'കെ എസ് യു സമ്മതിച്ചതോടെ ഇനി ബാനറില്ല', ഹൈബിയുടെ വഷളത്തരത്തിനുളള രാഷ്ട്രീയ മറുപടിയെന്ന് ആർഷോ
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ - കെഎസ്യു ബാനർ യുദ്ധം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എസ്എഫ്ഐയെ നിരോധിക്കണമെന്ന് കോൺഗ്രസ് എംപിയായ ഹൈബി ഈഡൻ ലോക്സഭയിൽ ആവശ്യപ്പെട്ടതിന് എതിരെയാണ് ആദ്യം എസ്എഫ്ഐ ബാനർ ഉയർത്തിയത്. ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന് എന്നതായിരുന്നു ബാനർ.
ഇതിന് കെഎസ്യു മറുപടി ബാനർ ഉയർത്തി. ഇതിനെതിരെ എസ്എഫ്ഐയും വീണ്ടും ബാനർ ഉയർത്തിയോടെ ബാനർ പോര് കൊഴുത്തു. ഇന്ദിര ഈസ് ഇന്ത്യ, ഇന്ത്യ ഈസ് ഇന്ദിര എന്നുളള അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ബാനർ കെഎസ്യു ഉയർത്തിയത് അവർക്ക് തന്നെ ബൂമറാംഗുമായി. സംഭവത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പ്രതികരണം ശ്രദ്ധ നേടുന്നു.

പിഎം ആർഷോയുടെ ഫേസ്ബുക്ക് കുറിപ്പ്: ' മഹാരാജാസിലെ കെ.എസ്.യു തന്നെ സമ്മതിച്ചു തന്ന സ്ഥിതിക്ക് SFI - ക്ക് ഇതിനു മുകളിൽ ഒന്നും പറയാനില്ല. 1970-ൽ രൂപം കൊണ്ട ഇന്ത്യൻ വിദ്യാർത്ഥികളുടെ വിപ്ലവ പ്രസ്ഥാനമായ SFI അടിയന്തരാവസ്ഥയുടെ ക്രൂരമായ അടിച്ചമർത്തലുകൾ കണ്ട നാളുകളിലൂടെയാണ് ഇന്ത്യൻ ക്യാമ്പസുകളിലും ഇന്ത്യൻ തെരുവുകളിലും ജീവോർജ്ജമാർജിച്ചത്. തുടർന്ന് കേരളത്തിലെ ക്യാമ്പസുകൾ കഠാരയുടെ രാഷ്ട്രീയം കൊണ്ട് അടക്കി ഭരിച്ച കെ.എസ്.യു ക്രിമിനലുകളുടെ ഗൂണ്ടാ പടക്ക് മുന്നിൽ മുഷ്ടി ചുരുട്ടിയാണ് ഇന്ന് കേരളത്തിലെ മുഴുവൻ കലാലയങ്ങളിലും SFI- യുടെ നക്ഷത്രാങ്കിത ശുഭ്രാ പതാക ഉയർന്നു പാറി കേരളത്തിലെ ഭൂരിപക്ഷം വിദ്യാർത്ഥികളുടെ പിന്തുണയുള്ള സമര സംഘടനയായി മാറിയത്.

ആ വഴിത്താരയിൽ കെ.എസ്. യുവിന്റെ കഠാരയുടെ രാഷ്ട്രീയത്തിന് മുന്നിൽ പിടഞ്ഞു വീണത് അനേകം SFI രക്തസാക്ഷികളുടെ ജീവനാണ്. തെരഞ്ഞെടുപ്പിൽ കൃതിമം കാണിച്ചത് കോടതി കണ്ടെത്തുകയും തെരഞ്ഞെടുപ്പ് റദ്ധാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു രാജ്യത്തെ പൂട്ടിയിടുന്നത്. ഏകാധിപത്യ ഫാഷിസത്തിന്റെ ഇരുണ്ട ദിനങ്ങളിൽ അമ്മയും മകനും കൂടി കാട്ടി കൂട്ടിയ ക്രൂര വിനോദങ്ങൾ ഇന്ത്യ ഇനിയും മറക്കാറായിട്ടില്ല.

പ്രതിപക്ഷ ശബ്ദത്തെ ഒന്നടങ്കം തടവിലിട്ടും, തെരുവിലിട്ടും കൊന്ന് കൂട്ടിയ ആ ഇന്ദിരാ ഭരണത്തോട് ക്യാമ്പസിലും തെരുവിലും നേരിട്ട് പൊരുതി ജനാധിപത്യ ശബ്ദമുയർത്തി കൊണ്ടാണ് SFI വളർന്ന് വന്നത്. അന്ന് പോലും SFI - യെ നിരോധിക്കാൻ ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല. സോണിയാ - രാഹുൽ ഗാന്ധിമാരെ കള്ളപ്പണ കേസിൽ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ സമരം ചെയ്ത ഹൈബി ഈഡൻ തനിക്ക് ലഭിച്ച ഇടവേളയിൽ പാർലിമെന്റിലെത്തിയപ്പോൾ ആവശ്യപ്പെട്ട സുപ്രധാനമായ കാര്യമായിരുന്നു SFI - യെ നിരോധിക്കുക എന്നത്.

കോൺഗ്രസ്സ് നേതാക്കൾ എഴുതി കൊടുക്കുന്നത് പാർലിമെന്റിൽ ഏറ്റു പറയുന്ന കേന്ദ്ര മന്ത്രിമാരുമായുള്ള ബന്ധത്തിന്റെ ഓർമ്മയുടെ പുറത്ത് ഹൈബി ഈഡന് പാർലിമെന്റിൽ തോന്നിയ വഷളത്തരത്തോടുള്ള രാഷ്ട്രീയ മറുപടിയാണ് മഹാരാജാസിലെ SFI സഖാക്കൾ ഉയർത്തിയ 'ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് ' എന്ന ബാനർ. എന്നാൽ മഹാരാജാസിലെ KSU അതിനെ നേരിട്ടത് ഇന്ദിരയേയും ഈഡനേയും ജനഹൃദയങ്ങളിൽ കുടിയിരുത്തിക്കൊണ്ട് പൈങ്കിളി വൽക്കരിച്ചാണ്.

ജനഹൃദയങ്ങളിലുള്ളത് ഇന്ദിരയുടെ അടിയന്തരാവസ്ഥകാലത്തെ ഫാഷിസം ആണെന്ന് വീണ്ടുമോർമ്മിപ്പിച്ച SFI- യ്ക്ക് കെ.എസ്.യു നൽകിയ മറുപടി വളരെ രസകരമാണ്. 'ഇന്ത്യ എന്നാൽ ഇന്ദിര ആണെന്നും ഇന്ദിരാ എന്നാൽ ഇന്ത്യ ആണെന്നും ' പഴയ ഇന്ദിരാ കോൺഗ്രസുകാർ അടിയന്തരാവസ്ഥ കാലത്ത് വിളിച്ച അതെ കുപ്രസിദ്ധമായ മുദ്രാവാക്യമാണ് കെ.എസ്. യുവിന് മറുപടിയായി പറയാനുള്ളത്. മോദി സർക്കാരിന്റെ ഏകാധിപത്യ കാലത്ത് ഇന്ത്യ മോദിയുടേതല്ല, ഈ രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെതാണെന്ന് പറഞ്ഞു ഏകാധിപത്യത്തിനെതിരെ സമരം ചെയ്യുന്നത് ഈ നാട്ടിലെ വിദ്യാർത്ഥികൾ അടക്കമുള്ള ജനാധിപത്യ സമൂഹമാണ്.

അവരുടെ മുന്നിലേക്കാണ് ഏകാധിപത്യത്തിന്റെ ക്രൂര ദിനങ്ങൾ അഭിമാനത്തോടെ വീണ്ടും പറഞ്ഞു ഇന്ത്യ ഏതെങ്കിലും ഏകാധിപതിയുടെതായിരുന്നു എന്ന് കെ.എസ്.യു വിളിച്ച് പറയുന്നത്. എത്രമാത്രം ശുഷ്കവും അടിമവൽക്കരിച്ചതുമാണ് മഹാരാജാസിലെ കെ.എസ്.യുവിന്റെ ജനാധിപത്യ ബോധമെന്ന് അവർ തന്നെ ബാനർ കെട്ടി കാണിച്ചു തന്നു. SFI എന്താണോ പറയാൻ ശ്രമിച്ചത് അതിന് കെ.എസ്.യു തന്നെ അടിവരയിട്ട് തന്നു.

അടിയന്തയരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഇന്ദിരാ എന്നാൽ ഇന്ത്യ എന്ന മുദ്രാവാക്യത്തിനെതിരെ ഇന്ദിരാ കോൺഗ്രസിനെതിരെ നിലകൊണ്ടവരിൽ പ്രമുഖനാണ് ഇന്നത്തെ കെ.പി.സി. സി അധ്യക്ഷൻ. ഇന്ത്യ എന്നാൽ ഇന്ദിരാ എന്നായിരുന്നോ എന്ന് മഹാരാജാസിലെ കെ.എസ്.യുക്കാർ സമയം ലഭിക്കുമ്പോൾ അദ്ദേഹത്തോട് ചോദിച്ചു നോക്കണം. SFI പറയാൻ ശ്രമിച്ച രാഷ്ട്രീയത്തെ ഒടുവിൽ അംഗീകരിച്ച മഹാരാജാസിലെ കെ.എസ്.യു ബാനറിന് മുകളിൽ ഇനിയൊരു ബാനർ കൊണ്ട് ഒന്നും സംവദിക്കേണ്ട ആവശ്യം SFI- ക്ക് ഇല്ല'.
പത്ത് സെക്കന്‍ഡിനുള്ളില്‍ ഒരു സിനിമ ഡൗൺലോഡ് ചെയ്യാം; 5ജി യെക്കുറിച്ച് അറിയാം












Click it and Unblock the Notifications