കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി
കൊച്ചി: ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാത 66-ൽ പുതുതായി നിർമ്മിച്ച വരാപ്പുഴ പാലം ഇന്ന് മുതൽ ഗതാഗതത്തിനായി തുറന്നുകൊടുക്കും. കൊച്ചിക്കും പരിസരപ്രദേശങ്ങളിലെ യാത്രക്കാർക്കും വലിയ ആശ്വാസമാവുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പാലത്തിന്റെ പ്രധാന നിർമ്മാണം മൂന്നു മാസം മുൻപ് പൂർത്തിയായിരുന്നെങ്കിലും, ഇരുവശങ്ങളിലുമുള്ള 1400 മീറ്റർ അപ്രോച്ച് റോഡുകളുടെ പണി വൈകിയതിനാലാണ് ഉദ്ഘാടനം നീണ്ടുപോയത്.
അപ്രോച്ച് റോഡുകൾ പൂർണമായതിനാൽ പാലം ഇപ്പോൾ ഉപയോഗത്തിന് സജ്ജമാണ്. ഇതോടെയാണ് തുറന്ന് കൊടുക്കാൻ തീരുമാനിച്ചത്. ചേരാനല്ലൂർ പെട്രോൾ പമ്പിന് സമീപത്തുനിന്നും വരാപ്പുഴ എസ്എൻഡിപി ജംഗ്ഷൻ വരെ നീളുന്ന അപ്രോച്ച് റോഡ്, കൊച്ചിയുടെ പ്രാന്തപ്രദേശങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ടുള്ളതാണ്. എൻഎച്ച് 66-ലെ ഏറ്റവും വലിയ ഈ പാലം, പ്രദേശത്തെ ഗതാഗതക്കുരുക്കിന് ഗണ്യമായ അയവു വരുത്തുമെന്നാണ് കരുതുന്നത്.

1026 മീറ്റർ നീളമുള്ള വരാപ്പുഴ പാലം 604 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഇതിനായി ഏകദേശം 100 കോടി രൂപയോളം ചെലവഴിച്ചു. വിശാലമായ നദികളിലൂടെയുള്ള വലിയ പാലങ്ങൾക്ക് അനുയോജ്യമായ 'ബാലൻസ്ഡ് കാൻ്റിലിവർ' എന്ന ആധുനിക എൻജിനീയറിംഗ് രീതിയാണ് ഇവിടെ ഉപയോഗിച്ചത്. നദിക്ക് കുറുകെയുള്ള 83 മീറ്റർ വീതം നീളമുള്ള രണ്ട് സ്‌പാനുകളും, വലിയ കപ്പലുകൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കുന്ന 120 മീറ്ററുള്ള മധ്യ സ്‌പാനും ഉൾപ്പെടെ 26 സ്‌പാനുകളാണ് പാലത്തിനുള്ളത്.
കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നദിയായ പെരിയാറിൽ, നദിമുഖത്തിനടുത്ത് ശക്തമായ അടിയൊഴുക്കുകളും വേലിയേറ്റ സ്വാധീനവുമുണ്ട്. അതിനാൽ പാലം നിർമ്മാണം സാങ്കേതികമായി കനത്ത വെല്ലുവിളിയായിരുന്നു. എന്നാൽ അതിനെയൊക്കെ മറികടക്കാൻ ഇച്ഛാശക്തി കൊണ്ട് സാധിച്ചു. നൂതന സാങ്കേതിക വിദ്യകളും, ആധുനിക രീതികളും ഘടനയുടെ സ്ഥിരതയും ഈടുറപ്പും ഉറപ്പാക്കുന്നു.
നിലവിലെ വരാപ്പുഴ പാലം നിലനിർത്തിയത് ഈ പദ്ധതിയുടെ പ്രധാന സവിശേഷതയാണ്. പഴയ പാലം പൊളിക്കാതെ പുനരുദ്ധരിച്ച് ബലപ്പെടുത്തി തുടർന്നു ഉപയോഗിക്കാനാണ് അധികൃതരുടെ തീരുമാനം. നിർമ്മാണ സമയത്ത് ഗതാഗത തടസങ്ങൾ ഒഴിവാക്കാനും, അടിസ്ഥാന സൗകര്യങ്ങളുടെ മൂല്യം നിലനിർത്താനും ഇത് സഹായിക്കും.
പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിലവിലെ റോഡിനേക്കാൾ മൂന്ന് മീറ്ററിലധികം താഴ്ത്തിയാണ് നിർമ്മിച്ചിട്ടുള്ളത്. ഭാവിയിൽ നിലവിലുള്ള റോഡിന്റെ പുനർനിർമ്മാണം പുതിയ രൂപകൽപ്പനക്ക് അനുസൃതമായിരിക്കും. ഗതാഗതം പുതിയ പാലത്തിലേക്ക് പൂണമായി മാറ്റിയ ശേഷം മാത്രമേ ഈ ജോലികൾ ആരംഭിക്കൂ.
പ്രദേശത്തെ രൂക്ഷമായ ഗതാഗതക്കുരുക്കും, അനേകം അപകടങ്ങളും പരിഗണിച്ച് പാലം അടിയന്തരമായി തുറക്കാൻ തീരുമാനിക്കുകയായിരുന്നു. എൻഎച്ച് 66-ലെ വികസന പ്രവർത്തനങ്ങൾ വരാപ്പുഴ ഭാഗത്തെ കുരുക്ക് വർധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കിടെ രണ്ട് മാരക അപകടങ്ങൾ റിപ്പോർട്ട് ചെയ്‌തത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ അടിയന്തര ആവശ്യം വ്യക്തമാക്കിയിരുന്നു.
പുതിയ വരാപ്പുഴ പാലം പ്രവർത്തനക്ഷമമാകുന്നതോടെ എടപ്പള്ളി-പറവൂർ യാത്രാ സമയം കുറയും. എൻഎച്ച് 66-ലെ ചരക്ക്, യാത്രാ നീക്കം മെച്ചപ്പെടുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ഗതാഗതക്കുരുക്ക് മൂലമുള്ള അപകടങ്ങൾ കുറഞ്ഞ് സുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. കൂടാതെ, കൊച്ചിയുടെ വ്യാവസായിക-തുറമുഖ മേഖലകളുമായുള്ള ബന്ധം മെച്ചപ്പെടുത്തി പ്രാദേശിക സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യും.
കേരളത്തിൻ്റെ ദേശീയപാതാ വികസനത്തിലെ സുപ്രധാന നാഴികക്കല്ലാണ് വരാപ്പുഴ പാലം. ഇത് നിത്യയാത്രക്കാർക്കും, ഗതാഗത ഓപ്പറേറ്റർമാർക്കും, പ്രദേശവാസികൾക്കും ഒരുപോലെ പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൊച്ചി നിവാസികളെ സബന്ധിച്ച് ഇതൊരു നിർണായക പ്രഖ്യാപനം കൂടിയാണെന്ന കാര്യത്തിൽ തർക്കമില്ല.


Click it and Unblock the Notifications