അബ്‌ദുൾ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു? കൂടുതൽ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി തള്ളി, ആശ്വാസം
റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി അബ്‌ദുൾ റഹീമിന് ആശ്വാസം. കേസിൽ അബ്‌ദുൽ റഹീമിന് കൂടുതൽ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളിയതോടെയാണ് അദ്ദേഹത്തിന്റെ മോചനത്തിന് കളമൊരുങ്ങുന്നത്. കീഴ്‌ക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. അബ്‌ദുൾ റഹീമിനെതിരെ ഇനി മറ്റ് നടപടികൾ ഉണ്ടാവില്ലെന്നാണ് ലഭ്യമായ വിവരം. നിലവിലെ സാഹചര്യത്തിൽ റഹീമിന്റെ മോചനത്തിനുള്ള നടപടികൾ കൂടുതൽ എളുപ്പമാവാനും സാധ്യതയുണ്ട്.
കോടതി വിധിയിൽ റഹീം നിയമ സഹായ സമിതി സന്തോഷം അറിയിച്ചു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിലാണ് റിയാദിലെ ജയിലിൽ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്‌ദുൾ റഹീം കഴിയുന്നത്. കേസിൽ 20 വര്‍ഷത്തേക്കാണ് കോടതി അബ്‌ദുൽ റഹീമിന് ശിക്ഷ വിധിച്ചിരുന്നത്. 2026 ഡിസംബറിലാണ് കേസിന് 20 വർഷം തികയുക.

സ്വകാര്യ അവാകാശത്തിന്റെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നൽകിയതോടെ ഒഴിവായത്. ഒരു വര്‍ഷം മുൻപായിരുന്നു ഈ നടപടികൾ. എന്നാൽ പൊതുനിയമ പ്രകാരം തീർപ്പാവാത്തതാണ് റഹീമിന്റെ ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കിയിരുന്നത്.
ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 13 സിറ്റിങ്ങുകൾ കോടതി നടത്തിയെങ്കിലും തീർപ്പാവാതെ വരികയായിരുന്നു. ഓരോവട്ടവും കേസ് നീട്ടുകയാണ് കോടതി ചെയ്‌തിരുന്നത്. ഇതോടെ റഹീമിന്റെ കുടുംബം ആശങ്കയിലായിരുന്നു. അതിനിടെ റഹീമിന്റെ ഉമ്മ പ്രിയപ്പെട്ട മകനെ കാണാനായി റിയാദിലെ ജയിലിൽ എത്തിയിരുന്നു.
റിയാദിലെ റഹീം നിയമസഹായ സമിതിയാണ് സൗദിയിലെ കാര്യങ്ങൾ നിർവഹിക്കുന്നത്. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്‌ദുൽ റഹീം അറസ്‌റ്റിലാവുന്നത്. തുടർന്ന് വിചാരണ നടക്കുന്നത് വരെ റഹീം നാല് വർഷത്തോളം ജയിലിൽ കഴിയുകയായിരുന്നു. തുടർന്ന് 2012ലാണ് വധശിക്ഷ വിധിച്ചത്.
ദിയാധനം നൽകി മോചനം നടത്താൻ ആയിരുന്നു പിന്നീടുള്ള ശ്രമം. എന്നാൽ 34 കോടി രൂപയോളം ആയിരുന്നു ഇതിനായി സ്വരൂപിക്കേണ്ടി വന്നത്. പിന്നാലെ റഹീമിന്റെ മോചനത്തിനായി കേരളത്തിൽ വലിയ തോതിൽ ഫണ്ട് ശേഖരണം ഉൾപ്പെടെ നടന്നിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ബ്ലഡ് മണിയായി ആവശ്യപ്പെട്ട പണം കണ്ടെത്താനായിരുന്നു ഫണ്ട് ശേഖരണം നടന്നത്.
പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയാണ് ഇതിന് നേതൃത്വം നൽകിയത്. ഇതിന് വേണ്ടി യാചന യാത്രയും ബോബി ചെമ്മണ്ണൂർ സംഘടിപ്പിച്ചിരുന്നു. സാമൂഹ്യ പ്രവർത്തകരും മറ്റ് സന്നദ്ധ സംഘടനകളും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്‌തു, ഒടുവിൽ ഈ പണം കണ്ടെത്തുകയും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് കൈമാറുകയും ചെയ്യുകയായിരുന്നു.












Click it and Unblock the Notifications