അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ; യാത്രക്കാർ ശ്രദ്ധിക്കണം, ഒരു മാസം ഗതാഗത നിയന്ത്രണം, എവിടെയൊക്കെ?
കൊച്ചി: അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ഒരു മാസത്തേക്ക് മേഖലയിൽ ഗതാഗത നിയന്ത്രണം. ജനുവരി രണ്ടാം തീയതി വൈകീട്ട് മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങിയത്. യാത്രക്കാർ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
സംസ്ഥാന പാതയായ തോപ്പുംപടി-അരൂർ റോഡിലൂടെ വരുന്ന വാഹനങ്ങൾ അരൂർ ബൈപാസ് കവലയിൽ നിന്ന് ദേശീയപാതയിലേക്കു കയറാതിരിക്കാൻ ബാരിക്കേഡ് സ്ഥാപിച്ച് അടച്ചിരിക്കുകയാണ്. ഇവിടെ നിന്നെത്തുന്ന വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് അരൂർ കുമ്പളം പാലം ഇറങ്ങി യുടേൺ എടുത്ത് ആലപ്പുഴ ഭാഗത്തേക്ക് പോവുകയാണ് വേണ്ടത്.

അതുപോലെ തന്നെ വൈറ്റിലയിൽ നിന്ന് ഇടക്കൊച്ചിയിലേക്കു പോകുന്ന വാഹനങ്ങൾ ബൈപാസ് കവലയുടെ തെക്ക് ഭാഗത്തുള്ള യുടേൺ തിരിഞ്ഞു പോകണം. വൈറ്റിലയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള ദീർഘദൂര വാഹനങ്ങൾ കുണ്ടന്നൂർ ജംഗ്‌ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞ് തീരദേശ റോഡ് വഴി വിടാനും ആലോചനയുണ്ട്, ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
നിലവിൽ അരൂർ ക്ഷേത്രം കവല മുതൽ വടക്കോട്ടുള്ള തൂണുകൾക്ക് മുകളിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഒരു മാസത്തെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. പില്ലർ നമ്പർ 1 മുതൽ 5 വരെയുള്ള ഭാഗത്ത് ഇനി 35 ഗർഡറുകളാണ് സ്ഥാപിക്കാനുള്ളത്. ഇവിടെ കോൺക്രീറ്റ് ഗാർഡറുകൾ സ്ഥാപിക്കുന്നതോടെ വലിയൊരു ജോലി തന്നെ ആണ് തീരുന്നത്.
എൻഎച്ച് 66ൽ നിന്ന് സംസ്ഥാന പാതയിലേക്കു പോകുന്ന റാമ്പും ഉയരപ്പാതയും ചേരുന്ന ഭാഗമായതിനാൽ ഈ ഭാഗത്ത് ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കാൻ സാധിക്കില്ല, നേരത്തെ അങ്ങനെയായിരുന്നു ചെയ്‌തിരുന്നത്. അതിനാൽ 2 ക്രെയിനുകൾ ഉപയോഗിച്ചാണ് 80 ടൺ ഭാരമുള്ള ഗർഡറുകൾ ഇപ്പോൾ സ്ഥാപിക്കുന്നത്. തുടർന്ന് സുരക്ഷയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
നിലവിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നേരിടുന്നത് ദേശീയപാതയിലെ യാത്ര ദുസഹമാക്കിയിട്ടുണ്ട്. മുൻപ് പാതയുടെ നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽപിക്കപ്പ് ഡ്രൈവർ മരണപ്പെട്ടത് ഉൾപ്പെടെയുള്ള അപകടങ്ങൾ കണക്കിലെടുത്താണ് ഇക്കുറി മുൻകരുതലായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
എലവേറ്റഡ് ഹൈവേയുടെ നിർമ്മാണം പുരോഗമിക്കുന്ന അരൂർ ബൈപാസ് കവലയിൽ അരൂർ, കുത്തിയതോട് പോലീസിന്റെയും ഹൈവേ പൊലീസിന്റെയും മേൽനോട്ടത്തിലാണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി രാവിലെ 8 മുതൽ രാത്രി 8 വരെ രണ്ടുഷിഫ്റ്റുകളിലായി 12 ഹോംഗാർഡുകളെയും ഉയരപ്പാത നിർമാണ കമ്പനി വിവിധയിടങ്ങളിലായി 15 മാർഷൽമാരെയും നിയമിച്ചിട്ടുണ്ട്.
കൂടാതെ ഗർഡറുകൾ സ്ഥാപിക്കുന്ന സമയങ്ങളിൽ ഹൈവേ പോലീസിന്റെയും അരൂർ പോലീസിന്റെയും സാന്നിധ്യത്തിലാണ് സുരക്ഷാസംവിധാനം ഒരുക്കുന്നത്. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ മേഖലയിലെ ഗതാഗത കുരുക്ക് അഴിയാനിടയില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ ഉദ്‌ഘാടനം ചെയ്‌തു തുറന്ന് കൊടുത്താൽ അത് യാത്രക്കാർക്ക് വലിയ രീതിയിൽ ഗുണകരമാവും.












Click it and Unblock the Notifications