അരൂർ-തുറവൂർ ഉയരപാത; പലയിടത്തും രൂക്ഷമായ ഗതാഗത കുരുക്ക്, സർവീസ് റോഡ് വീതി കൂട്ടണമെന്ന് ആവശ്യം

കൊച്ചി: അരൂർ-തുറവൂർ ഉയരപ്പാത അവസാനിക്കുന്ന തുറവൂർ ജങ്‌ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ദേശീയപാതയിലൂടെ അരൂർ ഭാഗത്തുനിന്ന് ആലപ്പുഴയിലേക്കും ചേർത്തല ഭാഗത്തേക്കും പോകുന്ന വാഹനങ്ങളാണ് പ്രധാനമായും ഗതാഗതക്കുരുക്കിൽപ്പെടുന്നത്. ഉയരപ്പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ജങ്ഷനിലും സമീപപ്രദേശങ്ങളിലും റോഡിന്റെ വീതി കുറഞ്ഞതും തൂണുകളുടെ നിർമ്മാണത്തിനായി റോഡിൽ കുഴിയെടുത്തതുമാണ് ട്രാഫിക്ക് ബ്ലോക്കിന് കാരണം.

തുറവൂർ ജങ്ഷന്റെ തെക്കുഭാഗത്ത് ഉയരപ്പാതയുടെ തൂണുകൾ നിർമ്മിക്കുന്നതിനായി റോഡിന്റെ ഭാഗം കുഴിച്ചിരിക്കുകയാണ്. ഇതോടെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സ്ഥലം വളരെ കുറഞ്ഞു. ജങ്ഷന് തെക്കുഭാഗത്ത് ഏകദേശം 200 മീറ്റർ ദൂരത്തിൽ കിഴക്കുഭാഗത്തെയും പടിഞ്ഞാറുഭാഗത്തെയും പാതകൾ ഒറ്റവരിയിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഒരേസമയം കൂടുതൽ വാഹനങ്ങൾ എത്തുന്നതോടെ ഇവിടെ ഗതാഗതം മന്ദഗതിയിലാകുകയും പിന്നിലേക്ക് നീണ്ട വാഹനനിര രൂപപ്പെടുകയും ചെയ്യുന്നു.

aroor thuravoor elevated highway

അരൂർ ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വാഹനങ്ങളെയാണ് ഇതിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് ബാധിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ ഏറെനേരം റോഡിൽ കുടുങ്ങിക്കിടക്കുകയാണ്. പല ദിവസങ്ങളിലും കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്ന സ്ഥിതിയുണ്ട്. ദേശീയപാതയിലൂടെ ദീർഘദൂര യാത്ര നടത്തുന്ന വാഹനങ്ങൾക്കും പ്രദേശത്തെ സ്ഥിരം യാത്രക്കാർക്കും ഇത് വലിയ സമയനഷ്‌ടമാണ് ഉണ്ടാക്കുന്നത്.

തൈക്കാട്ടുശേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്കും കൊച്ചിയിലേക്കും പോകുന്ന വാഹനങ്ങൾക്കും നിലവിലെ ഗതാഗത ക്രമീകരണം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് തുറവൂർ ജങ്ഷനിൽനിന്ന് നേരിട്ട് ആവശ്യമായ ദിശയിലേക്ക് പോകാൻ കഴിയാത്തതിനാൽ തെക്കോട്ട് ഏകദേശം 750 മീറ്റർ സഞ്ചരിച്ചശേഷം യു ടേൺ എടുത്താണ് യാത്ര തുടരേണ്ടത്. ഇതോടെ അധികദൂരം സഞ്ചരിക്കേണ്ടിവരുന്നതിന് പുറമെ യു ടേൺ ഭാഗത്തും വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

തൈക്കാട്ടുശേരി ഭാഗത്തുനിന്ന് തുറവൂർ ജങ്ഷനിലൂടെ ഓട്ടോറിക്ഷ, ടാക്‌സി തുടങ്ങിയ വാഹനങ്ങൾ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നുണ്ട്. എന്നാൽ തൂണുകളുടെ നിർമ്മാണത്തിനായി കുഴിയെടുത്തിരിക്കുന്നതിനാൽ പ്രവേശന ഭാഗത്തെ പാത വളരെ ഇടുങ്ങിയിരിക്കുകയാണ്. ഒരേസമയം ഇരുവശത്തുനിന്നും വാഹനങ്ങൾ എത്തുമ്പോൾ ഇവയ്ക്ക് സുഗമമായി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.

ഉയരപ്പാതയുടെ നിർമ്മണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ നിലവിലെ ഗതാഗത നിയന്ത്രണങ്ങൾ ഇനിയും കുറച്ചുകാലം തുടരാൻ സാധ്യതയുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി റോഡിന്റെ ഒരുഭാഗം ഉപയോഗപ്പെടുത്തേണ്ടിവരുന്ന സാഹചര്യത്തിൽ ബദൽ ഗതാഗത ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളെ നിയന്ത്രിക്കുന്നതിനും സർവീസ് റോഡിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.

അരൂർ-തുറവൂർ റീച്ചിലെ ഉയരപ്പാത അവസാനിക്കുന്ന തുറവൂർ ജങ്ഷന് തെക്കുഭാഗത്ത് ഇരുവശത്തുമുള്ള സർവീസ് റോഡുകൾക്കിടയിൽ നിർമ്മാണ കമ്പനിയുടെ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്ന ഭാഗവുമുണ്ട്. തൂണുകളുടെ നിർമ്മാണം പൂർത്തിയാകുന്നതുവരെ ഈ ഭാഗത്ത് ഏകദേശം 20 മീറ്റർ ദൂരത്തിൽ സർവീസ് റോഡിന്റെ വീതി താൽക്കാലികമായി വർധിപ്പിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന ഈ ഭാഗം ക്രമീകരിച്ച് വാഹനങ്ങൾക്ക് കൂടുതൽ സ്ഥലം ലഭ്യമാക്കിയാൽ ഗതാഗതം സുഗമമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

റോഡിന്റെ വീതി കുറയുന്ന ഭാഗങ്ങളിൽ വാഹനങ്ങൾ ഒറ്റവരിയിലൂടെ കടന്നുപോകേണ്ട സാഹചര്യം ഒഴിവാക്കുകയും സർവീസ് റോഡിൽ ആവശ്യമായ വീതി ഉറപ്പാക്കുകയും ചെയ്‌താൽ ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നത്. ഉയരപ്പാതയുടെ നിർമ്മാണം തടസപ്പെടുത്താതെയാണ് ഇത്തരം താൽക്കാലിക ക്രമീകരണങ്ങൾ നടപ്പാക്കേണ്ടതെന്നും അവർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma