കൊച്ചിക്കാർക്ക് ആശ്വാസ വാർത്ത; പുതിയ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് പച്ചക്കൊടി, 13 കോടി അനുവദിച്ചു
കൊച്ചി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ എറണാകുളത്തെ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് ഒന്നാം ഘട്ട നിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെ പച്ചക്കൊടി. ഒന്നാം ഘട്ട നിർമ്മാണത്തിനായി 13 കോടി രൂപ അനുവദിച്ചു. ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ 'കൺസ്ട്രക്ഷൻ ഓഫ് കെഎസ്ആർടിസി ബസ് ടെർമിനൽ, എറണാകുളം, കരക്കാമുറി - ഫേസ് 1' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക.
ഒന്നാം ഘട്ടത്തിൽ 465.5 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുള്ള ബസ് ബേ, സ്‌റ്റീൽ മേൽക്കൂര, യാത്രക്കാർക്ക് ആധുനിക ഇരിപ്പിട സൗകര്യങ്ങൾ എന്നിവ ഒരുക്കും. ജീവനക്കാർക്കുള്ള ഓഫീസുകൾ, എയർകണ്ടീഷൻ ചെയ്‌ത കാത്തിരിപ്പ് ഹാൾ, റിസർവേഷൻ കൗണ്ടറുകൾ, ശുചിമുറികൾ തുടങ്ങിയവ അടങ്ങിയ 472 ചതുരശ്ര മീറ്റർ കെട്ടിടവും പദ്ധതിയുടെ ഭാഗമായുണ്ടാവും.

പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ 6198 ചതുരശ്ര മീറ്റർ യാർഡ് ഉയർത്തി 8 സെന്റീമീറ്റർ കനമുള്ള ഹെവി ഡ്യൂട്ടി പേവർ ബ്ലോക്കുകൾ പാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 300 മീറ്റർ ഡ്രെയിനേജ് സംവിധാനം, 15,000 ലിറ്റർ ശേഷിയുള്ള ഭൂമിക്കടിയിലെ ജലസംഭരണി, അഗ്നിശമന സംവിധാനങ്ങൾ എന്നിവയും പുതിയ ബസ് സ്‌റ്റാൻഡിൽ സജ്ജീകരിക്കും.
'ഏകദേശം 30,000 യാത്രക്കാർ ദിവസേന കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിനെ ആശ്രയിക്കുന്നുണ്ട്. ഈ പദ്ധതി ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി, സൗകര്യം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും' എന്നായിരുന്നു എംഎൽഎ ടിജെ വിനോദ് ധനമന്ത്രിക്ക് നന്ദി അറിയിച്ചു കൊണ്ട് പറഞ്ഞത്.
നേരത്തെ 27 കോടി രൂപ ചിലവ് വരുന്ന വിശദമായ രൂപരേഖയാണ് പദ്ധതിക്കായി പിഡബ്ള്യുഡി തയാറാക്കിയത്. എന്നാൽ അത്രയും തുക ലഭിക്കാത്ത സാഹചര്യത്തിൽ അത് 13 കോടി രൂപ ചെലവിലുള്ള ഒന്നാം ഘട്ട പദ്ധതിയായി ചുരുക്കുകയായിരുന്നു. കാരിക്കാമുറി സെന്റ് ജോസഫ് യുപി സ്‌കൂളിനോട് ചേർന്നുള്ള സ്ഥലത്താണ് പുതിയ ബസ് സ്‌റ്റാൻഡ് നിർമ്മിക്കുക. നിലവിലെ ബസ് സ്‌റ്റാൻഡിനോട് ചേർന്നാണ് ഇത്.
ഏതാണ്ട് ആറ് പതിറ്റാണ്ടിന് ശേഷമാണ് ഇപ്പോൾ കൊച്ചി കെഎസ്ആർടിസി സ്‌റ്റാൻഡിന് വികസനം കൈവരുന്നത്. 1968 നവംബർ 1-ന് കേരളപ്പിറവി ദിനത്തിലാണ് എറണാകുളം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് രാജ്യത്തെ ഏറ്റവും വലിയ ബസ് സ്‌റ്റാൻഡായി പ്രഖ്യാപിക്കപ്പെട്ട് പ്രവർത്തനം തുടങ്ങിയത്. 58 വർഷങ്ങൾക്ക് ഇപ്പുറവും കാര്യമായ വികസനം ഒന്നുമില്ലാതെ നിലനിൽക്കുകയായിരുന്നു ഇവിടം.
ഇവിടെ നിലവിലുള്ള കെഎസ്ആർടിസി ടെർമിനൽ ഏത് നിമിഷവും തകർന്നുവീഴാവുന്ന മോശം അവസ്ഥയിലാണ് ഉള്ളത്. വൃത്തിഹീനമായ ശുചിമുറികളും വിശ്രമ സൗകര്യങ്ങളുടെ അഭാവവും യാത്രക്കാർക്ക് വലിയ രീതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. മഴ പെയ്യുമ്പോൾ ബസ് ടെർമിനൽ പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് യാത്രക്കാർ നേരിടുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നാണ്.
മുൻപ് കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് നിർമ്മാണത്തിനായി 12 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതികവും പ്രായോഗികവുമായ കുരുക്കുകളിൽ കുടുങ്ങി ആ പദ്ധതി മുന്നോട്ട് നീങ്ങിയിരുന്നില്ല. അതിന് ശേഷമാണ് 13 കോടിയുടെ പദ്ധതിയായി ഇത് മാറ്റിയത്.












Click it and Unblock the Notifications