് ഇവിടെ ഉയരപ്പാത നിർമ്മിക്കാൻ തീരുമാനിച്ചത്.


Click it and Unblock the Notifications
