സാധാരണക്കാർക്ക് മുട്ടൻ പണി; സർചാർജ് പിരിക്കുന്നത് തുടരാൻ കെഎസ്ഇബി, നിരക്ക് യൂണിറ്റിന് 10 പൈസ
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി കെഎസ്ഇബിയുടെ പുതിയ തീരുമാനം. ഫെബ്രുവരിയിലെ സർചാർജ് നിലനിർത്താനാണ് ബോർഡിന്റെ തീരുമാനം. യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. ഫെബ്രുവരിയിൽ എങ്കിലും സർചാർജ് ഒഴിവാക്കുമെന്നായിരുന്നു ഉപഭോക്താക്കളുടെ പ്രതീക്ഷ. എന്നാൽ ഇതും അസ്ഥാനത്താക്കി കൊണ്ടാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ വൈദ്യുതി വാങ്ങിയതിലൂടെ 18.13 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടായതെന്നും ഇതാണ് അടുത്ത മാസം സ്വന്തം നിലയിൽ സര്‍ചാര്‍ജ് പിരിക്കുന്നതിന്റെ കാരണമെന്നും കെഎസ്ഇബി അറിയിച്ചു. സർചാർജ് നിലനിർത്തയെങ്കിലും ഇതിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം.

കഴിഞ്ഞ മാസം വരെ യൂണിറ്റിന് 19 പൈസ എന്ന നിരക്കിലായിരുന്നു സർചാർജ് ഈടാക്കിയത്. എന്നാൽ ഫെബ്രുവരി മുതൽ ഈ ഇനത്തിൽ 9 പൈസയുടെ കുറവ് ഉണ്ടാവും. അതായത് ഇതിനായി 10 പൈസ നൽകിയാൽ മതിയെന്ന് അർത്ഥം. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചിലവില്‍ ഉണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ പൊതുവെ ഈടാക്കുന്നത്.
എന്നാൽ മേലെ പറഞ്ഞ 9 പൈസയുടെ കുറവിന് കാരണം റെഗുലേറ്ററി കമ്മീഷന്റെ സർചാർജ് ഒഴിവാക്കുന്നതിലൂടെയാണ്. സെപ്റ്റംബർ വരെയുള്ള കാലയളവിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അധികമായി ചിലവായ തുക ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച 9 പൈസ സർചാർജ് തീരുന്നതോടെയാണ് ഈ കുറവ്.
അതേസമയം, കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലെ വൈദ്യുതി വാങ്ങൽ ചെലവ് റെഗലുറ്ററി കമ്മീഷൻ അനുവദിച്ചതിനേക്കാൾ കൂടിയ തുക ആയോ എന്ന് പരിശോധിക്കാൻ ഒരുങ്ങുകയാണ് കെഎസ്ഇബി, അങ്ങനെ കൂടുതൽ ആണെങ്കിൽ അതിന് അനുസരിച്ചുള്ള സർചാർജ് ഈടാക്കാനായി വീണ്ടും അപേക്ഷിക്കാനാണ് ബോർഡിന്റെ തീരുമാനം.
അതിനിടെ വേനലിൽ വൈദ്യുതി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി ഇപ്പോഴേ നീക്കങ്ങൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വേനൽ കത്തിനിൽക്കുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽ വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന കാര്യം മുന്നിൽ കണ്ടാണ് ഈ നീക്കം.
അടിയന്തരമായി ആവശ്യമുള്ള വൈദ്യുതി ഹ്രസ്വകാല കരാർ മുഖേന വാങ്ങൽ, തിരിച്ചുകൊടുക്കാമെന്ന വ്യസ്ഥയിൽ വൈദ്യുതി വാങ്ങൽ തുടങ്ങി വിവിധ പദ്ധതികൾ ബോർഡിന്റെ പരിഗണനയിലാണ്, പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങലിന് പുറമേ ആഭ്യന്തര തലത്തിലുള്ള ഉത്പാദനം കൂട്ടുന്നതും അവരുടെ പരിഗണനയിലുണ്ട്.












Click it and Unblock the Notifications