കൊച്ചിക്കാർക്ക് ഇരുട്ടടി, കെഎസ്ആർടിസി ബസ് ടെർമിനൽ നവീകരണം വെട്ടിച്ചുരുക്കി; കാരണം ഫണ്ട് അഭാവം!
കൊച്ചി: ഏറെക്കാലമായി നഗരത്തിലെ യാത്രക്കാർ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയുടെ കാര്യത്തിൽ അത്ര ശുഭകരമല്ലാത്ത വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കടുത്ത ഫണ്ട് പ്രതിസന്ധിയെ തുടർന്ന് എറണാകുളത്തെ കെഎസ്ആർടിസി ബസ് ടെർമിനൽ പദ്ധതിയുടെ വ്യാപ്‌തി രൂപകൽപ്പന പരിഷ്‌കരിക്കുകയും നവീകരണം വെട്ടിച്ചുരുക്കുകയും ചെയ്യുകയാണ്.
നേരത്തെ പദ്ധതിയുടെ ചിലവായി കണക്കാക്കിയിരുന്നത് 27 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 13 കോടി രൂപയായി കുറച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, രൂപകൽപ്പനയിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് അധികൃതർ. പുതിയ നിർദ്ദേശം അനുസരിച്ച്, 33 ബസ് ബേകൾ എന്നത് 22 ആയി കുറച്ചു. കൂടാതെ, ഭരണനിർവ്വഹണ ഓഫീസുകളും മറ്റ് സൗകര്യങ്ങളും ഉൾക്കൊള്ളാൻ രണ്ട് നിലകളുള്ള കെട്ടിടം നിർമ്മിക്കാനുള്ള ആദ്യ പദ്ധതി ഉപേക്ഷിച്ച്, ഒറ്റ നിലയുള്ള കെട്ടിടം മാത്രമാണ് നിർമ്മിക്കുക.

പുതിയ കെട്ടിടത്തിന് 13 കോടി രൂപ നൽകാമെന്ന് ധനമന്ത്രി സമ്മതിച്ചതിനെ തുടർന്ന്, രൂപകൽപ്പന പുനഃപരിശോധിച്ച് ചെലവ് കുറയ്ക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടുവെന്നാണ് സ്ഥലം എംഎൽഎ ടിജെ വിനോദ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ടെർമിനൽ നിർമ്മാണച്ചുമതലയുള്ള പിഡബ്ല്യുഡി ബിൽഡിംഗ്‌സ് വിഭാഗം, പുതുക്കിയ രൂപകൽപ്പനയും എസ്‌റ്റിമേറ്റും സർക്കാർ അംഗീകാരത്തിനായി ഉടൻ സമർപ്പിക്കുമെന്നാണ് വിവരം. സാമ്പത്തിക ബുദ്ധിമുട്ടുമൂലം പദ്ധതിച്ചെലവ് വെട്ടിക്കുറച്ചു എന്നാണ് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ഇത് ബസ് ടെർമിനലിൽ ഏർപ്പെടുത്തുന്ന സൗകര്യങ്ങളെ അപ്പാടെ ബാധിക്കുകയാണ് ചെയ്യുന്നത്.
നിലവിലെ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് വർഷങ്ങളായി മോശം അവസ്ഥയിലാണ്. വൃത്തിഹീനമായ ശുചിമുറികൾ, യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യമില്ലായ്‌മ തുടങ്ങിയവ വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കഴിഞ്ഞ വർഷം ഗതാഗത മന്ത്രി തന്നെ സ്ഥലം സന്ദർശിച്ച് മാറ്റങ്ങൾ നടപ്പിലാക്കുമെന്ന് അറിയിച്ചതാണ്. എന്നാൽ ഇപ്പോഴിതാ ഫണ്ടിന്റെ പേര് പറഞ്ഞ് നവീകരണം ചുരുക്കുകയാണ്.
1968 നവംബർ 1-ന് കേരളപ്പിറവി ദിനത്തിലാണ് എറണാകുളം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് രാജ്യത്തെ ഏറ്റവും വലിയ ബസ് സ്‌റ്റാൻഡായി പ്രഖ്യാപിക്കപ്പെട്ട് പ്രവർത്തനം തുടങ്ങിയത്. 57 വർഷങ്ങൾക്ക് ഇപ്പുറവും കാര്യമായ വികസനം ഒന്നുമില്ലാതെ നിലനിൽകുകയായിരുന്നു ഇവിടം. തുടർന്നാണ് യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം കണക്കിലെടുത്തും പഴയ ബസ് ടെർമിനലിന്റെ ശോചനീയാവസ്ഥ കണ്ടും നവീകരണത്തിന് പദ്ധതി ഇട്ടത്.
നിലവിലുള്ള കെഎസ്ആർടിസി ടെർമിനൽ ഏത് നിമിഷവും തകർന്നുവീഴാവുന്ന സാഹചര്യത്തിലാണ് ഉള്ളത്. വൃത്തിഹീനമായ ശുചിമുറികളും വിശ്രമ സൗകര്യങ്ങളുടെ അഭാവവും യാത്രക്കാർക്ക് വലിയ രീതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും നിരന്തരം പരാതികൾ ഉയരുകയും ചെയ്യുന്നുണ്ട്. മാത്രമല്ല മഴ പെയ്യുമ്പോൾ ബസ് ടെർമിനൽ പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് യാത്രക്കാർ നേരിടുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നാണ്.












Click it and Unblock the Notifications