രാഹുല്‍ നടക്കുന്നത് 42 മണ്ഡലങ്ങളിലൂടെ; കേരളത്തിലും വന്‍ തിരിച്ച് വരവ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്
തിരുവനന്തപുരം: ദേശീയ തലത്തില്‍ വന്‍ തിരിച്ച് വരവ് ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര കേരത്തിലെ പാർട്ടിക്കും നിർണ്ണായകം. രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര 19 ദിവസങ്ങളിലായി സംസ്ഥാനത്തെ എട്ട് ജില്ലകളിലൂടെയാണ് സഞ്ചരിക്കുന്നത്.
കോൺഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുലിന്റെ യാത്രയെ ചുവപ്പ് പരവതാനി വിരിച്ച് സ്വാഗതം ചെയ്യുന്ന ഏക സംസ്ഥാനം കേരളമായിരിക്കും എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ സി പി എമ്മും കോണ്‍ഗ്രസും പരസ്പരം ഏറ്റമുട്ടുന്ന പാർട്ടികളാണെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്.

സെപ്തംബർ 11നാണ് കേരള അതിർത്തിയായ കളിയിക്കാവിളയിൽ യാത്ര എത്തിച്ചേരുന്നത്. സംസ്ഥാനത്തെ 12 ലോക്‌സഭാ മണ്ഡലങ്ങളിലും 42 നിയമസഭാ മണ്ഡലങ്ങളിലൂടേയും യാത്ര കടന്ന് പോവും. എല്ലാ ദിവസവും രാഹുലും സംഘവും രാവിലെ 7.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 7 വരെയുമാണ് നടക്കുക. സെപ്റ്റംബർ 29 ന് സംസ്ഥാനം വിടുന്നതിന് മുമ്പ് തൃശ്ശൂരിൽ ഒരു പൊതു റാലിയെ രാഹുൽ അഭിസംബോധന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

യാത്രയെ കാണേണ്ടത് ഇന്ത്യൻ പശ്ചാത്തലത്തിലാണ്, അല്ലാതെ കേരളത്തിന്റെ പശ്ചാത്തലത്തിൽ മാത്രമല്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി അഭിപ്രായപ്പെട്ടത്. പക്ഷെ കേരളത്തിലും രാഷ്ട്രീയത്തിന് അതീതമായ ബഹുജന പിന്തുണ ലഭിക്കുമെന്നും അതുവഴി സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു പുത്തനുണർവ്വ് ലഭിക്കുമെന്നും പാർട്ടി വിലയിരുത്തുന്നുണ്ട്.

ഇന്ത്യയിൽ ഇപ്പോൾ വെറുപ്പിന്റെ അന്തരീക്ഷമാണ്. രണ്ടാമതായി, ഉള്ളവനും ഇല്ലാത്തവനും ഇടയിൽ സ്ഥാപിച്ചിരിക്കുന്ന പ്രകടമായ സാമ്പത്തിക അസമത്വം കാരണം രണ്ട് ഇന്ത്യകളുണ്ട്. ഈ രണ്ട് വശങ്ങളും മാറ്റാൻ യാത്ര സഹായിക്കും. സ്വാഭാവികമായും ഇത് കേരളത്തിലും പ്രതിഫലിക്കും. ഈ രണ്ട് സന്ദേശങ്ങളും ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് കേരളം. അതിനാൽ ഇത് കോൺഗ്രസിന്റെ മാത്രം യാത്രയല്ല, സമൂഹത്തിന്റെ മുഴുവൻ യാത്രയായിരിക്കുമെന്നും ആന്റണി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കോൺഗ്രസിന് താഴെത്തട്ടിലുള്ള പ്രവർത്തകരുടെ ശക്തമായ ഒരു നിരയുണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്. യാത്ര പാർട്ടിയുടെ ബഹുജന അടിത്തറ ഉറപ്പിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷരും അഭിപ്രായപ്പെടുന്നു. രാഹുൽ 19 ദിവസം കേരളത്തിൽ ചെലവഴിക്കുന്നത് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. ജനങ്ങളിലേക്ക് പാർട്ടിയെ എത്തിക്കുന്നതില്‍ ഈ യാത്ര നിർണ്ണായമായി മാറുമെന്നും അവർ വ്യക്തമാക്കുന്നു.

'കേരളത്തിലെ യാത്രയിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടം കൊയ്യാൻ പോകുന്നത് കോൺഗ്രസിനാണ്, കാരണം രാഹുലിന് അലകൾ സൃഷ്ടിക്കാനും ഗണ്യമായ എണ്ണം വോട്ടർമാരെ സ്വാധീനിക്കാനും കഴിയുന്ന ഒരു സംസ്ഥാനമാണിത്. അദ്ദേഹം സംസ്ഥാനത്ത് നിന്നുള്ള ഒരു എംപിയാണെന്നത് ഈ പ്രതിഭാസം വർദ്ധിപ്പിക്കാൻ സഹായിക്കും. ഒരു തരത്തിൽ, കോൺഗ്രസ് ഉറങ്ങുന്ന ഭീമനെപ്പോലെയാണ്," രാഷ്ട്രീയ നിരീക്ഷകനായ പിയേഴ്സൺ പറഞ്ഞു.

സംസ്ഥാനത്ത് നിന്നുള്ള എട്ട് യുവ നേതാക്കളാണ് യാത്രയിൽ രാഹുലിനെ അനുഗമിക്കുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട്‌റീച്ച് സെൽ ചെയർമാൻ ചാണ്ടി ഉമ്മൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി മഞ്ജുക്കുട്ടൻ, എൻഎസ്‌യുഐ ദേശീയ കോർഡിനേറ്ററും കെഎസ്‌യു ജനറൽ സെക്രട്ടറിയുമായ നബീൽ കല്ലമ്പലം, സേവാദൾ മുൻ പ്രസിഡന്റ് എം എ സലാം, അസംഘടിത തൊഴിലാളി എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ, ഡി.ഗീതാകൃഷ്ണൻ, ചാലക്കുടി മുൻ നിയമസഭാ സീറ്റ് സ്ഥാനാർത്ഥി കെ.ടി.ബെന്നി, മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ വൈസ്പ്രസിഡന്റ് ഫാത്തിമ ഇബ്രാഹീം എന്നിവരാണ് യാത്രയെ അനുഗമിക്കുന്നവർ.












Click it and Unblock the Notifications