സുധീരന്‍ പറഞ്ഞത് കാര്യമാണോ? വി എസിനെ സിപിഎം കശാപ്പ് ചെയ്യുമോ?
അരുവിക്കരയില്‍ എം വിജയകുമാര്‍ ജയിച്ചാല്‍ അത് വി എസിന്റെ മികവെന്നും തോറ്റാല്‍ അത് പിണറായിയുടെ തോല്‍വിയെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ സി പി എം അനുഭാവികള്‍ സര്‍ക്കാസം തുടങ്ങിയിട്ട് കുറച്ച് ദിവസമായി. അരുവിക്കരയില്‍ എല്‍ ഡി എഫ് ജയിച്ചാല്‍ വി എസിനെ ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പ് ഗോദയില്‍ സി പി എം സഹിക്കേണ്ടി വരുമെന്നും ഫേസ്ബുക്കിലും മറ്റും എഴുതിവിടുന്നവരുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ നിന്ന് നയിക്കുന്നത് വി എസ് ആണ് എന്നത് തന്നെ കാരണം.
ജയിച്ചാലും തോറ്റാലും വി എസ് അച്യുതാനന്ദനെ സി പി എം അധികകാലം സഹിക്കാന്‍ പോകുന്നില്ല എന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ ആക്രമണം നടത്തിയത്. വി എസിനെയും സി പി എമ്മിനെയും ഒരേപോലെ ആക്രമിക്കുന്നതായിരുന്നു സുധീരന്റെ വാക്കുകള്‍. അച്യുതാനന്ദന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്നും സി പി എം കശാപ്പു ചെയ്യാന്‍പോകുന്ന ആടാണ് വി എസ് എന്നുമാണ് സുധീരന്‍ പറഞ്ഞത്.

വി എസ് അച്യുതാനന്ദനെ തങ്ങള്‍ എന്ത് ചെയ്യും എന്ന് വിശദീകരിച്ചില്ലെങ്കിലും വി എം സുധീരനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കാന്‍ സി പി എം തയ്യാറായിട്ടുണ്ട്. വി എം സുധീരന്റെ പരാമര്‍ശങ്ങള്‍ തരംതാണതാണെന്നാണ് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. വാക്കുകള്‍ പിന്‍വലിച്ച് സുധീരന്‍ മാപ്പ് പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിന് കൊട്ടിക്കലാശം അടുക്കുമ്പോള്‍ രണ്ട് കക്ഷികളും പരസ്പരമുള്ള ആക്രമങ്ങള്‍ ശക്തമാക്കുന്ന കാഴ്ചയാണ് കാണുന്നത്. സി പി എമ്മില്‍ എല്ലാവരും ഒരുമിച്ചുനില്‍ക്കുകയാണെന്ന് ബോധ്യപ്പെടുത്താനായി ഒരേവേദിയില്‍ എല്ലാവരും ഒരുമിച്ച് വരേണ്ട കാര്യമില്ല എന്നാണ് കോടിയേരി പറയുന്നത്. അരുവിക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ എം വിജയകുമാര്‍ ജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.












Click it and Unblock the Notifications