ബെംഗളൂരു ഔട്ടർ റിംഗ് റോഡ് നവീകരണം; ഇനി മഴവെള്ളം ഒരു തടസമല്ല, 78 കോടി ചിലവിട്ട് ഡ്രെയിനേജ് വരുന്നു

ബെംഗളൂരു: സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷനിൽ നിന്ന് കെആർ പുരം വരെയുള്ള 17.01 കിലോമീറ്റർ നീളമുള്ള ഔട്ടർ റിങ് റോഡ് വികസന പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. പദ്ധതി കേവലം റോഡ് നവീകരണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മഴവെള്ളം കാര്യക്ഷമമായി ഒഴുക്കിവിടാൻ ഡ്രെയിനേജ് സംവിധാനം പുനർനിർമിക്കുന്നതിനായി 78 കോടിയിലേറെ ചെലവഴിക്കാനാണ് അധികൃതരുടെ തീരുമാനം.

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പ്രത്യേക സ്ഥാപനമായ ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് തയ്യാറാക്കിയ ആശയരേഖ പ്രകാരം, 31.30 കിലോമീറ്റർ ദൂരത്തിൽ ഡ്രെയിനേജ് സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തും. ഇതിനായി മാത്രം 78.16 കോടി വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ ആകെ നിർമാണച്ചെലവ് 358.32 കോടിയാണ്.

bengaluru

പുതിയ ഡ്രെയിനേജ് സംവിധാനത്തിൽ ഒരു മീറ്റർ വ്യാസമുള്ള പൈപ്പുകൾ ഉപയോഗിക്കാനാണ് നിർദ്ദേശം. ഇത് മഴവെള്ളം കാര്യക്ഷമമായി ഒഴുക്കാൻ പര്യാപ്‌തമാണെന്നാണ് ബി-സ്മൈലിന്റെ വിലയിരുത്തൽ.
ഇതിലൂടെ റോഡിന്റെ ഉപരിതലം കൂടുതൽ ഒരേ നിരപ്പിൽ ആവുകയും വാഹനഗതാഗതം സുഗമമാകുകയും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ റോഡായി മാറുകയും ചെയ്യുമെന്ന് രേഖയിൽ പറയുന്നു.

എന്നാൽ ഈ രൂപകൽപനയ്ക്ക് കൂടുതൽ മൂലധന ചെലവ് ആവശ്യമായിരിക്കുമെന്നും നിർമ്മാണം സങ്കീർണതയുള്ളതാണെന്നും രേഖയിൽ വ്യക്തമാക്കുന്നു. മഴവെള്ള നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാൻ റോഡിന്റെ മധ്യഭാഗത്ത് ഹൈ ഡെൻസിറ്റി പോളി എത്തിലീൻ ച്യൂട്ടുകൾ സ്ഥാപിക്കാനും പദ്ധതി നിർദേശിക്കുന്നു. ഇതിലൂടെ പ്രധാന റോഡിൽ വീഴുന്ന മഴവെള്ളം സർവീസ് റോഡിന്റെ ഡ്രെയിനേജ് സംവിധാനത്തിലേക്ക് ഒഴുക്കിവിടാനാകും.

നിലവിലുള്ള പ്രധാന റോഡിനും സർവീസ് റോഡിനും ഇടയിലുള്ള ഡ്രെയിനുകൾ വൃത്തിയാക്കാനും പദ്ധതിയിൽ നിർദ്ദേശമുണ്ട്. നിലവിലെ ഡ്രെയിനുകളുടെ കോൺക്രീറ്റ് സ്ലാബുകൾ മോശം നിലയിലായതിനാൽ അവ മാറ്റി പുതിയ സ്ലാബുകൾ സ്ഥാപിക്കും. പ്രധാന റോഡിലും സർവീസ് റോഡിലും ഓരോ 20 മീറ്റർ ഇടവിട്ട് മഴവെള്ളം ഡ്രെയിനിലേക്ക് ഒഴുകുന്നതിനുള്ള ഇൻലെറ്റുകൾ സ്ഥാപിക്കും. ഇവയ്ക്ക് സ്‌റ്റീൽ ഗ്രേറ്റിങ്ങുകളും നൽകും.

റോഡ് വികസന പദ്ധതിയുടെ ഭാഗമായി മെട്രോ സ്‌റ്റേഷനുകളുമായുള്ള മികച്ച ബന്ധം, സംയോജിത ജങ്ഷനുകൾ, ടെക് പാർക്കുകളിലേക്കുള്ള എളുപ്പമുള്ള പ്രവേശനവും പുറത്തുകടക്കാനുള്ള സംവിധാനവും, കൂടുതൽ മികച്ച ലൈറ്റിങ്, ആകർഷകമായ രൂപകൽപന, കാര്യക്ഷമമായ മഴവെള്ള നിർമ്മാർജന സംവിധാനം എന്നിവയും ഒരുക്കും.

പദ്ധതിയിൽ ഗിഗ് ഹബ് സ്ഥാപിക്കുന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ തണലുള്ള ഇരിപ്പിടങ്ങൾ, മൊബൈൽ ചാർജിങ് ലോക്കറുകൾ, സൗജന്യ വൈ-ഫൈ, കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാകും.
കൂടാതെ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ചാർജിങ് സൗകര്യമുള്ള മൈക്രോ-മൊബിലിറ്റി ഡോക്കുകൾ, ഡിജിറ്റൽ ക്യൂ സംവിധാനത്തോടുകൂടിയ ഓട്ടോറിക്ഷ സ്‌റ്റാൻഡുകൾ, തണലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയും ഒരുക്കും.

ഇതിലൂടെ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. ഔട്ടർ റിംഗ് റോഡിലെ ഓരോ ബസ് സ്‌റ്റോപ്പിലും ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റി മാതൃകയിൽ രണ്ട് ആധുനിക ബസ് ഷെൽട്ടറുകൾ സ്ഥാപിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഇതിനുപുറമെ, എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാവുന്ന വിനോദകേന്ദ്രങ്ങൾ, പൊതുഇരിപ്പിടങ്ങൾ, വാരാന്ത്യ മാർക്കറ്റുകൾ എന്നിവയും ഔട്ടർ റിംഗ് റോഡിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കാൻ പദ്ധതിയുണ്ട്. പദ്ധതി പൂർത്തിയായാൽ ലക്ഷണക്കണക്കിന് ആളുകളുടെ ആശ്രയമായ ഔട്ടർ റിംഗ് റോഡിന്റെ മുഖം തന്നെ മാറുമെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+