റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്; ഈ പേരുകൾ നീക്കം ചെയ്‌തില്ലെങ്കിൽ വൻ പിഴ, അവസാന തീയതി എപ്പോൾ?
കോഴിക്കോട്: സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് കർശന നിർദ്ദേശവുമായി ഭക്ഷ്യവകുപ്പ്. മസ്‌റ്ററിംഗ് നടപടികൾ പൂർത്തിയാക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ മരണപ്പെട്ടവരെയും വിദേശത്ത് ഉള്ളവരെയും കുറിച്ചുള്ള വിവരങ്ങൾ എത്രയും പെട്ടെന്ന് അറിയിക്കണമെന്നാണ് നിർദ്ദേശം. മസ്‌റ്ററിംഗ് അവസാനിക്കുന്ന തീയതിയായ ഒക്ടോബർ 25നുള്ളിൽ തന്നെ ഇവ അറിയിക്കാനാണ് ജില്ലാ സിവിൽ സപ്ലൈസ് വകുപ്പുകൾ നൽകിയിരിക്കുന്ന നിർദ്ദേശം.
നേരത്തെ ഒക്ടോബർ എട്ട് വരെയായിരുന്നു മസ്‌റ്ററിംഗ് നടപടികൾക്ക് അനുവദിച്ചിരുന്ന സമയപരിധി. ഇത് പിന്നീട് നീട്ടുകയായിരുന്നു. എന്നാൽ ഇതിന് ശേഷവും വിവിധ ജില്ലകളിൽ പതിനഞ്ച് ശതമാനത്തിൽ അധികം ഉപഭോക്താക്കൾ മസ്‌റ്ററിംഗ് പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് കർശന നിർദ്ദേശവുമായി ഭക്ഷ്യവകുപ്പ് രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ എത്ര പേർ ഇനിയും മസ്‌റ്ററിംഗ് പൂർത്തിക്കാൻ ഉണ്ടെന്ന കാര്യത്തിൽ കൃത്യമായ ധാരണ കിട്ടാതായ സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്.

ഇക്കാര്യം അറിയിക്കുന്നതിൽ പരാജയപ്പെടുന്ന ആളുകൾക്ക് വലിയ പിഴ തന്നെ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. മഞ്ഞ, നീല, പിങ്ക് കാർഡുകളിൽ മരണപ്പെട്ടവരുടെ പേര് ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ അത് നീക്കം ചെയ്യാനാണ് നിർദ്ദേശം. ഇതിൽ പരാജയപ്പെട്ടാൽ ഇത്രയും കാലം അനധികൃതമായി റേഷൻ കൈപ്പറ്റിയതിന്റെ പിഴയൊടുക്കേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തുള്ളവരുടെ പേര് വിവരങ്ങളും അറിയിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മസ്‌റ്ററിംഗ് പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഇനി മുതൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാവുക. നീല കാർഡ് ഉടമകൾക്ക് മസ്‌റ്ററിംഗ് ആവശ്യമില്ലെങ്കിലും മരിച്ചവരുടെ പേരുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് നീക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പിങ്ക്, നീല കാർഡുകളിൽ ആളെണ്ണത്തിന് അനുസരിച്ചാണ് വിഹിതം നൽകുന്നത്. അതുകൊണ്ടാണ് നിർബന്ധമായും ഇക്കാര്യം അറിയിക്കാൻ ഉത്തരവിട്ടത്.
കേരളത്തിന് പുറത്ത് കഴിയുന്നവരുടെ പേരുകൾ എൻആർകെ പട്ടികയിൽ ഉൾപ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവാനിടയില്ല. സാധാരണഗതിയിൽ റേഷൻ കാർഡിലെ അംഗം മരണപ്പെട്ടാൽ ആ പേരുകൾ പെട്ടെന്ന് തന്നെ നീക്കം ചെയ്യണമെന്ന് നിർദ്ദേശമുണ്ട്. എന്നാൽ ആരും പാലിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
പേര് നീക്കം ചെയ്യുക എങ്ങനെ?
നിലവിൽ മരണപ്പെട്ടവരുടെ പേരുകൾ നീക്കം ചെയ്യുക എന്നത് ലളിതമായ കാര്യമാണ്. ഇതിനായി മരണപ്പെട്ട ആളുടെ ഡെത്ത് സർട്ടിഫിക്കറ്റ് സഹിതം അക്ഷയ കേന്ദ്രത്തിൽ അപേക്ഷ നൽകിയാൽ മാത്രം മതി. ശേഷം അവിടെ നിന്നും താലൂക്ക് ഓഫീസിലേക്ക് അയക്കും. എൻആർകെ പട്ടികയിലേക്ക് മാറ്റാൻ താലൂക്ക് ഓഫീസിലാണ് ചെല്ലേണ്ടത്. അവിടെ നിന്നും കേരളത്തിന് പുറത്ത് താമസിക്കുന്ന ആളുകളുടെ പട്ടികയിലേക്ക് പേര് മാറ്റാവുന്നതാണ്.












Click it and Unblock the Notifications