മല്ലപ്പള്ളി പ്രസംഗം; മന്ത്രി സജി ചെറിയാന് തിരിച്ചടി, ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പോലീസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച അന്തിമ റിപ്പോർട്ട് കോടതി തള്ളി. അന്വേഷണത്തിലെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.
സജി ചെറിയനെതിരായ കുറ്റം നിലനിൽക്കില്ലെന്നായിരുന്നു പോലീസ് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഈ റിപ്പോർട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയോട് ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

കേസ് പോലീസ് അന്വേഷണത്തിലെ പിഴാവുകൾ ഓരോന്നായി കോടതി എടുത്ത് പറഞ്ഞിരുന്നു. കൃത്യമായ തെളിവുകൾ ശേഖരിക്കുകയോ മൊഴികളെടുക്കുകയോ അന്വേഷണ ഉദ്യോഗസ്ഥൻ ചെയ്‌തിട്ടില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.
മന്ത്രിയെ രക്ഷിച്ചെടുക്കാൻ വേണ്ടിയാണ് അന്വേഷണം നടത്തിയതെന്നും കോടതി പറയുന്നു. പെൻഡ്രൈവ് അടക്കമുള്ളവയുടെ ഫോറൻസിക് പരിശോധനാ ഫലങ്ങൾ വരും മുൻപ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പിഴവുകൾ കണക്കിലെടുത്താണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഭരണഘടനയെ അവഹേളിച്ചെന്ന ആരോപണത്തിന് പിന്നാലെ കേസെടുത്തതോടെ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ പോലീസ് അന്വേഷണ റിപ്പോർട്ട് പരിഗണിച്ച കീഴ്‌ക്കോടതി കേസ് എഴുതി തള്ളിയതോടെ അദ്ദേഹം വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരികയായിരുന്നു. എന്നാൽ ഹൈക്കോടതി ഇടപെടൽ സജി ചെറിയാന് തിരിച്ചടിയാവും.
പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് വിവാദമായ പ്രസംഗം നടന്നത്. ഭരണഘടനയെ വിമർശിക്കുന്ന തരത്തിലുള്ള പ്രസംഗം വലിയ പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സജി ചെറിയനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ കേസെടുക്കുകയും ചെയ്‌തിരുന്നു.
'ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ തയ്യറാക്കി. മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം' എന്നായിരുന്നു സജി ചെറിയാൻ പ്രസംഗത്തിൽ ആരോപിച്ചത്.












Click it and Unblock the Notifications