പീഡിപ്പിച്ചു; ദൃശ്യം പകര്‍ത്തി ഭീഷണി... ദിലീപിനെതിരെ മൊഴി നല്‍കിയ ബാലചന്ദ്രകുമാറിനെതിരെ യുവതി
കൊച്ചി: നടന്‍ ദിലീപിനെതിരെ പുതിയ കേസെടുക്കാന്‍ കാരണമായത് സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വച്ചു കണ്ടു, പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ട് തുടങ്ങിയ ആരോപണങ്ങളില്‍ ആരംഭിച്ച ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകള്‍ ഓരോ ദിവസവും പുതിയതായി എത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച പോലീസ് ഓഫീസര്‍മാരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്ന ആരോപണവും സംവിധായകന്‍ ഉന്നയിച്ചു.
Recommended Video
ഈ സംഭവത്തിലാണ് ദിലീപിനെതിരെ പുതിയ കേസെടുത്തത്. 33 മണിക്കൂര്‍ ദിലീപിനെ ചോദ്യം ചെയ്തു. ദിലീപിനെതിരെ 20ലധികം ശബ്ദരേഖാ തെളിവുകള്‍ കൈമാറിയെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ബാലചന്ദ്ര കുമാറിനെതിരെ പുതിയ പരാതി വന്നിരിക്കുകയാണിപ്പോള്‍. പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തി മാധ്യമങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വേളയിലാണ് പുതിയ പരാതി വന്നിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയാണ് സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ദിലീപിനെതിരെ നീക്കങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ ഏത് സമയവും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നും ജാഗ്രത പാലിക്കുന്നുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് ബാലചന്ദ്ര കുമാറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി കൈമാറിയത്. കൊച്ചിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് പരാതി. ഈ സംഭവത്തില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.

ജോലി വാഗ്ദാനം നല്‍കിയാണ് യുവതിയെ ബാലചന്ദ്രകുമാര്‍ കൊച്ചിയില്‍ വിളിച്ചുവരുത്തിയതത്രെ. ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പത്ത് വര്‍ഷം മുമ്പാണ് സംഭവം. ഗാനരചയിതാവിന്റെ വീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പത്ത് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ പരാതി വൈകിയത് സംബന്ധിച്ചും പോലീസ് പരിശോധിച്ചേക്കും.

പരാതി ലഭിച്ചാല്‍ പോലീസ് സ്വാഭാവികമായും പ്രാഥമിക പരിശോധന നടത്തും. യുവതിയുടെ മൊഴിയെയുക്കും. പ്രതിയെ വിളിപ്പിച്ചേക്കും. പരാതിയില്‍ കഴമ്പുണ്ട് എന്ന് തോന്നിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. അറസ്റ്റ് നടപടികളിലേക്ക് കടക്കും. എന്നാല്‍ ബാലചന്ദ്ര കുമാറിന്റെ പുതിയ വെളിപ്പെടുത്തലുമായി ഈ പരാതിക്ക് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ സ്വാഭാവികമായ പരിശോധനയ്ക്കും സാധ്യതയുണ്ട്.

കണ്ണൂര്‍ സ്വദേശിനിയായ 40കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു സുഹൃത്തില്‍ നിന്നാണ് ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. ജോലി തേടി ഫോണില്‍ ബന്ധപ്പെട്ടു. ജോലി നല്‍കാമെന്ന് ബാലചന്ദ്ര കുമാര്‍ ഉറപ്പ് നല്‍കിയത്രെ. സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് കൊച്ചിയില്‍ വിളിച്ചുവരുത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
നടി ശീലു എബ്രഹാമിന്റെ വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷം; ആഘോഷമാക്കി താരം... ചിത്രങ്ങള്‍

പീഡിപ്പിച്ച ശേഷം ബാലചന്ദ്ര കുമാര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. പീഡന ദൃശ്യം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പോലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് യുവതി നല്‍കുന്ന സൂചന. എന്നാല്‍ അടുത്തിടെ മാധ്യമങ്ങളില്‍ ബാലചന്ദ്ര കുമാര്‍ നടിയുടെ നീതിക്ക് വേണ്ടി സംസാരിക്കുന്നത് കണ്ടപ്പോഴാണ് പരാതി നല്‍കാന്‍ തോന്നിയതെന്നും യുവതി വിശദീകരിക്കുന്നു.

10 വര്‍ഷം മുമ്പ് നടന്നു എന്നതു കൊണ്ട് പരാതി നിലനില്‍ക്കാതിരിക്കില്ല. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ കേസെടുക്കും. പ്രാഥമിക പരിശോധയ്ക്ക് ശേഷമാണ് പോലീസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. കൊച്ചി കമ്മീഷണര്‍ക്ക് ലഭിച്ച പരാതി ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറും. ബാലചന്ദ്ര കുമാര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications