Beypore Election Result: ഒടുവിൽ ബേപ്പൂരിൽ റിയാസിന് ജയം, പറഞ്ഞ വാക്ക് പാലിക്കുമോ പിവി അൻവർ?
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ എൽഡിഎഫിന്റെ ഏക അത്താണിയായി ബേപ്പൂർ. നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലം ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ടെങ്കിലും, കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മുഹമ്മദ് റിയാസിന്റെ വിജയം അത്രത്തോളം തിളക്കമുള്ളതായിരുന്നില്ല. മുഹമ്മദ് റിയാസ് 81,849 വോട്ടുകൾ നേടി മണ്ഡലം നിലനിർത്തുകയായിരുന്നു. കടുത്ത മത്സരത്തിനൊടുവിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവർ 74,362 വോട്ടുകൾ കരസ്ഥമാക്കി. 17 റൗണ്ട് വോട്ടെണ്ണലിനുശേഷം 7487 വോട്ടുകൾക്കായിരുന്നു റിയാസിന്റെ വിജയം.
ബിജെപി സ്ഥാനാർത്ഥിയായ അഡ്വക്കേറ്റ് പ്രകാശ് ബാബു 26,543 വോട്ടുകളോടെ മൂന്നാം സ്ഥാനത്ത് എത്തി. അൻവർ, മുഹമ്മദ് റിയാസ് പിസി എന്നിവരുൾപ്പെടെയുള്ള അപരന്മാരായ മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് 1,000 വോട്ടിൽ താഴെ മാത്രമാണ് ലഭിച്ചത്. 583 വോട്ടുകൾ നോട്ടയ്ക്കും ലഭിച്ചു. ഇക്കുറി യുഡിഎഫ് തരംഗം ഉണ്ടായപ്പോഴും മലബാറിൽ റിയാസ് പിടിച്ചുനിന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

1982 മുതൽ സിപിഎമ്മിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് ബേപ്പൂർ. ഇത് മുഹമ്മദ് റിയാസിന് ശക്തമായ സംഘടനാപരമായ അടിത്തറ നൽകി. 2021-ൽ 82,165 വോട്ടുകൾ നേടി, 49.73 ശതമാനം വോട്ട് വിഹിതത്തോടെയാണ് റിയാസ് വിജയച്ചത്. ഈ വിജയമാണ് അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ മന്ത്രിസഭയിൽ പൊതുമരാമത്ത്, ടൂറിസം മന്ത്രിയാകാൻ സഹായിച്ചത്.
യാതൊരു തടസവുമില്ലാതെ ഇക്കുറിയും വിജയം നേടുമെന്ന് റിയാസ് പ്രവചിച്ചിരുന്നു. കോഴിക്കോട് തീരദേശ മേഖലയിലെ റോഡ്, ടൂറിസം പദ്ധതികൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് അദ്ദേഹം ഊന്നൽ നൽകിയതോടെയായിരുന്നു അത്. ഈ മേഖലകളിൽ പാർട്ടി സംവിധാനങ്ങൾ ശക്തമായി നിലനിൽക്കുന്നുണ്ട്. എന്നാൽ അത് വോട്ടിംഗിൽ പ്രതിഫലിച്ചില്ല.
അതേസമയം, ഭരണവിരുദ്ധ വികാരത്തിനും അഴിമതി ആരോപണങ്ങൾക്കും ഇടതുപക്ഷത്തിനുള്ളിലെ അതൃപ്‌തികൾക്കും ഊന്നൽ നൽകിയായിരുന്നു അൻവറിന്റെ പ്രചാരണമെങ്കിലും അത് കാര്യമായി പ്രതിഫലിച്ചില്ല എന്ന് വേണം കരുതാൻ. ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടി ശക്തമായ വെല്ലുവിളിയാണ് അദ്ദേഹം റിയാസിന് നൽകിയത്.
വെല്ലുവിളി പ്രാവർത്തികമാക്കുമോ പിവി അൻവർ
ഇടയ്ക്ക് നാടകീയത വർധിപ്പിച്ച് അൻവർ ഒരു വെല്ലുവിളി നടത്തിയിരുന്നു: താൻ തോറ്റാൽ തല മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് എസ്എം സ്ട്രീറ്റിലൂടെ കിഡ്‌സൺ കോർണർ മുതൽ റെയിൽവേ സ്‌റ്റേഷൻ വരെ നടക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. തോറ്റാൽ റിയാസിനോട് തല മൊട്ടയടിച്ച് നടക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതാണ് ഇപ്പോൾ കൂടുതൽ പേരും ഉയർത്തുന്ന ചോദ്യം. പിവി അൻവർ തന്റെ വെല്ലുവിളി പ്രവർത്തികമാക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ ഏറ്റവും ഒടുവിൽ പിവി അൻവർ മാധ്യമങ്ങളോട് സംസാരിക്കവെ ഇക്കാര്യം എടുത്തു പറഞ്ഞില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. തന്റെ തോൽവിയിലും ഏറ്റവും സന്തോഷവാനാണ് താനെന്ന് അദ്ദേഹം പറയുന്നു.
ബിജെപിയുടെ പ്രകടനം
ബേപ്പൂരിൽ ബിജെപിയുടെ വളർച്ച കണക്കുകൂട്ടലുകൾ സങ്കീർണമാക്കി, പക്ഷേ അത് ഇടതുപക്ഷത്തിന്റെ വിജയത്തെ അത് ബാധിച്ചില്ലെന്നതാണ് കാര്യം. 2011-ൽ 11,040 ആയിരുന്നത് 2016-ൽ 27,958 ആയും അതിനുശേഷം 2021-ൽ 26,267 ആയും നിലവിൽ 26,543 ആയും ബിജെപിക്ക് വോട്ടുകൾ ലഭിച്ചു. എങ്കിലും ഇത്തവണ പ്രകാശ് ബാബുവിലൂടെ ഇതിലും കൂടുതൽ വോട്ടുകൾ നേടുമെന്നായിരുന്നു പ്രതീക്ഷ. അതും നടന്നില്ല എന്നതാണ് ഇത്തവണ അവരെ ആശങ്കപ്പെടുത്തുന്ന കാര്യം.












Click it and Unblock the Notifications