പരമാവധി ശിക്ഷ 10 വര്‍ഷം വരെ; വിധി അനുകൂലമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
പാലക്കാട്: അട്ടപ്പാടി മധു കേസില്‍ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത് നീതിയുക്തമായ വിധിയാണ് എന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍. പ്രതിബന്ധങ്ങള്‍ എല്ലാം മറികടക്കാന്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് സാധിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. 16-ാം പ്രതിക്ക് എതിരെ 352 പ്രകാരമുള്ള കുറ്റം ചെയ്തു എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
അതില്‍ പരമാവധി മൂന്ന് മാസം തടവും പിഴയും ആണ് ശിക്ഷ. അതില്‍ മൂന്ന് മാസം തടവ് എന്നുള്ളത് വിചാരണഘട്ടത്തില്‍ തന്നെ പ്രതി അനുഭവിച്ചതാണ് എന്നും അതിനാല്‍ നാളെ കോടതി അതില്‍ തീരുമാനമെടുക്കാനാണ് സാധ്യത എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാക്കിയുള്ള 13 പ്രതികളുടെ കാര്യത്തില്‍ 304 (2) വില്‍ ആണ് പറഞ്ഞിട്ടുള്ളത്. 10 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന ഒരു വകുപ്പാണിത് എന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം പ്രതിക്ക് 304 (1) ആണ് ചുമത്തിയിരിക്കുന്നത്. ബാക്കിയുള്ള പ്രതികള്‍ക്ക് 302 (2) ന് പുറമെ 326 പ്രകാരവും 367 പ്രകാരവും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ എസ് സി - എസ് ടി ആക്ടിന്റെ 31 ഡി പ്രകാരവും കുറ്റക്കാരാണ് എന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 10 വര്‍ഷമാണ് പരമാവധി 304 (2) വിന്റെ പരാമവധി ശിക്ഷ. 367 ലും 10 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
326 നെ സംബന്ധിച്ചിടത്തോളം ജീവപര്യന്തം വരെ കൊടുക്കാവുന്നതാണ്. പക്ഷെ കോടതിയാണ് അതിലെ ബാക്കി കാര്യങ്ങള്‍ പരിഗണിക്കുന്നത്. ഈ കേസ് ഡയറക്ട് തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടങ്ങിയതാണ്. അനുകൂലമായ വിധിയാണ് വന്നിരിക്കുന്നത് എന്നും ശാസ്ത്രീയ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമായിട്ടുണ്ട് എന്നും രാജേഷ് എം മേനോന്‍ പറഞ്ഞു.
കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയല്ല ആക്രമിച്ചത് എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഏത് കേസിനേയും സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നാണ് മണ്ണാര്‍ക്കാട് എസ് സി - എസ് ടി കോടതി അട്ടപ്പാടി മധു കേസില്‍ വിധി പറഞ്ഞത്. കേസിലെ 16 പ്രതികളില്‍ 14 പേരും കുറ്റക്കരാണ് എന്ന് കോടതി കണ്ടെത്തി. നാലാം പ്രതിയേയും പതിനൊന്നാം പ്രതിയേയും കോടതി വെറുതെ വിടുകയും ചെയ്തു












Click it and Unblock the Notifications