പാലക്കാട് അടക്കം കാല് വാരലെന്ന് റിപ്പോര്‍ട്ട്: നടപടി ഉറപ്പ്,കൊല്ലത്ത് 3 സീറ്റ് കൂടി അര്‍ഹിച്ചിരുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ പഠിക്കാന്‍ 5 മേഖലകളായി തിരിച്ചുള്ള സമിതിയെ ഇത്തവണ കോണ്‍ഗ്രസ് നിയോഗിച്ചിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി വളരെ വേഗത്തില്‍ എല്ലാ ജില്ലകളിലും എത്തി തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് സാധിച്ചു. സ്ഥാനാര്‍ത്ഥികളേയും തിരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള മറ്റ് നേതാക്കളേയും നേരിട്ട് കണ്ടായിരുന്നു സമിതിയുടെ തെളിവെടുപ്പ്. അന്വേഷണത്തില്‍ ഗുരുതരമായ പല കണ്ടെത്തലുകളും നടത്തിയിട്ടുള്ള സമിതി ചിലര്‍ക്കെതിരെ നടപടികളും ശുപാര്‍ശ ചെയ്യുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുത്തന്‍ ലുക്കില്‍ ബിഗ് ബോസ് താരം സായി വിഷ്ണു: ഇത് മോഹന്‍ലാലിന്‍റെ ബറോസിന് വേണ്ടിയോ

എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നുള്ളതായിരുന്നു സമിതിക്ക് മുന്‍പാകെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ നിര്‍ദേശം. ഇതുപ്രകാരം എല്ലാ സമിതികളും സമയ പരിധിക്കുള്ളില്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് നല്‍കി കഴിഞ്ഞു. ഇനി നടപടിയെടുക്കേണ്ട ചുമതല കെപിസിസി നേതൃത്വത്തിന്‍റേതാണ്. റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടാവുമെന്ന കാര്യം സുധാകരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മുന്നേറ്റങ്ങള്‍ പോലും പല മണ്ഡലങ്ങളിലും നിലനിര്‍ത്താന‍് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പലയിടത്തും വ്യക്തമായ കാല് വാരല്‍ നടന്നിട്ടുണ്ട്. ചിലയിടത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്നെ തിരിച്ചടിയായി . ഉദാഹരണമായി എടുത്ത് കാട്ടുന്നത് കാട്ടാക്കടയിലെ പരാജയമാണ്. കാട്ടാക്കടയില്‍ നല്ല വിജയസാധ്യതയുണ്ടായിരുന്നു നേതാവായിരുന്നു ആന്‍സിജിത റസല്‍. എന്നാല്‍ അവരെ പാറശ്ശാലയില്‍ മത്സരിപ്പിക്കാനുള്ള തീരുമാനം തിരിച്ചടിയായി. രണ്ട് മണ്ഡലത്തിലും പാര്‍ട്ടി പരാജയപ്പെട്ടു.

2019 ലെ ഉപതിരഞ്ഞെടുപ്പ് സിപിഎം വിജയിച്ചെങ്കില്‍ പാര്‍ട്ടിക്ക് നല്ല അടിത്തറയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അവസാന നിമിഷം വരെ അനിശ്ചിതത്വം ഉണ്ടായത് തിരിച്ചടിയായി. അപ്പോഴേക്കും എതിരാളികള്‍ പ്രചരണത്തില്‍ വളരെ മുന്നേറിയിരുന്നു. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി മികച്ചതായിരുന്നെങ്കിലും അവര്‍ക്കുവേണ്ടി കാര്യമായി പ്രവര്‍ത്തിക്കാന്‍ ആളുണ്ടായില്ല. ഒരു വിഭാഗം നേതാക്കള്‍ കാലു വാരിയതായി സംശയമുണ്ട്.

സിറ്റിങ് സീറ്റായ അരുവിക്കരയില്‍ നാടാര്‍ സംവരണം എല്‍ഡിഎഫിന് അനുകൂലമാവുകയായിരുന്നു. എന്നാല്‍ ഇതിനുള്ള മറുപ്രചരണം ഉണ്ടായില്ല. സംവരണത്തിന്റെ പേരിൽ ചില വൈദികർ വിളിച്ച യോഗത്തിൽ കോൺഗ്രസിലെ ചില ഭാരവാഹികൾ വരെ പങ്കെടുത്തത് ന്യായീകരിക്കാനാവില്ല. നേമത്ത് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വോട്ടുകളില്‍ വലിയ വര്‍ധനവുണ്ടായത് അനുകൂല ഘടകമാണ്.

മധ്യകേരളത്തിലും പാര്‍ട്ടി അടിത്തറ ശുഷ്കമാവുകയാണ്. ഇതിന് ഏറ്റവും മികച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് പുതപ്പള്ളിയെ ആണ്. ഉമ്മന്‍ചാണ്ടി 50 വര്‍ഷമായി ജയിക്കുന്ന മണ്ഡലമായിട്ട് കൂടി സംഘടനാ സംവിധാനം താഴെത്തട്ടില്‍ ദുര്‍ബലമാണ്. കൊല്ലം ജില്ലയില്‍ ചവറ, കൊല്ലം, കുന്നത്തൂർ മണ്ഡലങ്ങളിൽ യു.ഡി.എഫ്. ജയം അർഹിച്ചിരുന്നു. എന്നാല്‍ ചവറയില്‍ പണത്തിന്‍റെ ഒഴുക്കും വർഗീയാടിസ്ഥാനത്തിലുള്ള ചേരിതിരിവും സൃഷ്ടിക്കപ്പെട്ടു.

കൊല്ലത്ത് മുകേഷിനെതിരെ വിജയിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു. എന്നാല്‍ നാലായിരത്തോളം വോട്ട് ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നു തീരമേഖലയില്‍ നേട്ടം നാനൂറിലൊതുങ്ങി. സാമുദായിക സന്തുലനം പാലിക്കുന്നതിലെ വീഴ്ചകളാണ് എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ തിരിച്ചടിയുടെ ആഘാതം വര്‍ധിപ്പിച്ചത്. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതും തിരിച്ചടിയായി.

കുന്നത്തുനാട്ടില്‍ ട്വന്‍റി-ട്വന്‍റിയുടെ സാന്നിധ്യമാണ് പരാജയത്തിന് കാരണം. അവരുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടാല്‍ അതിനെ മറികടക്കാന്‍ കഴിയുമായിരുന്നു. മികച്ച നേതൃസ്ഥാനാര്‍ത്ഥിയുടെ അഭാവമാണ് റാന്നി മണ്ഡലത്തിന്‍റെ കാര്യത്തില്‍ സംഭവിച്ചത്. പാര്‍ലമെന്‍റ്, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് മുന്നേറ്റം കാഴ്ചവെക്കുന്ന മണ്ഡലം നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിവായി നഷ്ടമാവുന്നത് നിരാശാജനകമായ കാര്യമാണ്.

മലപ്പുറത്തും കോഴിക്കോടും കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം. തവനൂരില്‍ കെടി ജലീലിനെതിരെ മുസ്‌ലിംലീഗിൽനിന്നുള്ള സ്ഥാനാർഥിയെ കോൺഗ്രസ് രംഗത്തിറക്കിയത് ഗുണംചെയ്തില്ല. കോണ്‍ഗ്രസില്‍ നിന്നുള്ള ശക്തമായ നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കാമായിരുന്നു പാലക്കാട്, പൊന്നാനി, നിലമ്പൂർ, നെടുമങ്ങാട്, കാട്ടാക്കട തുടങ്ങിയ മണ്ഡലത്തില്‍ കാലുവാരല്‍ ഉണ്ടെയന്നും റിപ്പോര്‍ട്ടിലുണ്ട്.

കാലുവാരിയ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവണം. സസ്പെന്‍ഷന്‍ പോലുള്ള കടുത്ത നടപടി ഉണ്ടായില്ലെങ്കില്‍ കൂടി കുറഞ്ഞത് പരസ്യമായി താക്കീത് ചെയ്യുകയും ഭാവിയിൽ കൂടുതൽ ചുമതലകളിലേക്ക് അവരെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തിന് പിന്നാലെ റിപ്പോര്‍ കെപിസിസി പരിഗണനയ്ക്ക് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications