ബാലഭാസ്‌കറിന്റെ മരണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, നടപടി മാതാപിതാക്കളുടെ ഹർജിയിൽ
കൊച്ചി: പ്രമുഖ വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. കേസിൽ സിബിഐ നൽകിയ റിപ്പോർട്ട് തള്ളിയ കോടതി, വിശ്വാസ്യതയുള്ള ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും നിർദേശിച്ചു.
2018 സെപ്റ്റംബർ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് സംഗീതജ്ഞനായ ബാലഭാസ്‌കറും മകൾ തേജസ്വിനിയും മരിച്ചത്. അപകടത്തിൽ ഭാര്യ ലക്ഷ്‌മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം തൃപ്‌തികരമായ രീതിയിൽ നടന്നിട്ടില്ലെന്നും മാതാപിതാക്കൾ കോടതിയെ അറിയിച്ചിരുന്നു.

നേരത്തെ അപകടം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തിയിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണ് അപകടത്തിന് കാരണമെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. മരണത്തിൽ ഗൂഢാലോചനയോ മറ്റ് ഇടപെടലുകളോ നടന്നതിന് തെളിവില്ലെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ കണ്ടെത്തലുകൾ അംഗീകരിക്കാതെയാണ് മാതാപിതാക്കൾ വീണ്ടും കോടതിയെ സമീപിച്ചത്.
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും മാതാപിതാക്കൾ ഉന്നയിച്ച സംശയങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് ഹർജിയിലെ ആവശ്യം. സിബിഐയുടെ നിലപാട് തള്ളിയ ഹൈക്കോടതി, കേസിൽ കൂടുതൽ അന്വേഷണം നടത്താൻ നിർദേശിച്ചതോടെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വീണ്ടും അന്വേഷണപരിധിയിലേക്ക് വരും.
അതേസമയം, മുൻപ് സംസ്ഥാന പോലീസും സിബിഐയും അടക്കം വിവിധ ഏജന്‍സികള്‍ അന്വേഷിച്ച കേസിൽ, സാധാരണ വാഹനാപകടം എന്ന നിലയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. വാഹനം ഓടിച്ച അര്‍ജ്ജുനെ മാത്രമായിരുന്നു കേസിൽ പ്രതി ചേര്‍ത്തത്. എന്നാൽ ആസൂത്രിത കൊലപാതകമാണെന്നാണ് ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ ആരോപണം.
ബാലഭാസ്‌കറുമായി അടുപ്പമുണ്ടായിരുന്ന മാനേജര്‍മാരും സഹായികളും പിന്നീട് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായത് കേസില്‍ കൂടുതല്‍ ദുരൂഹത ഉയർത്തിയിരുന്നു. കൂടാതെ കേസുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും ഇതിനിടെ പുറത്തുവന്നെങ്കിലും സിബിഐ ഇതെല്ലാം തള്ളുകയായിരുന്നു. ഈ വെളിപ്പെടുത്തൽ നടത്തിയ വ്യക്തികൾ വിശ്വാസയോഗ്യമല്ലെന്നായിരുന്നു സിബിഐ നിരീക്ഷണം.
ബാലഭാസ്‌ക്കര്‍ അറിയാതെ വാഹനത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയിരുന്നോ എന്ന് സംശയമുണ്ടെന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഉന്നയിക്കുന്ന പ്രധാന സംശയം. ഇക്കാര്യത്തില്‍ മതിയായ അന്വേഷണം നടന്നില്ലെന്നും മാതാപിതാക്കൾ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇപ്പോൾ കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.


Click it and Unblock the Notifications
