അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; ഒക്ടോബറിൽ പണി പൂർത്തിയാകും, ഈ വർഷം തന്നെ തുറന്നുകൊടുക്കും!
കൊച്ചി: യാത്രക്കാർ കാലങ്ങളായി കാത്തിരിക്കുന്ന 12.75 കിലോമീറ്റർ നീളമുള്ള അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ പ്രധാന ഘടനാ നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബർ 15നകം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായി അധികൃതർ. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഗതാഗത പാതകളിലൊന്നിൽ മാസങ്ങളായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകുമെന്നാണ് കരുതുന്നത്.
എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം ഈ വർഷം മാർച്ചിനകം പൂർത്തിയാക്കാനായിരുന്നു നേരത്തെയുള്ള ലക്ഷ്യം. എന്നാൽ അരൂർ റെസിഡൻസി ഹോട്ടലിന് സമീപമുള്ള ഭാഗത്ത് അധിക ഹൈടെൻഷൻ വൈദ്യുതി ലൈനുകൾ മാറ്റുന്നതിനായി കെഎസ്ഇബിയുടെ അനുമതി ലഭിക്കാൻ വൈകിയത് നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചു.

അനുമതി ലഭിക്കുന്നതിലെ കാലതാമസം ആറ് ഘടനാ സ്‌പാനുകളുടെ നിർമ്മാണത്തെ ബാധിച്ചു. കെഎസ്ഇബിയുടെ അനുമതി ലഭിച്ചതിന് ശേഷം ഇതിൽ നാല് സ്‌പാനുകളുടെ നിർമാണം പൂർത്തിയാക്കി. ശേഷിക്കുന്ന രണ്ട് സ്‌പാനുകളുടെ സ്ഥാപിക്കൽ ഒക്ടോബർ 15നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്; നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
2023ൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതുമുതൽ ഈ ഭാഗത്ത് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രധാന ഘടനയുടെ നിർമ്മാണം പൂർത്തിയായാൽ അവസാനഘട്ട പ്രവർത്തനങ്ങളിലേക്ക് കടക്കും. റോഡ് ഉപരിതലം ടാർ ചെയ്യുക, സുരക്ഷാ-ശബ്‌ദ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കുക, തെരുവ് വിളക്കുകൾ സ്ഥാപിക്കുക, ഗതാഗത പാതകൾ അടയാളപ്പെടുത്തുക, അരൂർ ഭാഗത്തെ അപ്രോച്ച് റോഡ് നിർമിക്കുക തുടങ്ങിയവയാണ് ഇനി ചെയ്യാനുള്ള പ്രധാന ജോലികളെന്ന് ഉദ്യോസ്ഥർ അറിയിച്ചു.
ഈ ജോലികൾ പ്രധാനമായും എലിവേറ്റഡ് ഹൈവേയുടെ മുകളിലാണ് നടത്തുക. അതിനാൽ താഴെയുള്ള റോഡിലൂടെയുള്ള ഗതാഗതത്തെ കാര്യമായി ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. അതുകൊണ്ട് തന്നെ കാര്യങ്ങൾ ഒത്തുവന്നാൽ ഒക്ടോബറോടെ മേഖലയിലെ ഗതാഗതകുരുക്കിന് വലിയൊരു അളവിൽ കുറവുണ്ടാകും. ഏകദേശം 20 കിലോമീറ്റർ റോഡിന്റെ ടാറിങ്ങും മറ്റ് പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
ആറ് വരിപ്പാതയായാണ് എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കി കൊച്ചിക്കും ആലപ്പുഴയ്ക്കുമിടയിലെ യാത്ര കൂടുതൽ വേഗത്തിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദേശീയപാത 66 ആറ് വരിയാക്കുന്ന വലിയ പദ്ധതിയുടെ ഭാഗമായാണ് എൻഎച്ച്എഐ ഈ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
നിലവിൽ നടക്കുന്ന എൻഎച്ച് 66 വികസന പദ്ധതിയിൽ മധ്യകേരളത്തിലെ പ്രധാന ഘടനാ നിർമ്മാണം പൂർത്തിയാക്കുന്ന ആദ്യ ഭാഗമായിരിക്കും ഈ എലിവേറ്റഡ് ഹൈവേ. റോഡ് ഉപരിതല നിർമാണം ഉൾപ്പെടെയുള്ള മുഴുവൻ ജോലികളും ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കി എലിവേറ്റഡ് ഹൈവേ ഗതാഗതത്തിനായി തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.


Click it and Unblock the Notifications