അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ; നിർമ്മാണം ദ്രുതഗതിയിൽ, പിന്നാലെ വാഹനങ്ങൾക്ക് 'പഞ്ചർ' പണി
കൊച്ചി: മധ്യ കേരളത്തിലെ ഏറ്റവും പ്രധാന റോഡ് വികസനങ്ങളിൽ ഒന്നായ അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ റോഡിന്റെ പണി പൂർത്തിയാക്കി യാത്രക്കാർക്കായി ഗതാഗതത്തിന് തുറന്ന് കൊടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഉയരപ്പാതയുടെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ.
പാത യാഥാർഥ്യമാവുന്നതോടെ ഇവിടെയുള്ള ഗതാഗത കുരുക്ക് മാറുകയും യാത്ര കൂടുതൽ വേഗത്തിലാവുകയും ചെയ്യും. ഇവിടുത്തെ അവസാന റീച്ചായ തുറവൂർ മുതൽ കുത്തിയതോട് വരെയുള്ള ഭാഗത്ത് തുറവൂർ ജംഗ്‌ഷൻ മുതൽ പാട്ടുകുളങ്ങര വരെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. മേഖലയുടെ വികസനത്തിന് ഏറെ സഹായകരമാണ് ഇത്.

AI Image
ഉയരപ്പാതയുടെ ഭാഗമായുള്ള കാനയുടെ നിർമ്മാണം പൂർത്തിയായ ഇടങ്ങളിൽ സൈക്കിൾ ട്രാക്ക് കൂടി നിർമ്മിക്കുന്നുണ്ട്, അതിന്റെ ജോലികളും അന്തിമ ഘട്ടത്തിലാണ്. കാനയോട് ചേർന്നാണ് ഇന്റർലോക്ക് കട്ടകൾ കൊണ്ടുള്ള സൈക്കിൾ പാതകൾ നിർമ്മിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും നീളമേറിയ എലവേറ്റഡ് ഹൈവേയാണ് അരൂർ-തുറവൂർ റൂട്ടിലുള്ളത്. ഇത് പൂർത്തിയായാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാരിന് പ്രചാരണ ആയുധമാവും.
പ്രവൃത്തികൾ ദ്രുതഗതിയിൽ, പിന്നാലെ പഞ്ചർ പണി
അതിനിടെ അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേയിലെ ജോലികൾ പൂർത്തീകരിക്കുന്ന ഇടങ്ങളിൽനിന്ന് മാറ്റുന്ന ഇരുമ്പ് ബാരിക്കേഡുകൾ അടിച്ചുറപ്പിച്ചിരുന്ന ഇരുമ്പ് കമ്പിക്കഷണങ്ങൾ പാതയിൽനിന്ന് ഊരിമാറ്റാത്തത് വാഹനങ്ങളെ പഞ്ചർ ആക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ഇതിൽ കയറി ആംബുലൻസ് അടക്കമുള്ള വാഹനങ്ങളുടെ ടയറുകൾ കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചറായതോടെ പ്രതിഷേധം ഉയരുന്നുണ്ട്.
റോഡിൽ ഉയർന്നു നിൽക്കുന്ന കമ്പിക്കഷണങ്ങൾ വാഹനങ്ങൾക്ക് നിലവിൽ ഭീഷണിയാണ്. ഉയരപ്പാതയുടെ നിർമ്മാണവേളയിൽ സുരക്ഷ ഉൾപ്പെടെ മുൻനിർത്തിയാണ് ഇത്തരം ഇരുമ്പ് ബാരിക്കേഡുകൾ കൊണ്ട് ഗതാഗതം ഗതാഗതം ഒറ്റവരിയാക്കിയത്. പെയിന്റിങ്ങും ഡിവൈഡർ നിർമ്മാണവും നടക്കുന്ന ഭാഗങ്ങളിലാണ് ബാരിക്കേഡുകൾ നിലവിൽ നീക്കിത്തുടങ്ങിയത്. ഇതാണ് ഇപ്പോൾ വെല്ലുവിളിയാവുന്നത് എന്നാണ് ആക്ഷേപം.
ഇവ ഉറപ്പിക്കാനായി ദേശീയപാതയിൽ താഴ്ത്തിയ ഇരുമ്പുകമ്പികൾ നീക്കാത്തതാണ് വാഹനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്. 170, 171, 181 എന്നീ നമ്പർ തൂണുകൾക്ക് സമീപം ഇത്തരത്തിൽ ഉയർന്നുനിൽക്കുന്ന ഇരുമ്പുകമ്പികൾ കാണാം. നീണ്ട ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന വേളയിൽ സ്വാഭാവികമായും ആംബുലൻസ് ഉൾപ്പെടെയുള്ളവ ഈ ഭാഗത്തേക്ക് കയറുന്നത് പതിവാണ്. അങ്ങനെ വരുമ്പോൾ കമ്പി തടസമാവുന്നുണ്ട്.
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ
അരൂർ ബൈപ്പാസ് ജംഗ്‌ഷന് സമീപമാണ് നിലവിൽ നിർമ്മാണ ജോലികൾ സജീവമായി നടക്കുന്നത്. ഇവിടെ തോപ്പുംപടി ഭാഗത്തേക്കുള്ള റാംപ് നിർമ്മാണമാണ് നടക്കുന്നത്. ഒപ്പം വൈറ്റില ബൈപ്പാസിലേക്കുള്ള റോഡിൽ പാത ഇറങ്ങുന്ന ഭാഗത്തും ജോലികൾ അതിവേഗമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ബൈപ്പാസ് ജംഗ്‌ഷനിൽ ട്രാഫിക് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും അത് യാത്രക്കാരെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കുന്നില്ല എന്നതാണ് ആശ്വാസകരം.
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ 12.75 കിലോമീറ്റർ നീളമുള്ള, ആറ് വരിപ്പാതയുള്ള, രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേയാണ്. ഇത് കൊച്ചി നഗരത്തിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് കൊണ്ട് വന്നിരിക്കുന്നത്. ദേശീയപാത 66ന്റെ ഭാഗമാണ് ഈ ഭാഗം. ദേശീയ പാത അതോറിറ്റിയുടെ 2200 കോടി രൂപയുടെ പദ്ധതി 2026 മെയ് മാസത്തോടെ പൂർത്തിയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അത് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുണ്ടാവും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.












Click it and Unblock the Notifications