നാളെ മുതൽ രണ്ട് ദിവസം കേരളത്തിൽ 'ഡ്രൈഡേ'; ബെവ്കോയുടെ മദ്യശാലകൾക്ക് അവധി, ബാറുകളും തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ നാളെ മുതൽ രണ്ട് ദിവസം മദ്യവിൽപന ഉണ്ടാവില്ല. ഈ കാലയളവിൽ ബെവ്‌കോയുടെ ഔട്ട്ലെറ്റുകളും ബാറുകളും അടഞ്ഞു കിടക്കും. നാളെ എല്ലാ മാസത്തേയും പോലെ ആദ്യ ദിനം ഡ്രൈഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായാണ് അടച്ചിടുന്നത്. മറ്റന്നാൾ ഗാന്ധി ആയതിനാൽ ബാറുകൾക്കും മദ്യ വിൽപ്പന ശാലകൾക്കും അവധിയാണ്. ഇതോടെയാണ് തുടർച്ചയായ രണ്ട് ദിവസം അടച്ചിടൽ ഉണ്ടാവുന്നത്.
ഇതിന് പുറമേ ഇന്ന് വൈകീട്ട് നേരത്തെ ബെവ്‌കോ മദ്യശാലകൾ അടയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. സ്‌റ്റോക്ക് എടുപ്പ് പ്രമാണിച്ചാണ് ഇന്ന് നേരത്തെ ഔട്ട്ലെറ്റുകൾ അടയ്ക്കുന്നത്. എന്നാൽ ബാറുകളിൽ ഇന്ന് രാത്രി 11 മണി വരെ മദ്യം ലഭിക്കും. പിന്നീട് മദ്യ ശാലകൾ തുറക്കുക വ്യാഴാഴ്‌ചയായിരിക്കും. അതുവരെ രണ്ട് ദിവസത്തേക്ക് കേരളത്തിൽ മദ്യ വിൽപ്പന ഉണ്ടാവില്ല.

ഓണത്തിന് ശേഷം രണ്ട് ദിവസം തുടർച്ചയായി ബെവ്‌കോയ്ക്ക് രണ്ട് ദിവസം അവധി വരുന്നത് ഇത് ആദ്യമായാണ്. അതുകൊണ്ട് തന്നെ ഇന്ന് ബെവ്‌കോ ഔട്ട്ലെറ്റുകളിൽ ഉൾപ്പെടെ വലിയ തിരക്ക് അനുഭവപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ അടുത്ത മാസവും സമാനമായി ബെവ്‌കോ ഔട്ട്ലെറ്റുകൾ രണ്ട് ദിവസം അടച്ചിടുന്നുണ്ട്.
ഇനി ദീപാവലി ദിവസമായ ഒക്ടോബർ 31ന് ബെവ്‌കോയ്ക്ക് അവധിയാണ്, കൂടാതെ ബാറുകളും ഉണ്ടാവില്ല. അതിന്റെ പിറ്റേന്ന് നവംബർ ഒന്നിന് സാധാരണഗതിയിൽ ഡ്രൈഡേ കൊണ്ടാടുന്നതിന്റെ അവധിയും ആയിരിക്കും. അങ്ങനെ അടുത്ത മാസവും സമാനമായി രണ്ട് ദിവസത്തെ അവധി വരുന്നത് മദ്യപരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
അതേസമയം, ഇക്കുറിയും ഓണക്കാലത്ത് മലയാളികൾ മദ്യത്തിന് ഒരു മുടക്കവും വരുത്തിയില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സീസണിൽ കഴിഞ്ഞ തവണ കുടിച്ചു തീർത്തതിനേക്കാൾ അധികമാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കുറി 818.21 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് ഓണക്കാലത്ത് നടത്തിയിരിക്കുന്നത്. ഇത് മുൻ വർഷത്തേക്കാൾ ഒൻപത് കോടിയിൽ അധികം രൂപയുടെ വർധനവിനെ സൂചിപ്പിക്കുന്നു.
ഇക്കുറി ഉത്രാടം വരെയുള്ള 9 ദിവസം 701 കോടിയുടെ മദ്യമാണ് വിറ്റഴിച്ചതെങ്കിൽ കഴിഞ്ഞ വർഷം അത് 715 കോടിയോളം ആയിരുന്നു. എന്നാൽ ഈ കുറവിനെ മലയാളി തിരുവോണത്തിന് ശേഷം നികത്തുക മാത്രമല്ല ആകെ വിൽപ്പനയിൽ കഴിഞ്ഞ തവണത്തെ കണക്കുകളെ കടത്തി വെട്ടുകയും ചെയ്‌തിരുന്നു. ഇക്കുറി ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് മലപ്പുറം തിരൂർ ഔട്ട്ലെറ്റിൽ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സ്ഥിരമായി പട്ടികയിൽ ഒന്നാമത് എത്തിയിരുന്ന കൊല്ലം ആശ്രമത്തെ ബെവ്കോ ഔട്ട്ലെറ്റും, തിരുവനന്തപുരം പവർ ഹൗസ് ഔട്ട്ലെറ്റും പിന്നിലേക്ക് പോയിരുന്നു. രണ്ടാം സ്ഥാനത്ത് കരുനാഗപ്പള്ളി ഔട്ടലെറ്റാണ് എത്തിയത്. പവർഹൗസ് ഔട്ട്ലെറ്റ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓരോ വർഷവും ഇത്തരം ആഘോഷ സമയങ്ങളിൽ മലയാളികൾ കുടിച്ചു തീർക്കുന്ന മദ്യത്തിന്റെ അളവ് കുതിച്ചുയരുകയാണ്.












Click it and Unblock the Notifications