'നടുക്ക് വെച്ചത് കേക്കല്ല'; മരണാനന്തര ചടങ്ങിലെ ചിരിച്ച മുഖഭാവങ്ങൾ, ഹേറ്റ് കമന്റ്സ്, മറുപടി
കൊച്ചി: മരണാനന്തര ചടങ്ങിൽ കുടുംബാംഗങ്ങൾ ചിരിച്ച് കൊണ്ടിരിക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കോട്ടയം മല്ലപ്പള്ളി സ്വദേശി മറിയാമ്മയുടെ (95) മൃതദേഹത്തിന് അരികിലാണ് മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങൾ ചിരിച്ച് നിന്ന് ചിത്രം പകർത്തിയത്. എന്നാൽ മരണ വീട്ടിലെ ദുഃഖഭാവമില്ലാത്ത മുഖങ്ങൾ ചിലർക്ക് പിടിച്ചില്ല. ഇതോടെ കുടുംബാംഗങ്ങൾക്കെതിരെ കടുത്ത ഹെയ്റ്റ് കമന്റുകളാണ് ഉയർന്നത്.

ചില കമന്റുകൾ ഇങ്ങനെയായിരുന്നു-'നടുക്ക് വെച്ചിരിക്കുന്നത് ബര്‍ത്തഡേ കേക്ക് അല്ലെന്ന് ഇവന്മാര്‍ക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുമോ?', ‘എല്ലാവരും ഇത്തിരി ഗ്യാപ് ഇട്ടിട്ടായാലും പിന്നാലെ വരുമെന്നേ.....! വരാതെവിടെ പോകാനാ, അപ്പോള്‍ അടുത്ത ഫോട്ടോഷൂട്ട് അവിടെവച്ചാകാം... തല്‍ക്കാലം ബൈ......!', എന്നാലും ദുഃഖമുള്ള ഒരു മുഖം പോലും ഇതില്‍ കാണാനില്ലല്ലോ...', ‘ചാമ്പിക്കോ മ്യൂസിക് കൂടി ഇടാമായിരുന്നു'.. ഇങ്ങനെ പോകുന്നു കമന്റുകൾ.

(ചിത്രം കടപ്പാട് ഫേസ്ബുക്ക്)
എന്നാൽ ഇത്തരത്തിലൊരു ചിത്രം പകർത്തിയ കുടുംബത്തെ അഭിനന്ദിച്ച് കൊണ്ടുള്ള കമന്റുകളും ചിലർ പങ്കുവെച്ചു. ഇക്കൂട്ടത്തിൽ എഴുത്തുകാരി ശാരദക്കുട്ടിയും ഉണ്ടായിരുന്നു. അവരുടെ കുറിപ്പ് ഇങ്ങനെ- 'കഴിഞ്ഞ ഒരു ദിവസം, ഞാന്‍ മരിച്ചു പോയാല്‍ എന്റെ മക്കള്‍ അടുത്തിരുന്ന് കരയുന്നതാലോചിച്ചപ്പോള്‍ എനിക്ക് കരച്ചില്‍ അടക്കാനായില്ല. അവരെ സമാധാനിപ്പിക്കാനെനിക്കാവില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ പിന്നേം പിന്നേം കരഞ്ഞു. അവര്‍ കരയാതിരിക്കാന്‍ എനിക്കെന്തു ചെയ്യാനാകും ? അവര്‍ കരയാതിരിക്കാനല്ലേ ഞാന്‍ ജീവിച്ചതത്രയും. അപ്പോഴാണ് ഈ ചിത്രം മുന്നില്‍ വന്നത്.
ഈ ചിത്രത്തിലേതു പോലെയാകണം എന്റെ മരണവും. അമ്മ സാര്‍ഥകമായി ജീവിച്ചു , സംതൃപ്തയായി മരിച്ചു എന്ന് എന്റെ മക്കള്‍ക്ക് സന്തോഷിക്കാന്‍ കഴിയണം. അവര്‍ ചിരിച്ചു കൊണ്ട് എന്നെ പറഞ്ഞയക്കണം.
ഇതൊരു മാതൃകയാണ്. ഇതൊരു മികച്ച ആശയവുമാണ്. I love and respect it', ശാരദകുട്ടി കുറിച്ചു.

അതേസമയം മോശം പ്രചരണത്തിനെതിരെ കുടുംബാംഗങ്ങൾ രംഗത്തെത്തി. അമ്മച്ചിയെ സന്തോഷത്തോടെയാണ് യാത്ര അയച്ചതെന്നും ഇതിന്റെ പേരിൽ എന്തിനാണ് ഇത്ര മോശം കമന്റുകൾ ഉയരുന്നതെന്നും കുടുംബാംഗങ്ങൾ ചോദിക്കുന്നു. പ്രത്യാശയുള്ള ഒരു മരണാനന്തര ജീവിതം അമ്മച്ചിക്ക് ലഭിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. അതാണ് സന്തോഷത്തോടെ യാത്ര അയക്കാൻ കാരണമെന്നും മരണപ്പെട്ട മറിയാമ്മയുടെ കുടുംബാംഗവും ഡോക്ടറുമായ ഉമ്മൻ പി നൈനാൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ക്രിസ്തീയ വിശ്വസ പ്രകാരം മരിച്ചാൽ സ്വർഗത്തിൽ പോകുമെന്നാണ് വിശ്വാസം. അമ്മച്ചി നയിച്ചത് വളരെ നല്ലൊരു ജീവിതമായിരുന്നു. അമ്മച്ചി സ്വർഗത്തിൽ പോകുന്ന സന്തോഷമായിരുന്നു അവിടെ പ്രകടമായത്. തലേന്നാൾ വൈകീട്ടോടെയായിരുന്നു മൃതദേഹം വീട്ടിൽ കൊണ്ടുവന്നത്. പിറ്റേന്നാൾ പുലർച്ചെയായിരുന്നു ചിത്രം പകർത്തിയത്.അതുവരെ അമ്മച്ചിയുടെ ജീവിതത്തെ കുറിച്ചും നല്ല അനുഭവങ്ങളെ കുറിച്ചുമെല്ലാം കുടുംബാംഗങ്ങൾ പങ്കുവെയ്ക്കുന്നുണ്ടായിരുന്നു, നൈനാൻ പറഞ്ഞു.

അമ്മച്ചി കഴിഞ്ഞ ഒരു വർഷമായി പൂർണമായും കിടപ്പിലായിരുന്നു. അവർക്ക് 9 മക്കളാണ് ഉള്ളത്. ഇതിൽ ഒരാൾ മരിച്ച് പോയി. ബാക്കി എല്ലാവരും ചേർന്ന് നല്ല രീതിയിലായിരുന്നു അമ്മച്ചിയെ നോക്കിയത്. ആ ചിത്രം ഞങ്ങളുടെ കുടുംബത്തിൽ മാത്രം ഒതുങ്ങേണ്ടതായിരുന്നു. അത് പ്രചരിച്ചു. എന്നാൽ എന്തിനാണ് പലരും മോശം കമന്റുകൾ പങ്കുവെയ്ക്കുന്നതെന്ന് മനസിലാകുന്നില്ല. മറ്റുള്ളവരെ കളിയാക്കിയത് കൊണ്ട് എന്ത് സന്തോഷമാണ് അവർക്ക് കിട്ടുന്നത്. അവരുടെ മോശം മനസാണ് ഇവിടെ തുറന്ന് കാട്ടപ്പെടുന്നത്, നൈനാൻ മനോരമ ന്യൂസിനോട് പറഞ്ഞു.
'മൈൻ',ആരതി പൊടിക്കൊപ്പം റോബിന്റെ പുതിയ ചിത്രം, കുരുപൊട്ടുന്നവർ ജാവോയെന്ന് കമന്റുകൾ












Click it and Unblock the Notifications