'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്‌ണൻ
തിരുവനന്തപുരം: ഒരു രാഷ്ട്രീയ കക്ഷിയുടെയും ഭാഗമല്ലെങ്കിലും താൻ ഇടത് പക്ഷത്തിനൊപ്പം സഞ്ചരിക്കുന്ന ആളാണ് സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ. പിണറായി വിജയനോടുള്ള ഇഷ്‌ടം വ്യക്തിപരം അല്ലെന്നും അദ്ദേഹത്തിന്റെ നിലപാടുകളോട് തോന്നിയ അടുപ്പം കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തുടർഭരണം വേണ്ടെന്ന എഴുത്തുകാരൻ സച്ചിദാനന്ദന്റെ അഭിപ്രായ പ്രകടനത്തെ ബി ഉണ്ണികൃഷ്‌ണൻ വിമർശിക്കുകയും ചെയ്‌തു.
മാതൃഭൂമിയുടെ ഇലക്ഷൻ ബസ് എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ബി ഉണ്ണികൃഷ്‌ണൻ വിവാദങ്ങളിൽ മനസ് തുറന്നത്. പത്ത് വർഷം കഴിഞ്ഞതുകൊണ്ട് മടുപ്പുണ്ടാവുന്നു എന്ന് പറയാൻ ഭരണം അസംതൃപ്‌തി നിറഞ്ഞ ഗാർഹിക ബന്ധമൊന്നുമല്ലല്ലോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. നാളെ പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ ചിത്രമായ പ്രതിഛായയെ കുറിച്ചും ബി ഉണ്ണികൃഷ്‌ണൻ മനസ് തുറന്നിരുന്നു.

ഉമ്മൻചാണ്ടിയെ പറ്റിയുള്ള സിനിമയാണ് 'പ്രതിഛായ' എന്നുള്ളത് ഒരു മുൻവിധിയാണെന്നാണെന്നേ ഞാൻ പറയുകയുള്ളൂ. പൂർണമായും ഒരു പൊളിറ്റിക്കൽ സിനിമ എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പൊളിറ്റിക്‌സ് ചിത്രത്തിന്റെ ബാക്ഗ്രൗണ്ടും കോൺടെക്സ്റ്റുമാണ്. അടിസ്ഥാനപരമായി ഇതൊരു അച്ഛൻ-മകൻ ബന്ധത്തെ കുറിച്ചുള്ള സിനിമയാണ്. പല ബന്ധങ്ങളിലൂടെയും കടന്നു പോകുന്ന ഒരു സിനിമയാണ്' അദ്ദേഹം പറയുന്നു.
'ഞാൻ ഒരു മുഖ്യധാരാ രാഷ്ട്രീയ കക്ഷിയുടെയും ഭാഗമല്ല. പക്ഷേ, ഗൗരവമായി വായന തുടങ്ങിയപ്പോൾ മുതൽ ഞാൻ ഇടതുപക്ഷത്തിനോടൊപ്പം സഞ്ചരിക്കുന്ന ആളാണ്. ആ നിലപാടിൽ ഒരു മാറ്റവും ഇപ്പോഴുമില്ല. ഉമ്മൻചാണ്ടിയാവട്ടെ, കെ കരുണാകരനാവട്ടെ, പിണറായി വിജയനാവട്ടെ അവർ ആരുമാകട്ടെ. നമ്മൾ വളരെ ആദരവോടെ കാണുന്ന ജനകീയരായിട്ടുള്ള നേതാക്കൾക്ക് ഒരു സ്വകാര്യ ജീവിതമുണ്ട്' ബി ഉണ്ണികൃഷ്‌ണൻ പറയുന്നു.
പത്ത് വർഷം കഴിഞ്ഞാൽ ഭരണം മാറണമെന്ന് പറയുന്നതൊക്കെ ഭയങ്കര അരാഷ്ട്രീയവാദമാണ്. പത്തുകൊല്ലം ഭരിച്ചു കഴിഞ്ഞാൽ അഞ്ചു വർഷം വെളിയിൽ നിൽക്ക്, എന്നിട്ട് വാ എന്നുപറയുന്നത് ജനാധിപത്യത്തിൽ നല്ലതല്ല. പത്ത് വർഷത്തെ ഭരണത്തിൽ നിങ്ങൾക്ക് കൃത്യമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ വെളിയിൽ പോകണം എന്ന് പറയാം, അല്ലാതെ മടുക്കുന്നു എന്നല്ല പറയേണ്ടത്; സംവിധായകൻ പറഞ്ഞു.
പിണറായി വിജയന്റെ ചില നിലപാടുകളോട് എനിക്ക് ഇഷ്‌ടം ഉണ്ടായിരുന്നു. മുടിയും നഖവും ബോഡി വേസ്‌റ്റാണെന്ന് കേരളത്തിൽ പറഞ്ഞ ഒരാൾ പിണറായി വിജയനാണ്. പിന്നെ ഏറ്റവും കുറച്ചു മാധ്യമ പരിലാളന കിട്ടിയിട്ടുള്ള ആൾ പിണറായി വിജയനാണ്. മാധ്യമങ്ങളാൽ അങ്ങനെ നിർമ്മിക്കപ്പെട്ട ബിംബം ഒന്നുമല്ല പിണറായി വിജയൻ. പിണറായി വിജയൻ പലപ്പോഴും ഒരു തിന്മയുടെ ബിംബമായിട്ടാണ് നമ്മളുടെ മുമ്പിൽ വന്നിട്ടുള്ളത്; ബി ഉണ്ണികൃഷ്‌ണൻ പറയുന്നു.
ഉമ്മൻചാണ്ടി സാറിനെ രാഷ്ട്രീയമായിട്ട് ശക്തമായി എതിർത്തിട്ടുള്ള ആളാണ് ഞാൻ. അദ്ദേഹത്തിനെതിരെ പ്രസംഗിച്ചിട്ടുണ്ട്, ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്, ഒരുപാട് എഴുതിയിട്ടുണ്ട്. പക്ഷേ അദ്ദേഹം ഇത്തരത്തിലുള്ള ഒരു അനീതിക്ക് പാത്രീഭവിക്കേണ്ട ആളാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല; എന്നും ബി ഉണ്ണകൃഷ്‌ണൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications