Attingal Result 2024: ക്ലൈമാക്‌സിൽ ബിജെപിയെ തുണയ്ക്കുമോ ആറ്റിങ്ങൽ? പ്രതീക്ഷയോടെ ഇടത്-വലത് മുന്നണികളും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോളുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിൽ ജനശ്രദ്ധ നേടിയ മണ്ഡലങ്ങളിൽ ഒന്നായിരുന്നു തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ. എന്നാൽ കൃത്യമായ കണക്ക് കൂട്ടലുകളുമായി മൂന്ന് മുന്നണികളും കട്ടയ്ക്ക് നിന്ന ആറ്റിങ്ങൽ ശരിക്കും സംസ്ഥാനത്തെ ഏറ്റവും മികച്ച പോരാട്ടത്തിന് വേദിയാകുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടതാണ്.
അതിനെ ശരി വയ്ക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ. ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപിയ്ക്ക് വിജയ സാധ്യത ഉണ്ടെന്നാണ് ഇന്ത്യാ ടുഡേ സർവേ ഉൾപ്പെടെ നൽകുന്ന സൂചന. തൃശൂരും ആറ്റിങ്ങലും ബിജെപി പിടിച്ചെടുക്കുമെന്നും മൂന്നാമതൊരു സീറ്റ് കൂടി അവർക്ക് കിട്ടാനിടയുണ്ടെന്നും സർവേയിൽ പറയുന്നു.

ആറ്റിങ്ങൽ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുമ്പോൾ
കേരളത്തിൽ അക്കൗണ്ട് തുറക്കുക എന്ന ബിജെപിയുടെ ലക്ഷ്യത്തിന്റെ ഭാഗമായി മണ്ഡലങ്ങളെ സാധ്യതകൾക്ക് അനുസരിച്ച തരംതിരിച്ചവയിൽ എ ക്ലാസ് മണ്ഡലമായി പരിഗണിച്ച ഇടമാണ് ആറ്റിങ്ങൽ. അത് തന്നെ ബിജെപി മണ്ഡലത്തെ എത്രത്തോളം പ്രാധാന്യത്തോടെ നോക്കി കാണുന്നതാണെന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന കാര്യമാണ്.
അവിടെയാണ് കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരനെ ഇറക്കി അവർ സീറ്റ് പിടിച്ചെടുക്കാൻ കൃത്യമായ പദ്ധതി തയ്യാറാക്കിയത്. എതിരാളികൾ ആവട്ടെ സിറ്റിങ് എംപി അടൂർ പ്രകാശും എൽഡിഎഫിന് വേണ്ടി വി ജോയും ആയിരുന്നു രംഗത്തുണ്ടായിരുന്നത്. ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം തന്നെ നടന്ന വിഐപി മണ്ഡലം എന്ന് വേണമെങ്കിൽ ആറ്റിങ്ങലിനെ വിശേഷിപ്പിക്കാം.
കാരണം ഒരു കേന്ദ്രമന്ത്രി, സിറ്റിങ് എംപി, എംഎൽഎ എന്നിങ്ങനെ ജനാധിപത്യത്തിന്റെ വിവിധ മേഖലകളിലെ ശക്തർ തന്നെയാണ് ഇവിടെ മത്സരത്തിന് ഇറങ്ങിയത്. തുടക്കം മുതൽ തന്നെ ബിജെപി പ്രചരണത്തിൽ കൂടുതൽ കരുത്ത് കാട്ടിയാണ് മുന്നേറിയത്. സിനിമാ താരങ്ങളെ ഉൾപ്പെടെ ഇവിടെ എത്തിക്കാനും അവർക്ക് സാധിച്ചു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് കാലങ്ങൾക്ക് മുൻപ് തന്നെ വി മുരളീധരൻ ആറ്റിങ്ങൽ കേന്ദ്രീകരിച്ചു സജീവ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നു എന്നതാണ് പ്രധാന വസ്‌തുത. ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തന്നെയാണെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം ശിവഗിരി മഠത്തിന്റെ പരോക്ഷമായ പിന്തുണയും മുരളീധരന് തുണയാകും എന്നാണ് ചില കേന്ദ്രങ്ങൾ മുന്നോട്ട് വയ്ക്കുന്ന അഭിപ്രായം.
വോട്ടെടുപ്പും മറ്റ് സാധ്യതകളും
69.48 ശതമാനമായിരുന്നു ഇത്തവണ ആറ്റിങ്ങലിൽ രേഖപ്പെടുത്തിയ പോളിങ്. 13,96,807 വോട്ടർമാരിൽ സമ്മതിദാനം വിനിയോഗിച്ചത് 9,70,517 പേർ മാത്രമാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ അഞ്ച് ശതമാനം കുറവ് പോളിങ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. ഇതാണ് മുന്നണികളെ കുഴക്കുന്ന കാര്യം. ഈ ഇടിവ് ആർക്ക് തുണയാകും എന്നതാണ് ഇനി അറിയേണ്ട കാര്യം.
സംസ്ഥാനത്ത് ഇത്തവണ പോളിങ് കുറഞ്ഞത് മുന്നണികളെ ശരിക്കും പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. കൂടുതൽ വോട്ടർമാർ ഉണ്ടായിട്ടും പോളിങിൽ ഉണ്ടായ കുറവ് മുന്നണികളെ ചിന്തിപ്പിക്കുന്നുണ്ട്. എങ്കിലും ആറ്റിങ്ങലിലെ ഇടിവ് തങ്ങളെ ഏശില്ലെന്നാണ് മൂന്ന് മുന്നണികളും ഒരേ സ്വരത്തിൽ പറയുന്നത്. ഇതിന്റെ പ്രതിഫലനം ഫലത്തിൽ ഉണ്ടാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
ജയം ആർക്കാവും?
എക്‌സിറ്റ് പോളുകൾ മാത്രം മുഖവിലയ്ക്ക് എടുത്തുകൊണ്ട് ഒരു അന്തിമ ഫലപ്രഖ്യാപനം നടത്തുന്നതിൽ അർത്ഥമില്ല. എങ്കിലും ബിജെപി മണ്ഡലത്തിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. യുഡിഎഫിന് അനുകൂലമായ ട്രെൻഡ് ഉണ്ടാവും കേരളത്തിൽ പ്രവചിച്ച സർവേകൾ ശരിയായാൽ അവർക്കും ആറ്റിങ്ങലിൽ കണ്ണ് വയ്ക്കാം. എൽഡിഎഫിന് സാധ്യത കുറവാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എങ്കിലും മണിക്കൂറുകൾ കൂടി കാത്തിരുന്നാൽ ഇക്കാര്യത്തിൽ അന്തിമ വിധി എന്താണെന്ന് നേരിട്ടറിയാം.












Click it and Unblock the Notifications